go

കണ്ടക്ടർമാരില്ല: സർവീസുകൾ താളം തെറ്റി കെഎസ്ആർടിസി

palakkad news
SHARE

പാലക്കാട്∙ എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ട ശേഷമുള്ള പ്രതിസന്ധി കെഎസ്ആർടിസിയെ വിട്ടു മാറുന്നില്ല. ആവശ്യത്തിനു കണ്ടക്ടർമാരില്ലാത്തതിനാൽ സർവീസുകൾ താളം തെറ്റുന്നെന്നാണു പരാതി. പാലക്കാട് ഡിപ്പോയിൽ ദിവസേന 15 സർവീസുകളാണു മുടങ്ങുന്നത്. 94 സർവീസുകൾ നടത്തിയിരുന്ന ഡിപ്പോയിൽനിന്ന് ഇപ്പേ‍ാൾ 74 മുതൽ 76 സർവീസുകളാണു നടത്തുന്നത്. സർ‌വീസ് മുടങ്ങുന്നതു വരുമാനത്തെയും ബാധിച്ചു തുടങ്ങി. പുതുതായി അനുവദിച്ച 10 ബസുകൾ ഉപയോഗിച്ചു പുതിയ സർവീസ് ആരംഭിക്കാനായിട്ടില്ല. 

പാലക്കാട്–കോഴിക്കോട് പാതയിൽ കൂടുതൽ പോയിന്റ് ടു പോയിന്റ് സർവീസ് ആരംഭിക്കാനുള്ള നീക്കവും പാളി.  മാസങ്ങൾക്കുമുൻപ് നിർത്തിയ നെല്ലിയാമ്പതിയിലേക്കുള്ള സർവീസും തുടങ്ങിയില്ല. 23 ബസുകൾ അനുവദിച്ചാൽ വലിയ നേട്ടമുണ്ടാക്കാമെന്ന പാലക്കാട് ഡിപ്പോയുടെ റിപ്പേ‍ാർട്ടനുസരിച്ചു ആദ്യഘട്ടം എന്ന നിലയിൽ 10 ബസുകൾ സർക്കാർ അനുവദിച്ചു.  എന്നാൽ എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ പ്രതീക്ഷകൾ തെറ്റി. ചിറ്റൂർ, മണ്ണാർക്കാട്, വടക്ക‍ഞ്ചേരി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. 

പിഎസ്‌സി റാങ്ക് പട്ടികയുള്ളവരെ ക്ഷണിച്ചെങ്കിലും പകുതി പേരും ജോലിക്കെത്തിയില്ല. പുതിയ പരീക്ഷ നടത്തുകയോ എംപാനലുകാരെ തിരിച്ചെടുക്കുകയോ ചെയ്താലേ പ്രതിസന്ധിക്കു പരിഹാരമാവു. രണ്ടും പെട്ടെന്നു നടക്കില്ലെന്നും കെഎസ്ആർടിസി അധികൃതർ വിലയിരുത്തുന്നു. സർവീസുകൾ കൂടുതൽ മുടങ്ങാതിരിക്കാൻ നിലവിലെ ജീവനക്കാരുടെ അവധികൾ പരമാവധി കുറയ്ക്കുകയാണ്. ഇതിൽ ജീവനക്കാർക്കും പ്രതിഷേധമുണ്ട്.

യാത്രക്കാർ‌ ആശങ്കയിൽ

സർവീസുകൾ‌ സ്ഥിരമായി മുടങ്ങുന്നതോടെ യാത്രക്കാർ പ്രതിഷേധത്തിലാണ്. കോയമ്പത്തൂർ സർവീസുകൾ മണിക്കൂറുകൾ കഴിഞ്ഞും തുടങ്ങാത്തതിനെത്തുടർന്ന് ഇന്നലെ പാലക്കാട് ഡിപ്പോയിൽ യാത്രക്കാർ ബഹളം വച്ചു. അര മണിക്കൂർ ഇടവിട്ടു തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി സർ‌വീസ് നടത്തിയിരുന്നതാണ്. കണ്ടക്ടർ ക്ഷാമം മൂലം പല ദിവസവും മണിക്കൂറുകൾ കഴിഞ്ഞാണു സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്കുള്ള സർവീസിലും ഇതാണു സ്ഥിതി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama