go

അതിർത്തികളിൽ പണം കവരും ‘പൊലീസ്’; ഇരയായി ഒട്ടേറെപ്പേർ

attack
SHARE

അതിർത്തികളിൽ പൊലീസ് വേഷത്തിൽ കവർച്ചക്കാരെത്തുന്നത് ഒറിജിനൽ പൊലീസിന്റെ ഒത്താശയോടെ. പല കവർച്ചകൾക്കും തമിഴ്നാട് പൊലീസിൽ ചിലരുടെ സഹായം ലഭിക്കുന്നു എന്നാണ് ആരോപണം.കവർച്ചാ സംഘങ്ങൾക്കു പൊലീസ് ഇൻസ്പെക്ടർമാർ വരെ സഹായം ചെയ്ത സംഭവങ്ങളുണ്ടായി. ഹവാല പണമിടപാടു മേഖലയിൽ കുപ്രസിദ്ധി നേടിയ വമ്പൻമാരുമായുള്ള സൗഹൃദമാണു ഇവരുടെ വരുമാനം.

പണം കവർന്ന പൊലീസ്

മലപ്പുറത്തെ സ്വർണ വ്യാപാരിയുടെ കാറും 3.9 കോടി രൂപയും തട്ടിക്കൊണ്ടു പോയ കേസിൽ കരൂർ പരമത്തിയിലെ പൊലീസ് ഇൻസ്പെക്ടർ അടക്കം 4 പേർ അറസ്റ്റിലായത് 2016 സെപ്റ്റംബറിൽ. വ്യാപാരിയുടെ കടയിലെ ജീവനക്കാർ ചെന്നൈയിൽ നിന്നു പണവുമായി മലപ്പുറത്തേക്കു വരുമ്പോൾ മധുക്കരയ്ക്കു സമീപം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.ജീപ്പിലെത്തിയ 5 പേർ കാർ തടഞ്ഞു. ഇവരിൽ 3 പേർ പൊലീസ് വേഷത്തിലും. സ്റ്റേഷനിലേക്കെന്നു പറഞ്ഞു കാറിലുണ്ടായിരുന്ന 4 പേരെയും ജീപ്പിൽ കയറ്റി. ഒരാൾ കാറിൽ ജീപ്പിനെ പിന്തുടർന്നു.

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മർദിച്ചു ജീപ്പിൽ നിന്ന് ഇറക്കി വിട്ടു പണവുമായി കടന്നു. കാർ പിന്നീട് പാലക്കാട് ചിതലിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഹവാല പണം തട്ടിയെടുക്കുന്ന സംഘമാണു കവർച്ചയ്ക്കു പിന്നിലെന്നു പിടിയിലായവർ മൊഴി നൽകി. ഉന്നത ഹവാല ഇടപാടുകാരനെ മുൻപ് ഒരു കേസിൽ അറസ്റ്റ് ചെയ്തപ്പോൾ തുടങ്ങിയ സൗഹൃദത്തിലൂടെയാണു ഇൻസ്പെക്ടറും പണം തട്ടിയെടുക്കലിനിറങ്ങിയത്. സംഭവത്തിൽ മറ്റു പൊലീസുകാരെയും സസ്പെൻഡ് ചെയ്തിരുന്നു.

കൊള്ളസംഘങ്ങൾക്ക് ഇരയായി ഒട്ടേറെപ്പേർ

2015ൽ അട്ടപ്പള്ളത്ത് തമിഴ്നാട് സർക്കാരിന്റെ ബസ് തടഞ്ഞു തിരുപ്പൂർ സ്വദേശിയായ ഉള്ളി വ്യാപാരിയെ പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി 3 ലക്ഷം രൂപ കൊള്ളയടിച്ചു. പിന്നീട് യാക്കരയിൽ ഇറക്കി വിട്ടു. 2017ൽ കോയമ്പത്തൂരിൽ നിന്നു പാലക്കാടേക്കു വന്ന തമിഴ്നാട് ബസ് ചാവടിയിൽ തടഞ്ഞു നിർത്തി കുഴൽപണ കടത്തുകാരിൽ നിന്ന് 35 ലക്ഷം രൂപ കവർന്നു.ചാവടിയിൽ ഹൈവേ പൊലീസെന്ന വ്യാജേന വാഹന പരിശോധനയ്ക്കെത്തിയ മോഷണ സംഘം ദമ്പതികളെ ആക്രമിച്ചു സ്വർണവും പണവും കവർന്നതു മാസങ്ങൾക്കു മുൻപ്. തൃശൂർ വടക്കാഞ്ചേരി സ്വദേശികളെ നാലംഗ സംഘം കാറിനുള്ളിൽ മർദിച്ച ശേഷമായിരുന്നു കവർച്ച. അരലക്ഷം രൂപയും 4 പവനുമായി കടന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ വാളയാർ അതിർത്തിയിൽ രാത്രി 12ന് ചെന്നൈയിലേക്കു പോയ സ്വകാര്യ ബസ് 2 കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു. പോലീസാണെന്നു പറഞ്ഞു തൃശൂർ സ്വദേശിയെ പിടിച്ചിറക്കി കാറിൽ കൊണ്ടു പോയി. ഒന്നേകാൽ കിലോയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ച ശേഷം ദേശീയ പാതയിൽ ഇറക്കി വിട്ടു. തൃശൂർ, കുട്ടനെല്ലൂർ സ്വദേശിയായ ആഭരണ വ്യാപാരിയുടെ സ്വർണമാണു കൊള്ളയടിച്ചത്. കാറിലെത്തിയ നാൽവർ സംഘം പിടിയിലായിരുന്നു.എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പലർക്കുമുണ്ടായതു ദുരനുഭവം. അതേക്കുറിച്ചു നാളെ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama