go

വാതക പൈപ്പ് ലൈൻ: കർഷകർ പ്രതിഷേധത്തിൽ

കൊച്ചി–സേലം പെട്രോളിയം വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന തെക്കുപാടം പാടശേഖരത്തില്‍ വിളനാശം വന്ന ഭാഗം.
കൊച്ചി–സേലം പെട്രോളിയം വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന തെക്കുപാടം പാടശേഖരത്തില്‍ വിളനാശം വന്ന ഭാഗം.
SHARE

വടക്കഞ്ചേരി∙ കൊച്ചി–സേലം പെട്രോളിയം വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന വടക്കഞ്ചേരി, ആലത്തൂർ മേഖലയിലെ കർഷകർക്ക് കൃഷിനാശത്തിന് നഷ്ടപരിഹാരമോ സ്ഥലത്തിന് വിലയോ നൽകിയില്ലെന്നു പരാതി. 

രണ്ടാം വിള നെൽകൃഷി കൊയ്ത്തിന് തയ്യാറായപ്പോഴാണ് തെന്നിലാപുരം തെക്കുപാടം പാടശേഖരത്തിലെ ഏക്കറുകണക്കിന് നെൽപ്പാടം നിർമാണത്തിന്റെ പേരിൽ വിളനാശം വരുത്തിയത്. എന്നാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നു പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഭയപ്പെടുത്തി പിന്മാറാൻ സമ്മർദം ചെലുത്തുകയാ‌ണെന്നും അക്ഷേപമുണ്ട്. പല കർഷകരും കേസ് ഭയന്ന് പരാതിപോലും നൽകിയിട്ടില്ല. ‌

രണ്ടായിരത്തിൽ സ്ഥാപിച്ച പെട്രോളിയം, ഡീസൽ, മണ്ണെണ്ണ പൈപ്പ് ലൈനിന് സമാന്തരമായിട്ടാണ് ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നത്. ഇതിനായി ചാൽ കീറിയപ്പോൾ ഇരുപതോളം കർഷകരുടെ വിള തെക്കുപാടത്ത് മാത്രം നശിച്ചു. സെന്റിന് 3761 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു. പദ്ധതി തടസ്സപ്പെടുത്തിയെന്നാരോപിച്ച് സമരം ചെയ്ത രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിറ്റേദിവസമാണ് വിട്ടയച്ചത്. ഗ്യാസ് വിതരണ സ്റ്റേഷൻ സ്ഥാപിക്കാൻ നെൽവയൽ, നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ച് പാടത്തിന് കെഎൽയു നൽകിയതായും പരാതിയുണ്ട്.

രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരം ഉടൻ

ഭാരത് പെട്രോളിയം കോർപറേഷന്റെ പങ്കാളിത്തമുള്ള സിസികെ പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്നുണ്ട്. ഉപയോഗാവകാശ നിയമ പ്രകാരം ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് ലൈൻ സ്ഥാപിക്കാൻ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.

എന്നാൽ വിളനാശം വന്ന നെൽകൃഷിക്ക് സെന്റിന് 3761 രൂപ നൽകും. ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തിൽ 9 മീറ്ററിന് ആനുപാതികമായി 20% തുകയും നൽകും. മറ്റ് വിളകൾക്കും നഷ്ടപരിഹാരം കണക്കാക്കിയിട്ടുണ്ട്. കർഷകർ രേഖകൾ ഹാജരാക്കുന്ന മുറയ്ക്കു നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama