go

നെല്ലിപ്പുഴ മത്സ്യമാർക്കറ്റിനു പ്രവർത്തനാനുമതി നൽകിയില്ല; കൗൺസിൽ യോഗത്തിൽ തമ്മിലടി

SHARE

മണ്ണാർക്കാട്∙ നെല്ലിപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിനു പ്രവർത്തനാനുമതി നൽകുന്നത് സിപിഎം കൗൺസിലർമാർ എതിർത്തു. അപേക്ഷ പരിഗണനയ്ക്കെടുക്കുന്നത് പിന്നത്തേക്കു മാറ്റി. കെഎൽയുവും കെട്ടിട നമ്പരും ലഭിച്ച ശേഷം അപേക്ഷ പരിഗണിക്കാമെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു. ഈ വിഷയം അജൻഡ വച്ചു കഴിഞ്ഞ ദിവസം വിളിച്ച അടിയന്തര യോഗത്തിൽ നിന്നു സിപിഎം, ബിജെപി അംഗങ്ങൾ വിട്ടു നിന്നതിനെ തുടർന്നാണ് ഇന്നലെ വീണ്ടും യോഗം വിളിച്ചത്.

യോഗം തുടങ്ങിയ ഉടൻ തന്നെ നെല്ലിപ്പുഴയിലെ മത്സ്യ മാർക്കറ്റിനു നിയമാനുസൃതം അനുമതി നൽകാനാവില്ലന്ന ആമുഖത്തോടെ സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അപേക്ഷ നൽകിയ സ്ഥലത്തിനു ഫെയർ വാല്യു നടപടികൾ പൂർത്തിയാക്കിയിട്ടില്ലന്നും കെട്ടിട നമ്പർ ലഭിച്ചിട്ടില്ലന്നും സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ അനുമതി നൽകുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നു സെക്രട്ടറി പറഞ്ഞു. മണ്ണാർക്കാട്ടെ നൂറു കണക്കിനു മത്സ്യ വ്യാപാരികളുടെ പ്രശ്നത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യം മുൻ നിർത്തി സ്വകാര്യ വ്യക്തി സജ്ജീകരിച്ച മത്സ്യ മാർക്കറ്റിന് അനുമതി നൽകണമെന്ന് മുസ്‌ലിം ലീഗ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിനെ സിപിഎം അംഗങ്ങൾ ശക്തിയായി എതിർത്തതോടെ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. മുസ്‍‌ലിം ലീഗിലെ ഷഹന കല്ലടിയും ഇടത് അംഗങ്ങളായ കെ. മൻസൂർ, സലീം എന്നിവരും തമ്മിൽ അതിരൂക്ഷമായ വാക്കേറ്റം നടന്നു. തന്നെ അധിക്ഷേപിച്ചു കൗൺസിലർമാർ സംസാരിച്ചുവെന്ന് ആരോപിച്ച് ഷഹന കല്ലടി ഇറങ്ങിപ്പോയി. വനിതയായ തനിക്കെതിരെ അധിക്ഷേപിച്ചു സംസാരിച്ചിട്ടും നഗരസഭ അധ്യക്ഷ അത് നിയന്ത്രിച്ചില്ലെന്ന് ഷഹന ആരോപിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അപേക്ഷ പരിഗണിക്കാമെന്ന നിർദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. നഗര‌സഭ ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകാനും കൗൺസിൽ തീരുമാനിച്ചു. നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സാവകാശം നൽകണമെന്ന അപേക്ഷ പരിഗണിക്കാനാവില്ലന്നും യോഗം അഭിപ്രായപ്പെട്ടു. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് എൻജിനീയർ റിപ്പോർട്ട് നൽകിയതാണ്. അതു മറികടന്നു തീരുമാനം എടുക്കാനാവില്ലന്നു കൗൺസിൽ അഭിപ്രായപ്പെട്ടു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama