ന്യൂഡൽഹി ∙ വാരാണസിയിലേക്ക് അതിവേഗ യാത്രാ സൗകര്യമൊരുക്കി ‘വന്ദേ ഭാരത് എക്സ്പ്രസ്’ എന്ന ‘ട്രെയിൻ 18’ വെള്ളിയാഴ്ച മുതൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ട്രെയിൻ 18നു ഡൽഹി– വാരാണസി യാത്ര പൂർത്തിയാക്കാൻ 8 മണിക്കൂറെടുക്കും. കാൻപുർ, പ്രയാഗ്രാജ് (അലഹബാദ്) എന്നീ സ്റ്റോപ്പുകൾ മാത്രമാണുള്ളത്. രാവിലെ 6 നു ന്യൂഡൽഹി സ്റ്റേഷനിൽ നിന്നു യാത്ര പുറപ്പെടുന്ന ട്രെയിൻ 18, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ ഉച്ചയ്ക്കു രണ്ടിനെത്തും. 2.30 നു മടക്കയാത്ര. രാത്രി 10.30നു ഡൽഹിയിലെത്തും. 820 കിലോമീറ്ററുള്ള യാത്രയ്ക്കു നിലവിൽ 11.30 മണിക്കൂറാണു കുറഞ്ഞതു വേണ്ടത്.
വൈകിട്ട് 17.35 നു ന്യൂഡൽഹിയിൽ നിന്നു പുറപ്പെടുന്ന പൂർവ എക്സ്പ്രസ് പിറ്റേന്നു പുലർച്ചെ 05.05നാണു വാരാണസിയിലെത്തുന്നത്, 11.30 മണിക്കൂർ സഞ്ചാരം. രാവിലെ 9.25 നു ന്യൂഡൽഹിയിൽ നിന്നു പുറപ്പെടുന്ന രാജധാനി വാരാണസിയിലെത്തുന്നതു രാത്രി 10.15ന്, 12.50 മണിക്കൂർ സമയം.
നിരക്കും വേഗത്തിനൊപ്പം...
ചെയർകാർ ടിക്കറ്റിനു ഭക്ഷണം ഉൾപ്പെടെ വാരാണസി വരെ 1850 രൂപയാണു നിരക്ക്. എക്സിക്യൂട്ടീവ് ക്ലാസിൽ ഇതു 3520 രൂപയാണ്. മടക്കയാത്രയിൽ നിരക്കിൽ നേരിയ കുറവുണ്ട്. ചെയർകാറിനു 1795 രൂപയും എക്സിക്യൂട്ടീവ് ക്ലാസിനു 3470 രൂപയുമാണു ടിക്കറ്റ് നിരക്ക്. ശതാബ്ദി ടിക്കറ്റിനേക്കാൾ ഒന്നര മടങ്ങോളം അധികമാണു െചയർകാറിന്റെ നിരക്ക്.
ചായ, പ്രഭാത–ഉച്ച ഭക്ഷണങ്ങൾ എന്നിവയ്ക്കായി 399 രൂപയാണു എക്സിക്യൂട്ടീവ് ക്ലാസിൽ നൽകേണ്ടത്. ചെയർകാറിൽ ഇതു 344 രൂപയാണ്. കാൻപുർ വരെ യാത്ര ചെയ്യുന്നവർ ഭക്ഷണത്തിനു നൽകേണ്ടതു 155 രൂപ. 100 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ട്രെയിൻ 18ന്റെ സൗകര്യങ്ങളും ഇതിനൊത്തതാണ്. അതിനാൽ തന്നെ നിരക്കിലും വർധനയുണ്ടാകും. 16 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് എക്സിക്യൂട്ടീവ് കംപാർട്ടമെന്റാണുള്ളത്. ഇവിടെ 52 സീറ്റുകൾ വീതം. ബാക്കിയുള്ളതെല്ലാം ചെയർകാറുകൾ. ഇവിടെ 72 സീറ്റ് വീതവും.