go

പോരാട്ടം മോദിയും മുഖമില്ലാത്ത കൂട്ടായ്മ തമ്മിൽ : അമിത് ഷാ

NewDelhi News
കയ്യിലുണ്ട്, താമരമന്ത്രം: ന്യൂഡൽഹിയിൽ ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ താമരപ്പൂവ് കയ്യിലേന്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി സമീപം. ചിത്രം: എപി
SHARE

ന്യൂഡൽഹി ∙ ഒരു വശത്തു ലോകത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. മറുവശത്തു പരസ്പരം കണ്ടുകൂടാത്തവരുടെ മുഖമില്ലാത്ത കൂട്ടായ്മ – 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ വിശേഷിപ്പി‌ച്ചതിങ്ങനെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ്, മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയ പാർട്ടി അധ്യക്ഷൻ ബിജെപി ദേശീയ കൗൺസിലിൽ പ്രകടിപ്പിച്ചത്.

മുന്നാക്ക സംവരണം

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാനുള്ള നീക്കം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള ഈ ആവശ്യം യാഥാർഥ്യമാക്കാൻ മുൻ സർക്കാരുകൾക്കു കഴിഞ്ഞില്ല. അടുത്ത തിരഞ്ഞെടുപ്പിലും 2014 ലെ ഉജ്വല വിജയം ആവർത്തിക്കും.

വളരെ നിർണായകമാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്കു വിജയം അനിവാര്യമാണ്. മറാഠികൾ 131 യുദ്ധം ജയിച്ച ശേഷമാണ് ഒരു യുദ്ധം തോറ്റത്. അതോടെ അവർ നീണ്ട കാലം അടിമകളായി. തുടർച്ചയായ വിജയത്തിനു ശേഷം അശ്രദ്ധയുടെ പേരിൽ ബിജെപി തോൽക്കരുത്.

ജനക്ഷേമ പദ്ധതികൾ

മോദി സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ആരോഗ്യപദ്ധതിയുടെ പ്രയോജനം 50 കോടി ജനങ്ങൾക്കു ലഭിക്കുന്നു. 2014 വരെ 60 കോടി ജനങ്ങൾക്കു ബാങ്ക് അ‌ക്കൗണ്ട് പോലുമില്ലായിരുന്നു. നാലര വർഷം കൊണ്ട് അവർക്ക് അക്കൗണ്ടുകളായി, ശുചിമുറികളായി. 2022 നകം രാജ്യത്തെ എ‌ല്ലാവർ‌ക്കും വീടു ലഭിക്കും.

റഫാൽ പ്രശ്നം

റഫാൽ ഇടപാടിനെക്കുറിച്ചു രാഹുൽ ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ലോക്സഭയിൽ ചർച്ചയിൽനിന്നു ബിജെപി ഒളിച്ചോടുമെന്നു കരുതിയ കോൺഗ്രസിനു തെറ്റി. ഓരോ ആരോ‌പണത്തിന്റെയും മുനയൊടിക്കുന്ന മറുപടിയാണു സർക്കാർ അവർക്കു നൽകിയത്.

യുപിയിൽ കൂടുതൽ സീറ്റുകൾ

കഴിഞ്ഞ തവണ 71 സീറ്റുകൾ നേടിയ യുപിയിൽ ഇത്തവണ ഏതാനും സീറ്റുകൾ കൂടുതൽ നേടുമെന്ന് അമിത് ഷാ പ്രവചിച്ചു. ഒന്നിച്ചു നട‌‌ക്കാത്തവർ ഒത്തുചേരുന്നതു മോദി വിരോധം കൊണ്ടു മാത്രമാണ്. അതു യുപിയിൽ പരാജയപ്പെടും. എസ്പി– ബിഎസ്പി സഖ്യത്തിലേയ്ക്കു വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു.

ബിജെപിക്കും ഇത് ആശയങ്ങളുടെ സമരം

ന്യൂഡൽഹി ∙ വ്യത്യസ്ത ആശയസംഹിതകൾ തമ്മിലുള്ള പോരാട്ടമാണു നടക്കുന്നതെന്ന് അമിത് ഷാ നടത്തിയ പരാമർശം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇഷ്ടപ്രയോഗത്തെ ഓർമിപ്പിച്ചു. ബി‌ജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തെ ആശയങ്ങളുടെ പോരാട്ടമെന്നാണു രാഹുലും വിളിക്കുന്നത്.

കോൺഗ്രസ് സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാർട്ടിയാണെങ്കിൽ ബിജെപി വിദ്വേഷത്തിന്റെയും ക്രോധത്തിന്റെയും പാർട്ടിയാണെന്നായിരുന്നു കഴിഞ്ഞ എഐസിസി പ്ലിനറിയിൽ രാഹുലിന്റെ വാദം.ഇതേസമയം, ഒരു കള്ളനെയും വെറുതെ വിടാത്ത ചൗക്കിദാറാണു ‌രാ‌ജ്യം ഭരിക്കുന്നതെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama