go

എഎപി എംഎൽഎമാരുടെയും കൗൺസിലർമാരുടെയും ‘വാതിൽപടി’ സേവനം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന ഉപവാസ സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ എത്തിയപ്പോൾ ചിത്രം: പിടിഐ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന ഉപവാസ സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ എത്തിയപ്പോൾ ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരായ പ്രചാരണത്തിനു മൂർച്ച കൂട്ടാൻ ആം ആദ്മി പാർട്ടി. നാളെ ജന്തർമന്തറിൽ എഎപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ മഹാ റാലിക്കു പിന്നാലെ 15നു ‘ എംഎൽഎയും കൗൺസിലറും നിങ്ങളുടെ വീട്ടുപടിക്കൽ’ എന്ന പ്രചാരണത്തിനു പാർട്ടി തുടക്കമിടും.എഎപിയുടെ എംഎൽഎമാരും മുനിസിപ്പൽ കൗൺസിലർമാരും വോട്ടർമാരെ വീടുകളിലെത്തി നേരിട്ടു കണ്ട് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.

മോദി സർക്കാരിനെ പുറത്താക്കുകയെന്ന മുദ്രാവാക്യമുയർത്തിയാണു പാർട്ടി എംഎൽഎമാരും കൗൺസിലർമാരും പ്രചാരണത്തിൽ പങ്കാളികളാവുകയെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും ഉന്നമിട്ടാണു എഎപിയുടെ പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുക. ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയിൽ ശക്തമായ സാന്നിധ്യമാവുകയാണു പാർട്ടി ലക്ഷ്യമിടുന്നത്.

മഹാറാലിയിൽ ആരൊക്കെ ?

എഎപിയുടെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ നടക്കുന്ന റാലി പ്രതിപക്ഷ കക്ഷികൾക്കിടയിൽ എഎപിയുടെ സ്വാധീനം വ്യക്തമാക്കുന്നതാവും. ഏതൊക്കെ പാർട്ടികൾ പങ്കെടുക്കുമെന്നതുപോലെ പ്രധാനമാണ് ആരൊക്കെ വിട്ടുനിൽക്കുമെന്നതും..
കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയുടെ നിലപാടാണ് ഇക്കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എഎപി – കോൺഗ്രസ് സഖ്യ ചർച്ചകളെ കുറിച്ച് അനുകൂലമായും പ്രതികൂലമായും പ്രചാരണങ്ങൾ ശക്തമാണ്. മഹാ റാലിയിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുക്കുമോയെന്നതു പ്രധാനമാണ്. ചിലപ്പോൾ പ്രമുഖ നേതാക്കളെ കോൺഗ്രസ് പ്രതിനിധികളായി അയച്ചേക്കും.

എന്നാൽ, എഎപിയെ ശക്തമായി എതിർക്കുന്ന പ്രബല വിഭാഗം സംസ്ഥാന കോൺഗ്രസിലുണ്ടെന്നത് കൂടി കണക്കിലെടുത്തു വേണം ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി ഈയിടെ നടത്തിയ റാലിയിൽ പങ്കെടുത്ത കക്ഷികളെയെല്ലാം ഡൽഹി റാലിയിലേക്കും ക്ഷണിച്ചിട്ടുണ്ടെന്നാണ് എഎപി നേതാവ് ഗോപാൽ റായ് വ്യക്തമാക്കിയത്. എന്നാൽ കോൺഗ്രസുമായി നേരിട്ട് ഇക്കാര്യത്തിൽ ആശയവിനിമയം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആന്ധ്രയ്ക്കു പ്രത്യേക പദവിക്കു വേണ്ടി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡൽഹിയിൽ നടത്തിയ നിരാഹാര സമരത്തിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്തിരുന്നു. ബംഗാൾ റാലിയിൽ നിന്നും നായിഡുവിന്റെ നിരാഹാര സമരത്തിൽ നിന്നും വിട്ടുനിന്ന ഇടതുപക്ഷം കേജ്‍രിവാളിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിപക്ഷ റാലിയിൽ പങ്കെടുക്കുമോയെന്നതും പ്രധാനമാണ്.
നാളത്തെ മഹാറാലി വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെക്കുറിച്ച് ചില വ്യക്തമായ സൂചനകൾ നൽകുമെന്നു തന്നെയാണു കരുതപ്പെടുന്നത്.

‘ആം ആദ്മി പാർട്ടി കബിളിപ്പിക്കുന്നു’

ന്യൂഡൽഹി∙ പ്രതിപക്ഷ മഹാറാലിക്കു മുൻപ് എഎപിയെ കടന്നാക്രമിച്ച് ഡിപിസിസി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് എഎപി സർക്കാരെന്നു ഷീലാ ദീക്ഷിത് ആരോപിച്ചു. നാലു വർഷം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈദ്യുതി നിരക്ക് പകുതിയാക്കിയെന്ന് അവകാശപ്പെട്ടതു പോലെയുള്ള നുണയാണ് എഎപി പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ വൈദ്യുതി നിരക്കു വർധിക്കുകയാണു ചെയ്തത്. എന്നാൽ ഇതിനു കടകവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ച് സർക്കാർ പത്രങ്ങളിൽ പരസ്യം ചെയ്യുകയാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama