തൃത്താല ∙ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം സുശീലപ്പടി, കരിയന്നൂർ എന്നിവിടങ്ങളിൽ റയിൽവേ മേൽപ്പാലങ്ങൾ ഏറ്റെടുക്കാനുള്ള മുൻ പ്രഖ്യാപനത്തിൽ നിന്നു സർക്കാർ പിറകോട്ടു പോകരുതെന്ന് വി.ടി.ബൽറാം എംഎൽഎ ആവശ്യപ്പെട്ടു. ബൽറാം നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മന്ത്രി ജി.സുധാകരൻ രേഖാമൂലം നൽകിയ മറുപടിയിൽ പദ്ധതിയിൽ നിന്നു സർക്കാർ പിൻവാങ്ങുന്നതായാണ് സൂചന. കിഫ്ബിയിൽ ആവശ്യത്തിനു പണമില്ലാത്തതു കാരണം. ഇനി പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
2016-17ലെ ബജറ്റിൽ കരിയന്നൂർ റെയിൽവേ ഓവർബ്രിജ് പദ്ധതിക്കായി 10 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് കൂടുതൽ അനുയോജ്യമായ സ്ഥലം പള്ളിപ്പുറം സുശീലപ്പടിയിലാണെന്ന് ബോധ്യമായതിനേത്തുടർന്ന് പ്രധാന മേൽപ്പാലം സുശീലപ്പടിയിലും ചെറിയ മേൽപ്പാലം കരിയന്നൂരിലും ഒരുമിച്ച് ഏറ്റെടുക്കാൻ തീരുമാനിച്ചു.
റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ രണ്ടു മേൽപ്പാലങ്ങൾക്കും വേണ്ടി ഒരുമിച്ച് ഡിപിആർ തയ്യാറാക്കിയാണ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നത്. 2017 മേയിൽ വി ടി ബൽറാം എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടിയായി രണ്ടു മേൽപ്പാലവും ഒരുമിച്ച് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകിയിരുന്നു. പിന്നീട് രണ്ടു മേൽപ്പാലവും ഒരുമിച്ച് അനുവദിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് 2018 മേയിൽ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ ഇതിനു കാബിനറ്റിന്റെ അംഗീകാരം വേണമെന്ന് കിഫ്ബി നിർബന്ധം പിടിച്ച ഘട്ടത്തിലാണ് ധനവകുപ്പിന്റെ തടസ്സവാദങ്ങൾ ഉയർന്നിരിക്കുന്നത്.
കിഫ്ബിയുടെ തുടക്കത്തിൽത്തന്നെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിതെന്നും നേരത്തേത്തന്നെ ഡിപിആർ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ആയതിനാൽ സാങ്കേതികത്വങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞ് ഇപ്പോൾ നാടിന്റെ വികസനാവശ്യങ്ങൾ നിഷേധിക്കരുതെന്നും വി ടി ബൽറാം എംഎൽഎ പൊതുമരാമത്ത് മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു. ഇതിനോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയതായി വി.ടി.ബൽറാം എം എൽ എ അറിയിച്ചു.