പട്ടാമ്പി∙ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്നുള്ളതുപോലെയുള്ള രാഷ്ട്രീയ കാലാവസ്ഥ രാജ്യത്ത് ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. ബിജെപി ഭരണത്തിൽ രാജ്യവും മതേതരത്വവും ഭരണഘടനയും എല്ലാം വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വല്ലപ്പുഴയിൽ സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാലികം സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വർഗീയ വത്കരണം– മതവും രാഷ്ട്രീയവും’ ആയിരുന്നു വിഷയം. ഭരണഘടന നൽകുന്ന എല്ലാവർക്കുമുള്ള തുല്യ അവകാശം ചിലർക്ക് നിഷേധിക്കപ്പെടുന്നതാണ് ഇന്നത്തെ വെല്ലുവിളി.
ഭരണഘടന പൊളിച്ചെഴുതാനുള്ള കേന്ദ്ര നീക്കം നടക്കാതെ പോകുന്നത് ബിജെപിക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതുകൊണ്ടാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഭുരിപക്ഷം നേടി ഇതെല്ലാം അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം തടയാൻ ജനാധിപത്യ പാർട്ടികളെല്ലാം ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് ശങ്കരനാരായണൻ ആവശ്യപ്പെട്ടു.
കേരളത്തിലെ ധനകാര്യ മന്ത്രി തോമസ് ഐസക് ബജറ്റിലൂടെ ജനങ്ങളെയെല്ലാം പറ്റിച്ചതായും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു. 10 കാശ് കയ്യിലില്ലാതെ കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും കിഫ്ബി എല്ലാം നടപ്പിലാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയുമാണ് ചെയ്യുന്നത്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കടം കൂടി. സർക്കാരിന്റെ കയ്യിൽ പണമില്ല.
ഭരിക്കാനുമറിയില്ല .ജനങ്ങളെ വെല്ലുവിളിക്കാനും ജനദ്രോഹ നടപടികൾ നടപ്പിലാക്കാനുമാണ് മുഖ്യമന്ത്രിക്ക് താൽപര്യം, ശങ്കരനാരായണൻ കുറ്റപ്പെടുത്തി.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി . ജി.എം. സ്വലാഹുദ്ദീൻ ഫൈസി മോഡറേറ്ററായി. മുഹമ്മദ് മുഹസിൻ എംഎൽഎ, ഹബീബ് ഫൈസി കോട്ടേപ്പാടം, എ. സജീവൻ, പി.ടി മുഹമ്മദ്, മരക്കാർ മാരായമംഗലം, അബ്ദുൾ കരീം കെ.കെ.എ. അസീസ്, ഇ. മുസ്തഫ, അഡ്വ. മുഹമ്മദാലി മറ്റാംതടം, അഡ്വ. എ.എ. ജമാൽ, കളത്തിൽ ദാവൂദ് ഹാജി, തിരുണ്ടിക്കൽ യൂസഫ്, കെ. അബ്ദുറഹിമാൻ, അഷ്കർ കരിമ്പ എന്നിവർ പ്രസംഗിച്ചു.
രാവിലെ പ്രതിനിധി ക്യാംപും പ്രാസ്ഥാനികം സെഷനും വൈകീട്ട് ദുആയും നടന്നു. സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10ന് സമസ്ത സ്ഥാപന നേതൃസംഗമവും വൈകിട്ട് 4ന് ജില്ലാ സാദത്ത് സംഗമവും നടക്കും. വൈകിട്ട് 5ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങൾ ഉദ്ഘാടനം ചെയയ്യും.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. കെ. ആലിക്കുട്ടി മുസല്യാർ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുസമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണവും അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ആദർശ പ്രഭാഷണവും നടത്തും.