കൊണ്ടാട്ടം നോൺ സ്റ്റോപ്

ചിത്രങ്ങൾ: ധനേഷ് അശോകൻ
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food

കൊണ്ടാട്ടം സർവ വ്യാപിയാണ്. അല്ലെങ്കിൽ നോക്കൂ, രാവിലെ ചായക്കൊപ്പം അരി കൊണ്ടാട്ടം വറുത്തതു കഴിക്കാം. ഉച്ചയ്ക്ക് ഊണിനൊപ്പവും വൈകിട്ട് അത്താഴത്തിനൊപ്പവും താമര വളയം മുതൽ മുളകു വരെ കൊണ്ടാട്ടമായി കറുമുറെ കൊറിക്കാം.
ഇങ്ങനെ പാലക്കാടിന്റെ തീൻമേശയിൽ എന്നും കൊണ്ടാട്ടത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്.

എത്ര ഇനം കൊണ്ടാട്ടമുണ്ടെന്ന് എണ്ണമെടുത്താൽ കുഴ​ഞ്ഞതു തന്നെ. ദീർഘകാലം സൂക്ഷിക്കാനുള്ള സൗകര്യവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണക്കിയെടുക്കുമ്പോഴുള്ള സ്വാദുമാണു കൊണ്ടാട്ടത്തിന്റെ ജനപ്രീതിക്കു കാരണം. സീസണിൽ മാത്രം ലഭ്യമാകുന്ന താമരത്തണ്ട്, മാങ്ങ തുടങ്ങിയവ കൊണ്ടാട്ടമായി രൂപമെടുക്കുന്നതോടെ ഇവ വർഷം മുഴുവൻ ഉപയോഗിക്കാനുള്ള വഴി തെളിയുന്നു.

കൊണ്ടാട്ടം പലവിധം

വടക്കന്തറയിലെ കൊണ്ടാട്ടനിർമാണ കേന്ദ്രം. വടക്കന്തറയിലെ കൊണ്ടാട്ടനിർമാണ കേന്ദ്രം.

താമരപ്പൂവിന്റെ കിഴങ്ങ് ചെറിയ വളയങ്ങളായി മുറിച്ച് ഉണക്കിയെടുത്താണു താമരവളയകൊണ്ടാട്ടം ഉണ്ടാക്കുക. ഉപ്പ്, കായം, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിച്ചതിനു ശേഷം അഞ്ചു ദിവസത്തോളം വെയിലത്ത് ഉണക്കിയെടുക്കും. എരിവു വേണ്ടവർക്കായി, വേവിക്കുമ്പോൾ മുളകുപൊടിയും ചേർക്കാം. പിന്നെ എണ്ണയിൽ വറുത്തെടുത്താൽ ഉഗ്രൻ താമരവളയ കൊണ്ടാട്ടം റെഡി.

വേനൽക്കാലത്തു മാത്രമേ താമരക്കിഴങ്ങു ലഭ്യമാകൂ എന്നതിനാലും ചേറും കറയും മാറ്റി ശുദ്ധമാക്കുന്നതു ശ്രമകരമായ ജോലിയായതിനാലും കൊണ്ടാട്ടമുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. വെണ്ടയ്ക്ക കൊണ്ടാട്ടം ഉണ്ടാക്കുമ്പോൾ വേവിക്കാതെ തിളച്ച വെള്ളത്തിൽ താമരവളയ കൊണ്ടാട്ടത്തിന്റെ ചേരുവകൾ  ചേർത്ത് ഇളക്കിയതിനു ശേഷം ഉണക്കണം. ചുണ്ടങ്ങ, മണത്തക്കാളി, മുളക് എന്നിവ കൊണ്ടുള്ള കൊണ്ടാട്ടത്തിന്റെ പ്രത്യേകത ഇവയെല്ലാം ഉണക്കുന്നതു തൈരു ചേർത്താണെന്നതാണ്. ഉപ്പും കായവും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചതിനു ശേഷം തൈരിൽ മുക്കി വയ്ക്കുന്നു.

പിന്നീട് തൈരിൽ നിന്നെടുത്തു വെയിലത്തു വയ്ക്കുന്നു. ഓരോ ദിവസവും വെയിലത്തു വച്ചതിനു ശേഷം വീണ്ടും ഇതേ തൈരിൽ മുക്കി വയ്ക്കണം ഇങ്ങനെ തൈര് തീരുന്നതുവരെ തുടരണം. പയർ, കയ്പക്ക, കൊത്തമര തുടങ്ങി പച്ചക്കറി ഇനത്തിലെ ഭൂരിഭാഗത്തെയും കൊണ്ടാട്ടമാക്കി മാറ്റാമെന്ന് നഗരസഭാ മുൻ കൗൺസിലറും വൈദ്യനാഥപുരം സ്വദേശിയുമായ സി.എൻ. ഉമ പറയുന്നു.

അരിചേർത്തുള്ള കൊണ്ടാട്ടങ്ങൾ

അരിപ്പപ്പടം,താമര വളയം,ചുണ്ടങ്ങ കൊണ്ടാട്ടം,ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം അരിപ്പപ്പടം,താമര വളയം,ചുണ്ടങ്ങ കൊണ്ടാട്ടം,ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം

ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം,  ചൗവരി കൊണ്ടാട്ടം, അരി കൊണ്ടാട്ടം, ഉള്ളിക്കൊണ്ടാട്ടം, അരിപ്പപ്പടം...അരിപ്പൊടി മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് അരിക്കൊണ്ടാട്ടം. പച്ചരി പൊടിച്ച് ഉണ്ടാക്കുന്ന അരിമാവ് വെള്ളം ചേർത്തു വേവിച്ചെടുക്കുന്നു. പിന്നീട് പ്രത്യേക അച്ച് ഉപയോഗിച്ച് പിഴിഞ്ഞെടുത്തതിനുശേഷം വെയിലത്ത് ഉണക്കിയെടുത്താണ് അരിക്കൊണ്ടാട്ടം നിർമിക്കുക.

വൃത്താകൃതിയിലുള്ള പ്രത്യേക തട്ടുകളിൽ അരിമാവ് പരത്തി വേവിച്ച് ഉണക്കിയെടുത്താൽ അരിപ്പപ്പടമായി. അൽപം എരിവ് ആവശ്യമുള്ളവർക്കായി മുളകുചേർത്തും അരിപ്പപ്പടം നിർമിക്കാമെന്ന് നൂറണി ഗ്രാമത്തിലെ ലക്ഷ്മി പറയുന്നു.

ഉള്ളി, ഉണ്ണിപ്പിണ്ടി(വാഴപ്പിണ്ടി) എന്നിവ കൊണ്ടുള്ള കൊണ്ടാട്ടം നിർമിക്കുന്നതിന് അരിമാവ് വേവിക്കുന്നതിനൊപ്പം മഞ്ഞളും ഉപ്പും ചേർത്ത് ഉണക്കിയെടുത്ത ഇവയുടെ ചെറു കഷണങ്ങൾ ചേർത്ത് ഇളക്കണം. ശേഷം പ്രത്യേക അച്ചിൽ പിഴിഞ്ഞെടുത്ത് ഉണക്കും.

മഴക്കാലത്തും കൊണ്ടാട്ടം

മഴക്കാലമായാൽ പാലക്കാട്ടെ കൊണ്ടാട്ടം നിർമാണം അവസാനിക്കും. ഉണക്കിയെടുക്കാൻ വെയിൽ ഇല്ലാത്തതു തന്നെ കാരണം. എന്നാൽ ഈ വെല്ലുവിളിയെ നേരിട്ട് യന്ത്രസഹായത്തോടെ കൊണ്ടാട്ടം നിർമിച്ച് വിപണിയിലെത്തിച്ചയാളാണ് വടക്കന്തറ സ്വദേശിയായ പി. ശിവകുമാർ. അരി പൊടിക്കുന്നതു മുതൽ കൊണ്ടാട്ടം ഉണക്കുന്നതു വരെ യന്ത്രസഹായത്തോടെയാണ്.

ഉണക്കുന്ന ഡ്രയറിലെ ട്രേയിലേക്ക് അരി പിഴിയുന്നതു ശിവകുമാറും ഭാര്യ സന്ധ്യയും ആറു തൊഴിലാളികളും ചേർന്ന്. ഈ ഘട്ടത്തിൽ മാത്രമാണു മനുഷ്യ സഹായം ആവശ്യമുള്ളൂ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവരുടെ ചെറിയ യൂണിറ്റിൽ ദിവസം 80 കിലോ വരെ ഉൽപാദനം നടക്കുന്നു. തമിഴ്നാട്ടിലേക്കും കേരളത്തിന്റെ പല ഭാഗത്തേയ്ക്കും പാലക്കാടിന്റെ പെരുമയുമായി ഇവരുടെ കൊണ്ടാട്ടം എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.