go

നോട്ടം വേണം നോട്ടിന്റെ കാര്യത്തിൽ

സജീർമോൻ
സജീർമോൻ
SHARE

ഒറ്റപ്പാലം ∙ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 3.52 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായാണു തൃക്കടീരി കിഴൂർ റോഡ് നെച്ചിയിൽ സജീർമോൻ (35) പൊലീസിന്റെ പിടിയിലായത്. സിഐ പി.അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യുവാവിൽനിന്നു 2000 രൂപയുടെ 176 വ്യാജ കറൻസികൾ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച മുക്കാൽ ലക്ഷത്തോളം രൂപയുടെ വ്യാജനോട്ടുകളുമായി പിടിയിലായ വരോട് കോലോത്തുപറമ്പിൽ റിൻഷാദിന്റെ അമ്മാവനാണു സജീർമോനെന്ന് പൊലീസ് അറിയിച്ചു.

റിൻഷാദിനു വ്യാജ കറൻസികൾ നൽകിയിരുന്നതു സജീർമോനായിരുന്നെന്നാണു കണ്ടെത്തൽ. പണവുമായി തൃശൂർ ഇരിങ്ങാലക്കുടയിലേക്കു പോകാൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുമ്പോഴാണു പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു റെയിൽവേ സ്റ്റേഷനിലെത്തിയ സിഐയും സംഘവും ഇയാളെ കസ്റ്റഡിയിലെടുത്തത്. കടലാസിൽ പൊതിഞ്ഞ നിലയിൽ അരക്കെട്ടിലാണു വ്യാജ നോട്ടുകൾ സൂക്ഷിച്ചിരുന്നത്.

സജീർമോനെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി നോട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. എസ്ഐ പി.ശിവശങ്കരൻ, സിപിഒമാരായ കെ.പ്രകാശൻ, ജ്യോതികുമാർ, കെ.നാരായണൻകുട്ടി, പ്രദീപ്, മുരുകൻ, ദീപു ഉണ്ണിത്താൻ എന്നിവർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്.

പിടിയിലായത് നാലു പേർ; ഉറവിടം ഒന്നാണെന്നു നിഗമനം

ഒറ്റപ്പാലം ∙ ചെർപ്പുളശ്ശേരിയിലും ഷൊർണൂരിലും ഒറ്റപ്പാലത്തും പിടിയിലായവരിൽ നിന്നു കണ്ടെത്തിയ കള്ളനോട്ടുകളുടെ ഉറവിടം ഒന്നാണെന്ന നിഗമനത്തിലാണു പൊലീസ്. മൂന്നിടത്തുമായി അറസ്റ്റിലായ 4 പേരിൽ നിന്നു കണ്ടെത്തിയതു മുഴുവൻ 2000 രൂപയുടെ വ്യാജ കറൻസികൾ. മൂന്നു കേസുകളുടെയും തുടരന്വേഷണം ഒന്നിച്ചുകൊണ്ടുപോകാനുള്ള നീക്കത്തിലാണു പൊലീസ്. കഴിഞ്ഞ 3ന് ഓങ്ങല്ലൂർ സ്വദേശിയാണ് 8,000 രൂപയുടെ കള്ളനോട്ടുകളുമായി ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഒറ്റപ്പാലത്ത് 70,000 രൂപയുടെ കള്ളനോട്ടുകളുമായി വരോട് സ്വദേശി അറസ്റ്റിലായി.

ചെർപ്പുളശ്ശേരിയിൽ 82,000 രൂപയുടെ കള്ളനോട്ടുകളുമായി മലപ്പുറം കാടാമ്പുഴ സ്വദേശി അറസ്റ്റിലായതു ബുധനാഴ്ച. ഇന്നലെ ഒറ്റപ്പാലത്തു 3.52ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി തൃക്കടീരി കിഴൂർ റോഡ് സ്വദേശിയുട അറസ്റ്റ്. നോട്ടുകളിലൊന്നിലും സെക്യൂരിറ്റി ത്രഡുകളും റസിർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രയും ഗാന്ധിജിയുടെ വാട്ടർമാർക്ക് ചിത്രവുമില്ല. എങ്കിലും സാധാരണക്കാർക്ക് ഒറ്റനോട്ടത്തിൽ ഇവ തിരിച്ചറിയാനാകില്ല. പലരും ബാങ്കുകളിലെത്തുമ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama