go

മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും അക്രമണം; നെഞ്ചു വിരിച്ച് കേജ്‍രിവാള്‍

kejriwal
(1) മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് എതിരായ അക്രമത്തിന് പിന്നാലെ എഎപിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം. അക്രമത്തിന് പകരം പ്രവർത്തനത്തിലൂടെ കാണിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. (2)മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ജനക്കൂട്ടത്തിന്റെ അക്രമവുമായി ബന്ധപ്പെട്ട് എഎപി ട്വിറ്ററിൽ പോസ്റ്റു ചെയ്ത വിഡിയോയിലെ ദൃശ്യങ്ങൾ
SHARE

ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു നേരെ വീണ്ടും  ആക്രമണം. ഔട്ടർ ഡൽഹിയിലെ നരേലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെത്തിയ കേജ്‍രിവാളിന്റെ വാഹനം നൂറോളം പേരുടെ സംഘം തടഞ്ഞു. വടിയും മറ്റും ഉപയോഗിച്ചു കാർ തല്ലിത്തകർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. കാറിന്റെ റിയർവ്യൂ മിറർ തകർന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണു സംഭവം. നരേലയിൽ 25 അനധികൃത കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്‍രിവാളെത്തിയത്. ബിജെപി പതാകയും കറുത്ത കൊടിയും വഹിച്ചെത്തിയ സംഘം ഇതിനിടെ വാഹനം തടയുകയായിരുന്നു.

കാർ മുന്നോട്ടു കൊണ്ടുപോകാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും കൂടുതൽ പേർ കൂട്ടമായെത്തി. ചിലർ  വടികൊണ്ട് കാറിനു നേരെ അടിച്ചു. കൂടുതൽ കയ്യേറ്റമുണ്ടാകുന്നതിനു മുൻപു പൊലീസ് സംഘമെത്തി ഇവരെ നീക്കുകയായിരുന്നു.സംഭവത്തിനു പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി എഎപി നേതൃത്വം രംഗത്തെത്തി. മുഖ്യമന്ത്രിക്കു നേരെ പല കയ്യേറ്റ സംഭവങ്ങളുണ്ടായിട്ടും ഡൽഹി പൊലീസ് വേണ്ട സുരക്ഷ ഒരുക്കുന്നില്ലെന്നും കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും എഎപി ആരോപിച്ചു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട എഎപി നേതൃത്വം എന്തുകൊണ്ടാണു  ഡൽഹി പൊലീസ് ഈ ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെക്രട്ടേറിയറ്റിൽ  കേജ്‍രിവാളിനു നേരെ മുളകുപൊടി ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ മകൾ ഹർഷിതയെ തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തി ഇ–മെയിൽ സന്ദേശം ലഭിച്ചിരുന്നു.

കയ്യേറ്റക്കാരുടെ സ്ഥിരം ‘ഇര’   2013 നവംബർ:

തിരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള ധനസമാഹരണം സംബന്ധിച്ച് അണ്ണാ ഹസാരെ ഉന്നയിച്ച സംശയങ്ങൾക്കു മറുപടി പറയുന്നതിനു കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വിളിച്ച വാർത്താ സമ്മേളനത്തിനിടയിൽ ബിജെപി പ്രവർത്തകനെന്ന് അവകാശപ്പെട്ട നചികേത വഗേൽക്കർ കേജ്‌രിവാളിന്റെ മുഖത്തു കറുത്ത ചായം ഒഴിച്ചു.

2014: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ പല തവണ അക്രമമുണ്ടായി. അണ്ണാ ഹസാരെയുടെ അനുയായിയെന്ന് അവകാശപ്പെട്ടെത്തിയ ആൾ  ഹരിയാനയിൽ കയ്യേറ്റം ചെയ്തു. വാരാണസിയിൽ ചില പ്രതിഷേധക്കാർ കേജ്‌രിവാളിനു നേർക്കു മഷി ഒഴിച്ചിരുന്നു. ദക്ഷിൺപുരിയിൽ പ്രചാരണം നടത്തുന്നതിനിടെ പത്തൊൻപതുകാരൻ കേജ്‌രിവാളിനെ ആക്രമിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടു ദിനത്തിൽ റോഡ് ഷോയ്‌ക്കിടെ കേജ്‌‌രിവാളിനു മുഖത്തടിയേറ്റു.  

2016 ജനുവരി :
പൊതുവേദിയിൽ ഭാവ്‌ന അറോറ  എന്ന യുവതി മഷിയെറിഞ്ഞു.

2016 ഒക്ടോബർ: ബിക്കാനീറിൽ  കേജ്‌രിവാളിനു നേരെ മഷിയെറിഞ്ഞ രണ്ട് എബിവിപിക്കാരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യം പാക്ക് ഭീകരർക്കു തിരിച്ചടി നൽകിയതിനു തെളിവുണ്ടോയെന്നു കേജ്‌രിവാൾ ചോദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മഷിയേറ്.

2018 നവംബർ 20: ഡൽഹി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്തുവച്ച് അനിൽകുമാർ എന്നയാൾ മുളകുപൊടി ഉപയോഗിച്ച് കേജ്‍രിവാളിനെ അക്രമിച്ചു. വിവിധ യോഗങ്ങളിൽ പങ്കെടുത്ത ശേഷം 2.30നു വീട്ടിലേക്കു പോകാൻ തയാറെടുക്കുമ്പോഴാണു സംഭവം.കേജ്‍രിവാളിനെ പേരെടുത്തു വിളിച്ചാണ് ഇയാൾ അടുത്തെത്തി  പോക്കറ്റിൽ നിന്നു മുളകുപൊടിയെടുത്തു മുഖത്തേക്ക് എറി‍‍‍ഞ്ഞത്. ഇതിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കേജ്‍രിവാളിന്റെ കണ്ണട നിലത്തു വീണുടഞ്ഞു.

വിഐപി അകേണ്ട, ‘സെഡ്’ വേണ്ട

ജീവനു നേരെ പല തവണ ഭീഷണി നേരിട്ടിട്ടുണ്ടെങ്കിലും സെഡ് പ്ലസ് സുരക്ഷ അരവിന്ദ് കേ‍ജ്‍രിവാൾ ഇതു വരെ സ്വീകരിച്ചിട്ടില്ല. പല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ‘സെഡ്’ പ്ലസ് സുരക്ഷ ഒരുക്കാൻ നിർദേശിച്ചിരുന്നെങ്കിലും സാധാരണക്കാരനുമായി സംവദിക്കുന്നതിന് ഇതു തടസ്സമാകുമെന്നു ചൂണ്ടിക്കാട്ടിയാണു കേജ‌്‌രിവാൾ നിർദേശം തള്ളിയത്. ഡൽഹി പൊലീസിലെ 20–25 പേർ ഉൾപ്പെടുന്ന സംഘമാണു കേജ്‍രിവാളിന്റെ സുരക്ഷാ ചുമതല നിർവഹിക്കുന്നത്.

വലിയ യോഗങ്ങളും മറ്റും നടക്കുമ്പോൾ മാത്രമാണ് ഇത്രയേറെ പൊലീസുകാർ സുരക്ഷയ്ക്കുണ്ടാകുക. അല്ലാത്ത ഘട്ടങ്ങളിൽ ഒന്നോ രണ്ടോ പൊലീസ് അകമ്പടി വാഹനം മാത്രമാണു കേജ്‍രിവാളിനുള്ളത്. അതേസമയം, കേ‍ജ്‍രിവാളിനു നേരെയുള്ള കയ്യേറ്റ ശ്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ സ്ഥലത്തുണ്ടാകാറുണ്ട്. നേരിട്ടുള്ള സുരക്ഷയല്ലെങ്കിലും രംഗം ഇവരുടെ നിരീക്ഷണത്തിലാണ്; പ്രശ്നം കണ്ടാൽ ചാടി വീഴും.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama