go

പൊട്ടിയ ടയർ, തകരാറിലായ ബ്രേക്ക്, ദ്രവിച്ച പ്ലാറ്റ്ഫോം; കണ്ണ് തള്ളിപ്പോകും ഈ ബസ് കണ്ടാൽ

PalakkadNews
പാലക്കാട് ആർടിഒ പിടികൂടിയ ബസിന്റെ പൊട്ടിയ ടയർ
SHARE

പാലക്കാട്∙ പൊട്ടിയ ടയറുമായി തോലനൂരിൽനിന്നു പാലക്കാട്ടെത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. റൂട്ടില്ലാതെയും ദിശ തെറ്റിച്ചും പാലക്കാട്ട് സർവീസ് നടത്തിയ മണ്ണാർക്കാട് റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്തു. 

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എ. താഹിറുദ്ദീനാണ് ഇരു ബസുകളും പിടികൂടിയത്. പ്രഭാത നടത്തത്തിനിടെയാണ് രാപ്പാടിക്കു സമീപം ടയർ പൊട്ടിയ ബസ് സർവീസ് നടത്തുന്നതു കണ്ടത്. ബസിന്റെ ബോഡി കീറി അരമീറ്ററോളം റോഡിലേക്കു തള്ളി നിന്നിരുന്നു. ഏതുസമയത്തും അപകടം പറ്റാവുന്ന തരത്തിലായിരുന്നു ഗതാഗതം നടത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർടിഒ ഓഫിസിലെത്തി താഹിറുദ്ദീൻ ഓഫിസ് വാഹനമെടുത്തു വാഹനത്തെ പിൻതുടർന്നു.

സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം ബസിനെ കണ്ടെത്തി. ബസിന്റെ വശങ്ങൾ തുരുമ്പിച്ചു നശിച്ച നിലയിലായിരുന്നു. പ്ലാറ്റ്ഫോം ദ്രവിച്ചു ഇളകി, കാര്യക്ഷമമല്ലാത്ത ബ്രേക്ക് സംവിധാനവും 2 എയർ ഹോണുകളും ഉദ്യോഗസ്ഥൻ കണ്ടെത്തി. പരിശോധനയ്ക്കു ശേഷം ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കേസെടുത്തു. നികുതി അടയ്ക്കാത്തതിനാൽ തൽസ്ഥലത്തുതന്നെ ബസ് ബന്തവസ്സിൽ സൂക്ഷിക്കാനും നികുതി അടച്ച ശേഷം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹിക്കാൻ വർക്ക് ഷോപ്പിലേക്കു മാറ്റാനും നിർദേശിച്ചു.

കർശന നടപടി സ്വീകരിക്കും

പാലക്കാട്∙ മുനിസിപ്പൽ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളുടെ മറവിൽ നഗരത്തിലെ സ്കൂളുകൾ, കോളജുകൾ എന്നിവ ഒഴിവാക്കി സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റുടമകൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ ടി.ഡി. വിനീഷ് പറഞ്ഞു. ഗവ.മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ ബസ് സ്റ്റോപ്പുകളിൽ കുട്ടികളെ കയറ്റാതെയും നിർത്താതെയും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങി. ബസുകൾ റൂട്ട് തെറ്റിച്ചു സർവീസ് നടത്തുന്നതും വിദ്യാർഥികളോടു മോശമായി പെരുമാറുന്ന കുറ്റങ്ങളും കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ വിന്യസിക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama