go

കൊല്ലങ്കോട്ട് വീട്ടിൽ വൻ കവർച്ച: 45 പവനും പണവും നഷ്ടമായി

കൊല്ലങ്കോട് പയ്യലൂരിൽ സ്വർണവും പണവും മോഷണം പോയ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
കൊല്ലങ്കോട് പയ്യലൂരിൽ സ്വർണവും പണവും മോഷണം പോയ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
SHARE

കൊല്ലങ്കോട്∙ വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണവും നാൽപതിനായിരത്തോളം രൂപയും മോഷണം പോയി. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം.  വ്യോമസേനയിൽനിന്നു വിരമിച്ച പയ്യലൂർ ചാത്തൻചിറ രോഹിണിയിൽ വി. നാരായണൻകുട്ടിയുടെ വീട്ടിൽനിന്നാണു സ്വർണവും പണവും നഷ്ടപ്പെട്ടത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലാണ്. താഴെത്തെയും മുകളിലെയും മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണു നഷ്ടപ്പെട്ടതെന്നു വീട്ടുകാർ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ എറണാകുളത്തെ മകൾ കവിതയുടെ വീട്ടിലേക്കു നാരാണൻകുട്ടിയും ഭാര്യ പുഷ്പാമണി, മകൻ ആനന്ദ്, ആനന്ദിന്റെ ഭാര്യ പ്രസീത, അവരുടെ 2 മക്കളും അടക്കമുള്ളവർ പോയി. ഇന്നലെ രാവിലെ വീട്ടിലെ നായയ്ക്കു ഭക്ഷണം കൊടുക്കാൻ ജോലിക്കാരി വന്നപ്പോഴാണു വാതിലും ജനലുകളും തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്. അയൽവാസിയെ വിവരം അറിയിച്ചു. ഉടൻ വീട്ടുകാരെയും വിവരം അറിയിച്ചു. പൊലീസും വീട്ടുകാരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ എല്ലാ മുറികളിലെയും സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നെന്നു പൊലീസ് അറിയിച്ചു. ഫ്രിജിലെ ആഹാരവും മോഷ്ടാവ് കഴിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന നായയ്ക്കു ബിസ്കറ്റ് നൽകിയതായും കിണറിനരികിലിരുന്നു ബിസ്കറ്റ് കഴിച്ചതായും സൂചനകൾ ഉണ്ട്.

നെല്ലു വിറ്റു കിട്ടിയ പണം ഉൾപ്പെടെ 40000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ഹുണ്ടിക തൊട്ടടുത്ത പാടത്തുനിന്നും ലഭിച്ചിരുന്നു. ഇതിൽ അയ്യായിരത്തോളം രൂപ ഉണ്ടായിരുന്നതായും പറയുന്നു. പൊലീസ് നായ ‘റോക്കി’ വീട്ടിൽ നടത്തിയ പരിശോധനകൾക്കു ശേഷം വീടിന്റെ പുറകു വശത്തെ പാടത്തു കൂടെ ഓടിപ്പോയി. വിരലടയാള വിദഗ്ധൻ ആർ. രാജേഷ്കുമാർ വിരലടയാളങ്ങൾ ശേഖരിച്ചു. സിഐ കെ.പി. ബെന്നി, എസ്ഐ പി.എ. അബ്ദുൽഗഫൂർ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama