go

പൂരത്തിനൊരുങ്ങി മഹാ നഗരം

pooram
SHARE

ന്യൂഡൽഹി ∙ കാഴ്ചയുടെ വർണക്കുട വിടർത്താനൊരുങ്ങി ഡൽഹി പൂരം. 16,17 തീയതികളിൽ ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിലും സമീപത്തെ മുഖർജി സ്കൂളിലുമായി ഡൽഹി പൂരവും മറ്റു പരിപാടികളും വിരുന്നൊരുക്കും. പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇതു മൂന്നാം തവണയാണു ഡൽഹി പൂരം ഒരുക്കുന്നത്. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പുകളും ഇവർക്കൊപ്പം കുട പിടിക്കുന്നു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെയർമാനായ കമ്മിറ്റിക്കാണു പൂരത്തിന്റെ ചുമതല. അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ നടൻ ജയറാം മേളപ്രമാണിയായി ഒപ്പം ചേരും. 16നു ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ കേളിയോടെയാണു വിഭവസമൃദ്ധമായ പൂര വിരുന്ന് ആരംഭിക്കുന്നത്. തുടർന്നു കൊടിയേറ്റം, കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്ത് എന്നിവ അരങ്ങേറും.

ഉച്ചകഴിഞ്ഞു തൃശൂർ പൂരത്തിന്റെ മാതൃകയിൽ പൂരച്ചമയം, പഞ്ചവാദ്യ ട്രസ്റ്റിലെ വനിതാമേളക്കാരുടെ അരങ്ങേറ്റം, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം എന്നിവ നടക്കും. കലാമണ്ഡലം അഭിഷേക് മാരാർ ഒരുക്കുന്ന ‘കൃഷ്ണായനം’ നൃത്തവാദ്യസംഗീത സമന്വയവും നടക്കും. 17നാണു ഡൽഹി പൂരം. ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ഒന്നിനു മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ഇരട്ട തായമ്പകയോടെ പരിപാടികൾക്കു തുടക്കമാകും. 2.30നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്ഘാടനം നിർവഹിക്കും. 3നു ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ നിന്നു മുഖർജി സ്കൂളിലേക്കു ഘോഷയാത്ര. ആനകൾ, താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, കരകം, പമ്പമേളം, ദീപക്കാഴ്ച എന്നിവയെല്ലാം അകമ്പടിയേകും.

ഘോഷയാത്ര പൂര നഗരിയിൽ എത്തിയാലുടൻ കുടമാറ്റം. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ജയറാം ഉൾപ്പെടെയുള്ളവർ മുഖ്യാതിഥികളാകും. മദ്ദള വിദഗ്ധൻ ചെർപ്പുളശേരി ശിവൻ, തിമില പ്രമാണി അന്നമനട പരമേശ്വര മാരാർ, ഇടയ്ക്ക വിദ്വാൻ തിച്ചൂർ മോഹൻ, കൊമ്പുപറ്റിലെ ആശാനായ ചെങ്ങമനാട് അപ്പുനായർ, ഇലത്താള വിദഗ്ധൻ പല്ലാവൂർ രാഘവ പിഷാരടി എന്നിവരെ ആദരിക്കും. ഈ അഞ്ചു മേളപ്രമാണിമാരും ഒത്തുചേരുന്ന പഞ്ചരത്നാമൃതം എന്ന പഞ്ചവാദ്യമേളവും അരങ്ങേറും.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama