go

ജല സമൃദ്ധിക്ക് വഴിയൊരുക്കി വലിയേരി മിനി ഡാം പദ്ധതി

പുതുശ്ശേരി വലിയേരിയിൽ നിർദിഷ്ട മിനി ഡാം പദ്ധതി പ്രദേശം മന്ത്രി കെ. കൃഷ്ണൻകുട്ടി പരിശോധിക്കുന്നു
പുതുശ്ശേരി വലിയേരിയിൽ നിർദിഷ്ട മിനി ഡാം പദ്ധതി പ്രദേശം മന്ത്രി കെ. കൃഷ്ണൻകുട്ടി പരിശോധിക്കുന്നു
SHARE

പുതുശ്ശേരി∙ കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കും കൃഷിക്കും ശുദ്ധജലത്തിനും ഏറെ പ്രയോജനപ്പെടുന്ന വലിയേരി മിനി ഡാം പദ്ധതി യഥാർഥ്യമാക്കാൻ പാലക്കാട് ഐഐടിയുടെ സഹകരണം തേടും. ഐഐടിക്കു കൂടി പ്രയോജനപ്പെടുന്ന പദ്ധതിയുടെ വിശദ രൂപരേഖ തയാറാക്കാൻ അവരുടെ തന്നെ എൻജിനീയറിങ് ടെക്നോളജി ഉപയോഗപ്പെടുന്നതു പരിശോധിക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.

പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പിലും ഐഐടി സഹകരണം തേടും. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾക്കു കൂടി ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയായതിനാൽ വനംവകുപ്പിന്റെ സഹകരണം തേടാനും മന്ത്രി നിർദേശിച്ചു. 

 പദ്ധതി

8.6 ഹെക്ടർ വിസ്തൃതിയുള്ള വലിയേരി ജലസംഭരണിയും സമീപത്തെ പാറക്കൂട്ടവും കുപ്പാലൻചള്ള തോടും അയ്യപ്പൻമലയും തമ്മിൽ‌ ബണ്ട് ഉപയോഗിച്ചു ബന്ധിപ്പിച്ചാൽ മിനി ഡാം ആയി. ഇതുവഴി ഏകദേശം 25 ഹെക്ടർ സ്ഥലത്തു പ്രകൃതിദത്തമായി തന്നെ വെള്ളം കെട്ടിനിർത്താനാകും. പരിസരത്തെ കുറച്ചു കൃഷി സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്.

പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാൻ ഉടമസ്ഥർ തയാറാണ്. പദ്ധതി പ്രദേശത്തു 2 വീടുണ്ടെങ്കിലും ആന ശല്യം കാരണം ആൾത്താമസമില്ല. വനംവകുപ്പിന്റെ സ്ഥലം ഏറ്റെടുക്കേണ്ടെന്നതും മെച്ചമാണ്. പരിസ്ഥിതിക്കു ഒരു ദോഷവും ഉണ്ടാക്കാത്ത പദ്ധതിക്ക് അനുമതിക്കും തടസം ഉണ്ടാകില്ല. 

 ഗുണം

കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കും പുതുശ്ശേരി പഞ്ചായത്തിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾക്കും പദ്ധതി വഴി ശുദ്ധജലം എത്തിക്കാനാകും. കിൻഫ്ര വ്യവസായ പാർക്കിനും ജലം ലഭ്യമാക്കാം. സമീപത്തെ ഏക്കർ കണക്കിനു വിസ്തൃതിയുള്ള 5 കുളങ്ങൾ ജലസമൃദ്ധമാകും.

250 ഹെക്ടറിലേറെ കൃഷിക്കു ജലസേചനം.ഇതിലെല്ലാം ഉപരി പരിസരത്തെ കാട്ടാനശല്യത്തിൽനിന്നു മോചിതമാക്കാം. പദ്ധതി വഴി വേനലിലും യഥേഷ്ടം ജലം ലഭിക്കുമെന്നതിനാൽ കാട്ടാനകൾ ജനവാസമേഖലയിലേക്കു കടക്കില്ല. കർഷകർ തന്നെ ഇത്തരം ഗുണങ്ങൾ മന്ത്രിയെ അറിയിച്ചു.

 മഴ മാത്രം മതി

പദ്ധതിയിൽ ജലം നിറയാൻ മഴ മാത്രം മതി. നാലോ അഞ്ചോ ശക്തമായ മഴ ലഭിച്ചാൽ മലവെള്ളം കുതിച്ചെത്തി മിനി ഡാം നിറയും. ഇപ്പോൾ വലിയ ഏരിയിൽ മാത്രമാണു ജലം ശേഖരിക്കുന്നത്. ബാക്കി ജലം മുഴുവൻ കോരയാർ പുഴയിലേക്ക് ഒഴുകി പാഴാകുകയാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama