go

എങ്ങനെ നോക്കിയാലും പാലക്കാട് ഇടതു കോട്ട; 11 തവണ വിജയം സിപിഎമ്മിന്

എ.കെ. ഗോപാലൻ, ഇ.കെ. നായനാർ, പി.കുഞ്ഞൻ, എൻ.എൻ. കൃഷ്ണദാസ്, എ. വിജരാഘവൻ, എ. സുന്നാസാഹിബ്, വി.എസ്. വിജയരാഘവൻ
SHARE

പാലക്കാട്∙ ലോക്സഭയിലേക്ക് ഇതുവരെ 15 തവണയായി 9 പേരെ അയച്ച മണ്ഡലമാണു പാലക്കാട്. 4 തവണ എംപിയായ എൻ.എൻ. കൃഷ്ണദാസാണ് ഏറ്റവുമധികം വിജയം നേടിയത്. 3 തവണ ജയിച്ച വി.എസ്. വിജയരാഘവനാണ് തൊട്ടടുത്തയാൾ. 11 തവണ വിജയം സിപിഎമ്മിനായിരുന്നെങ്കിൽ കോൺഗ്രസിൽ വി.എസ്. വിജയരാഘവനെ കൂടാതെ എ. സുന്നാസാഹിബ് മാത്രമാണ് വിജയിച്ചിട്ടുള്ളത്.ഏതു കണക്കുകൾ പ്രകാരം നോക്കിയാലും പാലക്കാട് ഇടതു കോട്ടയാണ്. 1957ൽ സംസ്ഥാനം രൂപീകരിച്ച വർഷം തന്നെയാണു പാലക്കാട് മണ്ഡലവും രൂപീകരിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ പാലക്കാട് ദ്വയാംഗ മണ്ഡലമായിരുന്നതിനാൽ കൂടുതൽ വോട്ടു കിട്ടുന്ന 2പേർക്കു ലോക്സഭയിലെത്താമായിരുന്നു.

ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പി.കുഞ്ഞനും കോൺഗ്രസിലെ ഈച്ചരൻ പി. ഇയ്യാനിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പു മുതൽ ദ്വയാംഗ മണ്ഡലങ്ങൾ ഇല്ലാതായി.ആദ്യതിരഞ്ഞെടുപ്പിലെ വിജയികൾ തമ്മിലാണു 1962ലെ രണ്ടാം തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. വിജയം കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമായിരുന്നു. പി. കുഞ്ഞൻ രണ്ടാമതും എംപിയായി. 1967ലും 1971ലും പാലക്കാട്ടുനിന്ന് ലോക്സഭയിലെത്തിയതു 2 അതികായൻമാരായിരുന്നു. 67ൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരും 71ൽ സാക്ഷാൽ എകെജിയും. 71ൽ എകെജി പാലക്കാട്ടെത്തിയപ്പോൾ മുൻപ് അദ്ദേഹം മത്സരിച്ച കാസർകോട് നായനാർ മത്സരിച്ചു.   കന്നി മത്സരത്തിനെത്തിയ ഇന്നത്തെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേരളത്തെയാകെ ഞെട്ടിച്ചു നായനാർക്കെതിരെ അട്ടിമറി ജയം നേടിയതു മറ്റൊരു ചരിത്രം.

അന്നും അടിയുറച്ച കോട്ടയായിനിന്ന് പാലക്കാട് എകെജിയെ വിജയിപ്പിച്ചു.അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിൽ എ. സുന്നാസാഹിബിലൂടെ ആദ്യമായി കോൺഗ്രസ് പാലക്കാട്ട് ഒന്നാം സ്ഥാനം നേടി വിജയം രുചിച്ചു.പിന്നീട് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ വി.എസ്. വിജയരാഘവൻ കോൺഗ്രസിന്റെ വിജയം തുടർന്നു.  1989ൽ മറ്റൊരു വിജയരാഘവനെത്തി വി.എസ്. വിജയരാഘവനെ അട്ടിമറിച്ചു. ഇന്നത്തെ എൽഡിഎഫ് കൺവീനറായ എ. വിജരാഘനായിരുന്ന അത്. പക്ഷേ, 1991ൽ വീണ്ടും വിജയിച്ച് വി.എസ്. വിജയരാഘവൻ കണക്കുതീർത്തു.എന്നാൽ ആ തിരഞ്ഞെടുപ്പോടെ പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് വിജയങ്ങളുടെ കണക്കുപുസ്തകം താൽക്കാലികമായിട്ടെങ്കിലും അടച്ചു.

1996ൽ യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ എൻ.എൻ. കൃഷ്ണദാസ് മണ്ഡലം എൽഡിഎഫിനായി പിടിച്ചെടുത്തു. തുടർന്ന് 2004വരെ നാലു തവണ അദ്ദേഹത്തിന്റെ തേരോട്ടം. തുടർന്നുള്ള രണ്ടുതവണ എം.ബി. രാജേഷ് വിജയം ആവർത്തിച്ചു.കോൺഗ്രസിന് അൽപമെങ്കിലും പ്രതീക്ഷ നൽകിയത് 2009ൽ സതീശൻ പാച്ചേനി 1820 വോട്ടുകൾക്കു തോറ്റപ്പോഴായിരുന്നെങ്കിൽ കഴിഞ്ഞ തവണ എം.ബി. രാജേഷ് നേടിയ ഒരു ലക്ഷത്തിൽപ്പരം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലൂടെയാണ് എൽഡിഎഫ് അതിനു മറുപടി നൽകിയത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama