go

ഗുരുവന്ദനത്തിലൂടെ ഗുരുപരമ്പരയെ ആദരിക്കുന്നു: സ്വാമി ചിദാനന്ദപുരി

palakkad news
പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയുടെ ശതാഭിഷേക ആഘോഷത്തിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തുന്നു
SHARE

പാലക്കാട് ∙ സ്വന്തം ഗുരുവിനെ വന്ദിക്കുന്നതിലൂടെ അനാദിയായ ഗുരുപരമ്പരയെയാണ് ആദരിക്കുന്നതെന്നു കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയുടെ ശതാഭിഷേക ആഘോഷത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ളിന്റെ ഉള്ളിൽ നിന്നുൽഭവിക്കുന്ന വിനയത്തോടെ മഹാത്മാക്കളെ ആദരിച്ചാൽ മാത്രമേ ഉയർച്ച സാധ്യമാകൂ. അനുഭവ യാഥാർഥ്യം ഇന്നത്തെ തലമുറയ്ക്കു കൈമോശം വരുന്നതിന്റെ പ്രധാന കാരണം നാം തന്നെയാണ്.

ആദരിക്കാൻ പറയുകയല്ല, ആദരിച്ചു കാണിക്കുകയാണു വേണ്ടത്. എങ്കിൽ മാത്രമേ പിൻതലമുറ അതു കണ്ടു പഠിക്കൂ. ഒപ്പം സനാതന ധർമത്തിന്റെ മഹത്വം പകർന്നുവേണം വരും തലമുറയെ വളർത്താൻ. പരമമായ നിർവൃതിയിലേക്ക് ഉയരണമെങ്കിൽ ജ്ഞാനത്തിന്റെയും ധർമത്തിന്റെയും പ്രതിരൂപമായ മഹാപുരുഷൻമാരെ ഉപാസിക്കണം. അതിനായി നാം നമ്മുടെ തലത്തെ സ്വയം ഉയർത്തണം.

ഇത്തരത്തിൽ സ്വയം ഉയരാൻ ജപം, പൂജ തുടങ്ങിയ പ്രാഥമിക സാധനയിലൂടെ ശിഷ്യഭാവം വികസിപ്പിക്കണം. ശുദ്ധമായ വേദാന്ത ചിന്തയെ സാത്വിക ഭാവത്തോടും അതേ സമയം ശക്തമായും സമന്വയിപ്പിച്ചു ലോകത്തിനു സമർപ്പിക്കുന്ന ആധ്യാത്മ ഗുരുക്കളിൽ ശ്രേഷ്ഠനാണു സ്വാമി നിത്യാനന്ദ സരസ്വതിയെന്നും അദ്ദേഹം പറഞ്ഞു.

സന്യാസി സഭ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി സ്വരൂപാനന്ദ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തി. ആശ്രമത്തിൽ ഇന്നു രാവിലെ 10 നു വിവിധ മഠാധിപതികൾ പങ്കെടുക്കുന്ന യതിസംഗമവും സത്സംഗവും നടക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama