go

ലൈഫ് മിഷൻ: തുക നൽകിയില്ല; ഭവനനിർമാണം പ്രതിസന്ധിയിൽ

palakkad news
ലൈഫ് മിഷൻ പദ്ധതിയിൽ ഭവനനിർമാണം തുടങ്ങി പാതിവഴിയിൽ നിലച്ച വണ്ടാഴി പഞ്ചായത്തിലെ വീട്.
SHARE

വടക്കഞ്ചേരി∙ സര്‍ക്കാറിന്റെ ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയുടെ രണ്ടാംഘട്ട തുക നൽകാതായതോടെ ഭവനനിർമാണം പ്രതിസന്ധിയിൽ. ജില്ലയിൽ 10889 പേരാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അർഹരായിട്ടുള്ളത്. ഇതിൽ 586 പേർക്ക് മാത്രമാണ് രണ്ടാം ഗഡു കൊടുത്തിരിക്കുന്നത്. 2491 പേർക്ക് ഒന്നാംഗഡു പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 4 ലക്ഷം രൂപയാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമിക്കാൻ സർക്കാർ നൽകുക.

ആദ്യഗഡുവായി 40,000 രൂപയും രണ്ട്, മൂന്ന് ഗഡുക്കളായി 1.6 ലക്ഷം രൂപ വീതവും അവസാന ഗഡുവായി 40,000 രൂപയുമാണ് പദ്ധതി വഴി നൽകുക എന്നാണ് അറിയിച്ചിരുന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും പദ്ധതിക്കായി നിശ്ചിത ശതമാനം തുക നൽകണം. ഇതിന്റെ ഭാഗമായി ജില്ലയിലെ മിക്ക പഞ്ചായത്തുകളും 20 ശതമാനം പ്ലാൻ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നിന്നുള്ള തുകയും ഉപയോഗിച്ച് ആദ്യഗഡു വിതരണം നടത്തി. ഇതുകൊണ്ട് പണികൾ തുടങ്ങിയ വീട്ടുകാരാണ് വെട്ടിലായിരിക്കുന്നത്.

ഇത് സംബന്ധിച്ച് വണ്ടാഴി ഗ്രാമപ‍ഞ്ചായത്ത് അംഗം ആർ.സുരേഷിന്റെ നേതൃത്വത്തിൽ മന്ത്രി എ.സി.മൊയ്തീന് പരാതി നൽകി. ലൈഫ് മിഷൻ സിഇഒ എം.രവിശങ്കറിനും പരാതിയുടെ കോപ്പി കൈമാറി. ഉണ്ടായിരുന്ന വീട് പൊളിച്ച് മാറ്റി പണം കിട്ടുമെന്ന പ്രതീക്ഷയിൽ വീട് നിർമാണം തുടങ്ങിയവർ ബാക്കി പണി പൂർത്തിയാക്കാൻ കഴിയാതെ നട്ടംതിരിയുകയാണ്. കേരള നഗര–ഗ്രാമവികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് രണ്ടാം ഗഡു നൽകാനായിരുന്നു തീരുമാനം. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായാണ് ആദ്യഗ‍ഡു നൽകിയത്. നിശ്ചിത പണികൾ തീരുന്ന മുറയ്ക്ക് ഫോട്ടോ സഹിതം നിർമാണ പുരോഗതി കാണിച്ച് അപേക്ഷിച്ചാൽ അടുത്ത ഗഡു കൈപ്പറ്റാം എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ആറ് മാസം കൊണ്ട് പണി പൂർത്തികരിക്കണമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ പദ്ധതി അവതാളത്തിലായതോടെ നൂറുകണക്കിന് നിർധന കുടുംബങ്ങൾ ഭവനനിർമാണം പാതി വഴിയിൽ നിർത്തി സർക്കാറിന്റെ കനിവിനായി കാത്തിരിക്കുകയാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama