go

‘രക്ത’ ബന്ധങ്ങൾ

crime1
SHARE

 ബന്ധങ്ങളിൽ ചോരയുടെ ചുവപ്പു പടരുന്നത് നഗരത്തിൽ ഇപ്പോൾ പതിവു കാഴ്ചയാകുന്നുവോ? ചില കൊലപാതകങ്ങൾ സംശയത്തിന്റെ പേരിൽ, മറ്റ് ചിലത് ബന്ധങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ. മിത്രങ്ങൾ ശത്രുക്കളായി പ്രതികാരത്തിന് സുഹൃത്തിന്റെ ജീവനെടുക്കുന്നതും പതിവാകുന്നുവോ? ഡൽഹി പൊലീസ് ഡയറിയിൽ ഇന്നലെ രേഖപ്പെടുത്തിയ കേസുകളിലൂടെ...

പെൺകുട്ടിയുമായുള്ള ബന്ധത്തിൽ തർക്കം: കൗമാരക്കാരൻ കൊല്ലപ്പെട്ടു

∙ കൊലയാളികൾ പ്രായപൂർത്തിയാകാത്തവർ ന്യൂഡൽഹി∙ പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സെൻട്രൽ ഡൽഹിയിൽ 14 വയസുകാരൻ കുത്തേറ്റു മരിച്ചു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളുടെ പരിചയക്കാരിയായ പെൺകുട്ടിയുമായി അടുപ്പംപുലർത്തിയതാണു കാരണമെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപം നിൽക്കുകയായിരുന്ന 14 വയസുകാരനെ നാലംഗ സംഘം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് മാറ്റിനിർത്തിയ ശേഷം തുരുതുരെ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളിൽ ബാക്കിയുള്ള ഒരാൾക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.

ഭാര്യയെ കൊലപ്പെടുത്തിയ രണ്ടാം ഭർത്താവ് പിടിയിൽ

വിവാഹേതര ബന്ധം സംശയിച്ചു ഭാര്യയെ കൊലപ്പെടുത്തിയ രണ്ടാം ഭർത്താവ് അറസ്റ്റിൽ. ലജ്പത് നഗറിലെ വനപ്രദേശത്തു ജീർണിച്ച നിലയിൽ ഗീതാ ദേവിയുടെ മൃതദേഹം കണ്ടത്തിയത് മൂന്നാഴ്ച മുൻപാണ്. അമ്മയെ കാണാനില്ലെന്നു പറഞ്ഞ് 15 വയസുകാരൻ പരാതി നൽകിയതോടെയാണു മൃതദേഹം തിരിച്ചറിഞ്ഞത്. വീട്ടുജോലിക്കാരിയായ അമ്മയും രണ്ടാനച്ഛനുമായി എന്നും വഴക്കായിരുന്നെന്നും കുട്ടി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഗീതാ ദേവിയുടെ രണ്ടാം ഭർത്താവ് സൈക്കിൾ റിക്ഷാക്കാരനായ സഞ്ജയ് കുമാർ (40) അറസ്റ്റിലായത്. ഭാര്യക്കു മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ലജ്പത് നഗറിലെ വനപ്രദേശത്തു വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി.

വ്യക്തി വിരോധം: യുവാവ് കൊല്ലപ്പെട്ടു

കൃഷിയിടത്തിൽ പണി ചെയ്യുന്നതിനിടെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു യുവാവ് കൊല്ലപ്പെട്ടു. ബവാന മേഖലയിലെ സുൽത്താൻപുർ ദബാസിൽ താമസിക്കുന്ന കരൺ ദബാസാണ് കൊല്ലപ്പെട്ടത്. വ്യക്തി വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. സഹായികൾക്കൊപ്പം ജോലി ചെയ്യുന്നതിനിടെ കൃഷി സ്ഥലത്തേക്ക് എത്തിയ കാറിൽ നിന്നാണ് വെടിയേറ്റത്. അഞ്ച് പ്രാവശ്യം നിറയൊഴിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

വഴിക്കച്ചവടക്കാരന്റെ മരണം: പൊലീസ് മർദനമെന്ന് ബന്ധുക്കൾ

മജിസ്ട്രേട്ട് തല അന്വേഷണമെന്ന് ഡിസിപി വഴിവാണിഭക്കാരൻ മരിച്ചതു പൊലീസ് മർദനം കാരണമെന്നു ബന്ധുക്കൾ. മംഗൾപുരിയിലെ വീരേന്ദർ (45) ആണു മരിച്ചത്. മകനും കാമുകിയുമായുള്ള തർക്കം പരിഹരിക്കാൻ വീരേന്ദറും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം രാത്രി രാജ്പാർക്ക് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയതിനു പിന്നാലെ വീരേന്ദർ മരിച്ചു. സ്റ്റേഷനുള്ളിൽ വച്ച് പൊലീസ് വീരേന്ദറിനെ ക്രൂരമായി മർദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. സംഭവത്തിൽ മജിസ്ട്രേട്ട് തല അന്വേഷണം നടത്തുമെന്നു ഡിസിപി സെജു കുരുവിള അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama