go

തമിഴ്നാട് പ്ലാസ്റ്റിക്കിനോട് പറഞ്ഞു; കടക്ക് പുറത്ത്

Palakkad news
SHARE

പാലക്കാട് ∙ തമിഴ്നാട്ടിലേക്കു യാത്ര പോകുമ്പോൾ ജാഗ്രതൈ. പ്ലാസ്റ്റിക് കുപ്പിയോ കവറോ വലിച്ചെറിഞ്ഞാൽ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കിയാണു തമിഴ്നാട്ടിൽ ഹാപ്പി ന്യൂ ഇയർ.ഒറ്റത്തവണ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജനുവരി 1 മുതൽ തമിഴ്നാട് സർക്കാർ നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പരിശോധനയ്ക്കു പൊലീസ്, ആരോഗ്യം, റവന്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി 10,000 സ്ക്വാഡുകൾ രൂപീകരിച്ചു. ഊട്ടി, കൊടൈക്കനാൽ, വാൽപ്പാറ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ നിന്നു പിഴ ഇനത്തിൽ ലഭിച്ചത് 23 ലക്ഷം രൂപ.പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു പകരം മുള, താമരയില തുടങ്ങിയവ കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ വിളിച്ചിട്ടുണ്ട്. തുണി സഞ്ചി നിർമാണ യൂണിറ്റുകൾ തുടങ്ങാൻ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.  

നിരോധനം ഇങ്ങനെ

∙പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്ന ഷീറ്റ്, തീൻമേശയിൽ വിരിക്കുന്ന ഷീറ്റ്, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, ഗ്ലാസ്, കൊടി എന്നിവയ്ക്കാണു നിരോധനം.

∙അതിർത്തി ചെക്പോസ്റ്റുകളിലും വിനോദ സഞ്ചാരയിടങ്ങളിലും വാഹനങ്ങൾ പരിശോധിക്കും. പ്ലാസ്റ്റിക് കവറുകളുണ്ടെങ്കിൽ പിടിച്ചെടുക്കും.

∙ കുപ്പിവെള്ളം കൊണ്ടുപോകാം, പക്ഷേ അതുപോലെ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കിൽ അവിടെ സ്ഥാപിച്ച ചവറ്റുകുട്ടകളിൽ നിക്ഷേപിക്കണം.

കൈയിൽ പാത്രമുണ്ടെങ്കിൽ വിലയിൽ കുറവ്

ഹോട്ടലുകളിൽ ഭക്ഷണം വാങ്ങാനെത്തുന്നവർ പാത്രവും സഞ്ചിയും കൊണ്ടുവന്നാൽ ഭക്ഷണവിലയിൽ ഇളവുണ്ട്. ഹോട്ടൽ ഉടമകളുടെ സംഘടനകളാണു തീരുമാനമെടുത്തത്. ഭക്ഷണം പാഴ്സൽ നൽകുമ്പോൾ സ്റ്റീൽ പാത്രം ഉപയോഗിച്ചാൽ മതിയെന്നും തീരുമാനിച്ചു. ഹോട്ടലുകളിൽ നിന്നു പാഴ്സൽ നൽകുമ്പോൾ ചെറിയ തുക കരുതൽ പണമായി വാങ്ങും. പാത്രം എത്തിക്കുമ്പോൾ ആ പണം തിരികെ നൽകും.

വില കുറച്ച് സ്റ്റീൽ പാത്രവിപണി

ഹോട്ടലുകളിൽ നിന്നു പ്ലാസ്റ്റിക് ഒഴിവാക്കിയതോടെ സ്റ്റീൽ പാത്രങ്ങൾക്കു വില കുറച്ച് കച്ചവടക്കാർ. കുറഞ്ഞ നിരക്കിൽ ബൾക്കായി ഹോട്ടലുകൾക്കും നൽകുന്നുണ്ട്. 30 %രെ വില കുറച്ചാണ് വിൽപനയെന്നു കച്ചവടക്കാർ.

ഒരു രൂപ പായക്കറ്റ് വെള്ളം ഇനിയില്ല

തമിഴ്നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു രൂപ പായ്ക്കറ്റ് വെള്ളം നിരോധിച്ചു. മദ്യവിൽപനശാലയ്ക്കു സമീപത്താണ് ഇതിന്റെ വിൽപന ഏറെയും. വെള്ളം പേപ്പർ പെട്ടിയിലാക്കി വിപണിയിലിറക്കാനാണു ചെറുകിട കച്ചവടക്കാരുടെ തീരുമാനം.

ബേക്കറി തൊഴിൽ രംഗത്ത് പ്രതിസന്ധി

മധുര പലഹാരങ്ങൾക്കു പേരുകേട്ട തിരുപ്പൂർ ധാരാപുരത്തു ബേക്കറി ഉൽപന്ന നിർമാണ തൊഴിലാളികൾ പ്രതിസന്ധിയിൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു മധുര പലഹാരങ്ങളെത്തുന്നുണ്ട്. നാലായിരത്തോളം തൊഴിലാളികളാണു പ്രവർത്തിക്കുന്നത്. കേടുകൂടാതെ ഉൽപന്നങ്ങൾ എത്തിക്കാൻ പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിച്ചിരുന്നതത്രേ. പകരം സംവിധാനം ഒരുക്കണമെന്നാണു ആവശ്യം.

തുണി സഞ്ചിയിൽ വാൽപ്പാറ

പ്രകൃതി മനോഹരമായ വാൽപ്പാറയും പരിസ്ഥിതിയോട് ഇണങ്ങുന്നു. കടകളിലും ഹോട്ടലുകളിലും ഉൾപ്പെടെ തുണി സഞ്ചിയിലേക്കു മാറി. വാൽപ്പാറ നഗരസഭ സാനിറ്ററി ഇൻസ്പെക്റ്റർ തോമസിന്റെ നേതൃത്വത്തിൽ പരിശോധഥന കർശനമാക്കി. വിനോദ സ‍്ചാരികളുടെ വാഹനങ്ങളും ചെക്പോസ്റ്റിൽ പരിശോധിക്കുന്നുണ്ട്.

നശിപ്പിച്ചത് 1.20 ലക്ഷം കിലോ പ്ലാസ്റ്റിക്

സംസ്ഥാനത്ത് 1.20 ലക്ഷം കിലോ പ്ലാസ്റ്റിക് നശിപ്പിച്ചതായി സർക്കാർ അവകാശപ്പെടുന്നു. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ നശിപ്പിച്ചത്. 37,000 കിലോ. സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും പ്ലാസ്റ്റിക് നശിപ്പിക്കുന്നതിനുവേണ്ടി ശേഖരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് ഒഴിവാക്കി ഹോട്ടലിൽ നിന്നു പാത്രത്തിൽ പാഴ്സൽ വാങ്ങുന്നവരാണോ നിങ്ങൾ? പ്ലാസ്റ്റിക്കിനെ അകറ്റാൻ വേറെ എന്തൊക്കെ ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്? ചിത്രങ്ങൾ മനോരമയ്ക്ക് അയയ്ക്കാം. തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും.
വാട്സാപ് നമ്പർ: 7012667459

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama