go

ശ്രീജിക്ക് ‘നല്ല വിശേഷം’

del-cenima-sreeji-gopinath
SHARE

ന്യൂഡൽഹി ∙ വിദേശത്തു നിന്നു പഠനം പൂർത്തിയാക്കി മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും ശ്രീജി ഗോപിനാഥന്റെ സ്വപ്നത്തിൽ കലയും സിനിമയുമെല്ലാമായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഡൽഹി മലയാളികളുടെ കൂട്ടായ്മയിൽ പിറന്ന നല്ല വിശേഷം എന്ന സിനിമയിലൂടെ ശ്രീജി വെ‌ള്ളിത്തിരയിലെത്തുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ജയ് നഗർ സ്വദേശി ശ്രീജി ഗോപിനാഥ് സിഇടിയിൽ നിന്നാണ് എൻജിനീയറിങ് ബിരുദം നേടിയത്. ഐഎസ്ആർഒയിൽ ഉൾപ്പെടെ ഏതാനും വർഷം ജോലി ചെയ്ത ശേഷം യുകെയിൽ ഉപരിപഠനം. തുടർന്നു 12 വർഷം പി ആൻഡ് ജി എന്ന കമ്പനിയിൽ ന്യൂകാസിലിൽ. 2010ലാണ് ഇന്ത്യയിൽ മടങ്ങിയെത്തിത്; ഫിലിപ്സിന്റെ ഇന്ത്യ ഉപഭൂഖണ്ഡം ടെക്നോളജി ഡയറക്ടർ പദവിയിൽ.

2015 ൽ ആർബി എന്ന കമ്പനിയുടെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ടെക്നോളജി ഹെഡ് പദവിയിൽ. ഏറെ തിരക്കുള്ള ഔദ്യോഗിക ജോലികൾക്കിടയിലും സിനിമ ഒരു സ്വപ്നമായി ശ്രീജി കൊണ്ടുനടന്നു. സ്കൂൾ പഠനകാലത്തു ഭരതനാട്യം പരിശീലിച്ചിരുന്ന ശ്രീജി ഉൾപ്പെടുന്ന സംഘമാണു സ്പിക്മാക്കെയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ഇംഗ്ലണ്ടിലെ പ്രവർത്തനകാലത്തു ശ്രുതി എന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാടകരംഗത്തും സജീവമായിരുന്നു. ഡൽഹിയിലെത്തിയ സമയത്താണു സുഹൃത്ത് ജോസഫ് സിബി വഴി കാപ്പുചിനോ എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചത്.

പിന്നാലെ നല്ല വിശേഷമെന്ന സിനിമയിലും ഭാഗമായി. ആദ്യം ചിത്രത്തിന്റെ നിർമാണ പങ്കാളിയാകാനാണ് പദ്ധതിയിട്ടതെങ്കിലും സംവിധായകൻ അജിതന്റെ നിർബന്ധമാണു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കരണമെന്നു ശ്രീജിയുടെ വാക്കുകൾ. പാലക്കാട് കേന്ദ്രമായി ഗ്രാമീണ ജീവിതവും പ്രശ്നങ്ങളും വിവരിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ബിജു സോപാനം വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ അപർണാ നായരും അനീഷ സീനുവുമാണു നായികമാർ. ഇന്ദ്രൻസ്, കലാമണ്ഡലം നാരായണൻകുട്ടി, ചെമ്പിൽ അശോകൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ഡൽഹി മലയാളികളായ ഒട്ടേറെപ്പേർ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വെബ് സീരിസും, സിനിമയുമെല്ലാമായി അഭിനയ ജീവിതം കൂടുതൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് ശ്രീജി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama