go

കുട്ടിസഞ്ചി ആഘോഷമാക്കി നാട്ടുകൂട്ടം

മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന കുട്ടിസഞ്ചി പദ്ധതിയുടെ ഭാഗമായി ചേർന്ന നാട്ടുകൂട്ടത്തിൽ എൻ.ഷംസുദ്ദീൻ എംഎൽഎ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന കുട്ടിസഞ്ചി പദ്ധതിയുടെ ഭാഗമായി ചേർന്ന നാട്ടുകൂട്ടത്തിൽ എൻ.ഷംസുദ്ദീൻ എംഎൽഎ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
SHARE

മണ്ണാർക്കാട് ∙ മണ്ണാർക്കാട് നഗരസഭയിലെ 2 വാർഡുകൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് മലയാള മനോരമയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ‘കുട്ടിസഞ്ചി– നാട്ടു നന്മയുടെ ഊടുംപാവും’ പദ്ധതിയുടെ ഭാഗമായി ചേർന്ന നാട്ടുക്കൂട്ടം പൊതുജന പങ്കാളിത്തംകൊണ്ട് ആഘോഷമായി.

ഇന്നലെ രാവിലെ 8നു നെല്ലിപ്പുഴയിൽ നിന്ന് ജിഎംയുപി സ്കൂളിലേക്കു കൂട്ടയോട്ടത്തോടെയാണു പരിപാടി തുടങ്ങിയത്. 

എൻ.ഷംസുദ്ദീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ ചേർന്ന യോഗം എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പ്ലാസ്റ്റിക് നിർമാർജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള സംരംഭം രൂപംകൊള്ളുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണു ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്നും അത് ഏറ്റെടുത്തുകൊണ്ടാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് ആരംഭിക്കാൻ ഫണ്ട് അനുവദിക്കുന്നതെന്നും എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.

സ്ഥലം കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ നഗരസഭ സന്നദ്ധമാണെന്ന് അധ്യക്ഷ എം.കെ.സുബൈദ വ്യക്തമാക്കി. തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ അറിയിച്ചു.

സർക്കിൾ ഇൻസ്പെക്ടർ ടി.പി.ഫർഷാദ്, മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, മലയാള മനോരമ സർക്കുലേഷൻ സീനിയർ എക്സിക്യൂട്ടിവ് പി.സുരേഷ്കുമാർ, സീനിയർ സർക്കുലേഷൻ ഇൻസ്പെക്ടർ കെ.പ്രസൂ‍ൺ, കൗൺസിലർമാരായ പാർവതി, എൻ.കെ.സുജാത, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രമേശ് പൂർണിമ, സേവ് മണ്ണാർക്കാട് പ്രതിനിധികളായ നഷീദ്, അബ്ദുൽ ഹാദി,  അസ്‍ലം, ദീപിക, ശിവൻ, വോയ്സ് ഓഫ് മണ്ണാർക്കാട് പ്രതിനിധികളായ ഹുസൈൻ കളത്തിൽ, ശ്രീവത്സൻ, അബ്ദു, അബുറജ, നല്ലപാഠം കോ–ഓർഡിനേറ്റർമാരായ മനോജ് ചന്ദ്രൻ, ഹംസ, അധ്യാപകനായ എ.നൂർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. 

റെഡ് ക്രോസ്, മനോരമ നല്ലപാഠം, എൻസിസി, എൻഎസ്എസ്, വർക് ഷോപ്സ് കേരള തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപകർ, വിദ്യാർഥികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, വോയ്സ് ഓഫ് മണ്ണാർക്കാട്, സേവ് മണ്ണാർക്കാട് എന്നീ സാമൂഹിക മാധ്യമ കൂട്ടായ്മയിലെ അംഗങ്ങൾ, ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യ, അടയ്ക്കാപ്പുത്തൂർ സംസ്കൃതി, മണ്ണാർക്കാട് സൈക്കിൾ ക്ലബ്, വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, റൂറൽ ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ കൂട്ടയോട്ടത്തിലും തുടർന്നു നടന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിലും പങ്കാളികളായി. 

സേവ് മണ്ണാർക്കാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാത്രം നൂറിലേറെ പേർ പങ്കെടുത്തു. 

വീടുകളിൽ നിന്ന്  മാലിന്യം ശേഖരിച്ചു

നാട്ടുകൂട്ടത്തിൽ പങ്കെടുത്തവർ പൊതുയോഗത്തിനു ശേഷം മണ്ണാർക്കാട് റൂറൽ ബാങ്കിൽ ഒത്തുചേർന്ന് 20 സ്ക്വാഡുകളായി തിരിഞ്ഞു. 2 വാർഡുകളിലെയും മുഴുവൻ വീടുകളിലുമെത്തി ഇവർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യ പ്രവർത്തകർ അവ വേർതിരിച്ചു ചാക്കുകളിലാക്കി. 

അടയ്ക്കാപുത്തൂർ സംസ്കൃതി ചെയർമാൻ രാജേഷ് അടയ്ക്കാപുത്തൂരിന്റെ നേതൃത്വത്തിലാണ് ഇവ സംസ്കരണത്തിനു കൊണ്ടുപോയത്. ചെർപ്പുളശ്ശേരി നഗരസഭയുടെ സഹായത്തോടെയാണു സംസ്കരണം. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama