go

ആറുവരിപ്പാത തകർന്നു

പുതിയതായി നിർമിച്ച വടക്ക‍ഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയുടെ തകർന്ന ഭാഗങ്ങൾ.
പുതിയതായി നിർമിച്ച വടക്ക‍ഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയുടെ തകർന്ന ഭാഗങ്ങൾ.
SHARE

വടക്കഞ്ചേരി∙ ഒമ്പത് മാസമായി നിർമാണം മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത വീണ്ടും തകർന്നു. റീടാറിങ് നടത്തിയ സ്ഥലങ്ങളിൽ വീണ്ടും വൻകുഴികൾ രൂപപ്പെട്ടു. ജനകീയ പ്രതിഷേധം ശക്തമായതോടെ അടച്ച കുഴികളാണ് വീണ്ടും പൊളിഞ്ഞത്. കുതിരാനിൽ മാത്രം ചെറുതും വലുതുമായ അമ്പതോളം കുഴികൾ രൂപപ്പെട്ടു. കോടികൾ ചെലവഴിച്ച് റീടാറിങ് നടത്തി ഒരുമാസം കഴിഞ്ഞപ്പോഴാണ് ഈ അവസ്ഥ. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ റോഡിന്റെ പലഭാഗവും തകർന്നു.

ജനകീയസമരം ശക്തമായിട്ടും നിർമാണ കമ്പനിയായ കെഎംസി റോഡിലെ കുഴികൾ അടക്കുവാൻ താത്പര്യം കാണിച്ചിരുന്നില്ല. തുടർന്ന് റീടാറിങിന് പുതിയ കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയതോടെയാണ് നിർമാണ കമ്പനി കുഴിയടക്കാൻ തുടങ്ങിയത്.‌ ഇതോടെ നാലുമാസമായി ഉണ്ടായ കുതിരാൻ കുരുക്കിനും പരിഹാരമായി. എന്നാൽ വീണ്ടും കുഴികൾ രൂപപ്പെട്ടത് കുരുക്ക് മുറുക്കുമെന്ന് യാത്രക്കാർ ഭയപ്പെടുന്നു. റീടാറിങ് ഒരുനിലവാരവും ഇല്ലാത്തതാണെന്ന് റോഡിലെ പുതിയ കുഴികൾ വിളിച്ചുപറയുന്നു.

ശബരിമല സീസൺ ആരംഭിച്ചതോടെ വൻതോതിൽ വാഹനങ്ങൾ കുതിരാൻ വഴി കടന്നുപോകുന്നുണ്ട്. എന്നിട്ടും തുരങ്കനിർമാണം വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നിലവിൽ രൂപപ്പെട്ട കുഴികൾ ഉടൻ അടച്ചില്ലെങ്കിൽ വീണ്ടും കുതിരാൻ യാത്ര പേടിസ്വപ്നമാകും. ചിലയിടങ്ങളിൽ പുതിയ പാത താഴ്ന്നു പോയിട്ടുണ്ട്. റോഡിന്റ് പല ഭാഗത്തും നിരപ്പുവ്യത്യാസവും പ്രകടമാണ്.

മിക്കഭാഗത്തും വെള്ളച്ചാൽ ഇല്ലാത്തത് മൂലം പറമ്പുകളിലും പാതയോരത്തെ വീടുകളിലും വെള്ളം കയറി നാശമുണ്ടായി. ഇത് സംബന്ധിച്ച് ചുവട്ടുപാടത്തുള്ള നിർമാണ കമ്പനി ഓഫിസിലെത്തി നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പന്നിയങ്കര–വാണിയമ്പാറ സർവീസ് റോ‍ഡിന്റെ നിർമാണവും നീളുകയാണ്. ആറുവരിപ്പാത നിർമാണം തുടങ്ങിയശേഷം ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട പുതിയ പദ്ധതികളും തുടങ്ങിയിട്ടില്ല.

കൂലിയില്ല. തൊഴിലാളി സമരം ഒരുമാസം പിന്നിട്ടു

വടക്കഞ്ചേരി∙ കൂലി കിട്ടാതായതോടെ ആറുവരിപ്പാത നിർമാണ തൊഴിലാളികളും ഡ്രൈവർമാരും നടത്തുന്ന സമരം ഒരുമാസം പിന്നിട്ടു. കൂലി കിട്ടിയില്ലെങ്കിൽ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് തൊളിലാളികൾ പറഞ്ഞു.എട്ടുമാസമായി കൂലി കിട്ടാതായതോടെയാണ് ചുവട്ടുപാടത്ത് നിർമാണ കമ്പനിക്ക് മുമ്പിൽ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുള്ളത്.

ഇതര സംസ്ഥാന തൊഴിലാളികളായ നൂറ്റമ്പതോളം പേരും ഡ്രൈവർമാരുമാണ് സമരം നടത്തുന്നത്.കൂലി കിട്ടാത്തത് സംബന്ധിച്ച് ലേബർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ അന്വേഷണം ഒന്നും നടന്നിട്ടില്ല.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama