go

പ്ലാസ്റ്റിക് ഭീകരത

പാലക്കാട് പിഎംജി സ്കൂളിനു സമീപത്തെ തീ പിടിത്തത്തിൽ പുക ശ്വസിച്ചു നീങ്ങുന്ന വിദ്യാർഥികൾ
പാലക്കാട് പിഎംജി സ്കൂളിനു സമീപത്തെ തീ പിടിത്തത്തിൽ പുക ശ്വസിച്ചു നീങ്ങുന്ന വിദ്യാർഥികൾ
SHARE

പാലക്കാട് ∙ പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനം പല തദ്ദേശസ്ഥാപനങ്ങൾക്കും ഇല്ല. ഷ്രെഡിങ് യൂണിറ്റുകൾ ജില്ലയിൽ 12 എണ്ണം മാത്രമാണുള്ളത്. 5 നഗരസഭകൾക്കാണു പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളുള്ളത്. പഞ്ചായത്തുകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളെല്ലാം ഇവർക്കാണു കൈമാറുന്നത്. എന്നാൽ മുഴുവൻ സംസ്കരിക്കാനുള്ള ശേഷി ഇവർക്കില്ല.

പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ചിറ്റൂർ/തത്തമംഗലം എന്നീ നഗരസഭകളിലാണ് യൂണിറ്റുള്ളത്. മണ്ണാർക്കാടും പട്ടാമ്പിയിലും യൂണിറ്റ് ആരംഭിച്ചിട്ടില്ല.ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണമെന്നാണു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ആവശ്യം. അതിനായി പൈപ്പ് കമ്പോസ്റ്റ് പദ്ധതിയാണ് അവതരിപ്പിക്കുന്നത്. ജൈവ മാലിന്യങ്ങൾ വീട്ടിൽ‌ സ്ഥാപിച്ച പൈപ്പിൽ നിക്ഷേപിച്ച് വളമാക്കുന്നതാണ് പദ്ധതി. 

എന്നാൽ അതേക്കുറിച്ചു ഇപ്പോഴും ജനങ്ങൾ ബോധവാന്മാരല്ല.പാലക്കാട് പിഎംജി സ്കൂളിലെ കുട്ടികൾ പുകഞ്ഞു പുറത്തു ചാടുമ്പോഴും തീ പിടിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടേതായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണു നഗരസഭയുടെ വാദം. ഇവിടേക്കാണു മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അതു തടയാനും നടപടിയില്ല.

 സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണെങ്കിലും സ്വന്തം സ്കൂളിലെ വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ മാലിന്യം കത്തിക്കുന്നതിലും മറ്റും നഗരസഭയ്ക്ക് ഇടപെടാവുന്നതാണ്.

മണ്ണാർക്കാട്ട് ഷ്രെഡിങ് യൂണിറ്റിന് 10 ലക്ഷവുമായി എംഎൽഎ

നഗരസഭ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിക്കാൻ എംഎൽഎ ഫണ്ടിൽനിന്നു 10 ലക്ഷം രൂപ അനുവദിക്കുമെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു. മണ്ണാർക്കാട് സഹകരണ ബാങ്ക് മലയാള മനോരമയുമായി സഹകരിച്ചു നടപ്പാലാക്കുന്ന കുട്ടിസഞ്ചി പദ്ധതിയുടെ ഭാഗമായി നടന്ന നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019–20 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തിയാകും തുക അനുവദിക്കുക. ഏപ്രിൽ മുതൽ ഏതു സമയത്തും അതു പ്രയോജനപ്പെടുത്താം. യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന്റെയും തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും ഉത്തരവാദിത്തം നഗരസഭയ്ക്കാണ്.

ഓരോ ബ്ലോക്കിനും ഓരോ ഷ്രെഡിങ് യൂണിറ്റ് ഉടൻ

ഷ്രെഡിങ് യൂണിറ്റ് ജില്ലയിലെ ഓരോ ബ്ലോക്കിലും ആരംഭിക്കാനുള്ള ഹരിതകേരള മിഷൻ തയാറാകുന്നത്. 2020ൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുകയാണു ലക്ഷ്യം. കൂടുതൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യ ശല്യം കുറയ്ക്കാനാകുമെന്നാണു വിലയിരുത്തൽ. ക്ലിൻ കേരള കമ്പനിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.

വിഷപ്പുക കെടുത്തണം; പിഎംജി സ്കൂൾ പിടിഎ

പിഎംജി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷപ്പുക അണയ്ക്കണണമെന്ന് പിടിഎ. ഇക്കാര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിഷപ്പുക ശ്വസിച്ച് അധ്യാപകർക്കടക്കം ശ്വാസതടസം അനുഭവപ്പെട്ടു. ചുമച്ച് അവശരായ വിദ്യാർഥികൾക്കു പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കി.

സ്കൂളിൽ 1550 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കാറ്റു കനത്താൽ സമീപത്തെ പറമ്പിൽ തീ പടർന്നുള്ള പുക ക്ലാസ് മുറികളിൽ നിറയും. ഈ സ്ഥിതി അനുവദിക്കാനാകില്ലെന്നും നഗരസഭ നിർബന്ധമായും നടപടി സ്വീകരിക്കണമെന്നും പിടിഎ പ്രസിഡന്റ് വിനോദ് കെ.കയനാട്ട് ആവശ്യപ്പെട്ടു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama