go

ഇത്തിരി അനുഗ്രഹം ഇണ്ടാവ്വോ എടുക്കാൻ ?

Palakkad News
SHARE

ഫെയ്സ്ബുക്കിലൊരു പോസ്റ്റിട്ടാൽ ആയിരം ലൈക്കു കിട്ടും. പക്ഷേ പത്ത് വോട്ട് കിട്ടണമെങ്കിൽ കളി വേറെ കളിക്കണം. അതു പഠിക്കാൻ വേറെ പോളിടെക്നിക്കുകളുണ്ട്. കോൺഗ്രസിലാണെങ്കിൽ കെ.ശങ്കരനാരായണനും സിപിഎമ്മിലാണെങ്കിൽ ടി.ശിവദാസമേനോനുമൊക്കെയാണ് അതിന്റെ ഹെഡ്മാഷുമാർ. തിരഞ്ഞെടുപ്പിനിറങ്ങും മുൻപ് അരദിവസമെങ്കിലും അവിടെ ചെന്നു സ്ഥാനാർഥികൾ ശിഷ്യപ്പെടണം.

മന്ത്രിയും സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയും ദീർഘകാലം എംഎൽഎയുമൊക്കെയായിരുന്ന ടി.ശിവദാസമേനോന്റെ പഴയ തിരഞ്ഞെടുപ്പു ക്ലാസിൽ നിന്ന്:

മുത്തശ്ശിക്കെന്ത്സാർവദേശീയത

എങ്ങനെ വോട്ട് ചോദിക്കരുത് എന്നതാണ് ആദ്യം പഠിക്കേണ്ടത്. ‘സാർവദേശീയ രംഗത്ത് അമേരിക്കൻ സാമ്രാജ്യത്വം പിടിമുറുക്കുന്നു, ഇന്ത്യ നവ ലിബറൽ നയങ്ങൾ കാരണം ബുദ്ധിമുട്ടുന്നു’ എന്നൊക്കെ പറഞ്ഞ് വോട്ട് ചോദിച്ചാൽ ഉള്ള വോട്ടും പോകും. മുത്തശ്ശിമാരോടൊക്കെ നിക്കരാഗ്വയിലെയും യുറഗ്വായിലെയും ഗ്വാട്ടിമാലയിലെയും കാര്യങ്ങൾ പറഞ്ഞു വോട്ടു പിടിച്ചാൽ അവർ ‘പോയി പണി നോക്കാൻ പറയും.’ അല്ലെങ്കിലും മുത്തശ്ശിക്കെന്തു സാർവദേശീയത ? ഇങ്ങനെ ചോദിക്കണം: ‘ അമ്മേ, ചേച്ചി അല്ലെങ്കിൽ മുത്തശ്ശീ , ഞങ്ങളൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാ. അനുഗ്രഹിക്കണം ’ . അനുഗ്രഹേ ചോദിക്കാൻ പാടുള്ളു. വോട്ടു ചോദിക്കരുത്. ഇതു കേട്ട മുത്തശ്ശി പറയും ‘നിന്നെ അനുഗ്രഹിക്കാം.’ വോട്ടങ്ങനെ കിട്ടും. നോട്ടിസും കൊടുത്ത്, അതേയ്, അരിവാൾ ചുറ്റികയാണ് ചിഹ്നം ട്ടോ, വോട്ട് ചെയ്യണം ട്ടോ ’ എന്നു പറഞ്ഞാൽ കിട്ടൂല.

വേണ്ടതു ചെയ്യാം (ആർക്കു വേണ്ടത് )

കന്യാസ്ത്രീമഠത്തിൽ വോട്ടു ചോദിച്ചതുമായി ബന്ധപ്പെട്ടു മേനോൻ മാഷിന്റെ പ്രസംഗത്തിൽ നിന്ന് എടുത്തത്:

‘മലമ്പുഴയിൽ ഞാൻ മൽസരിച്ചപ്പോൾ ഒരു മഠത്തിൽ ചെന്നു മദറിനെ കണ്ട് എനിക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തണമെന്നു മാത്രം അഭ്യർഥിച്ചു. ‘മോസ്‌റ്റ് ഗ്ലാഡ്‌ലി’ എന്നായിരുന്നു അവരുടെ മറുപടി.

 അത്തവണ ആ ബൂത്തിലെ 88 വോട്ടും

എനിക്കായിരുന്നു‘കന്യാസ്‌ത്രീ മഠത്തിൽ ചെന്ന്, ‘കത്തു കിട്ടിയില്ലേ? രാവിലെ തന്നെ വരണം, ഇതാണു ചിഹ്നം’ എന്നൊക്കെ പറഞ്ഞാൽ അവർ ‘വേണ്ടതു ചെയ്യാം’ എന്നു പറയും, ചെയ്യുന്നതു നമുക്കു വേണ്ടതായിരിക്കില്ല; അവർക്കു വേണ്ടതായിരിക്കും’

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama