go

ആറുവരിപ്പാത: വഴിതടഞ്ഞ് തൊഴിലാളി സമരം

പത്ത് മാസമായി ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് ആറുവരിപ്പാത നിർമാണ തൊഴിലാളികളും ഡ്രൈവർമാരും ചുവട്ടുപാടത്തുള്ള നിർമാണ കമ്പനി ഓഫിസിനു മുന്നിൽ സമരം നടത്തുന്നു.
പത്ത് മാസമായി ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് ആറുവരിപ്പാത നിർമാണ തൊഴിലാളികളും ഡ്രൈവർമാരും ചുവട്ടുപാടത്തുള്ള നിർമാണ കമ്പനി ഓഫിസിനു മുന്നിൽ സമരം നടത്തുന്നു.
SHARE

വടക്കഞ്ചേരി∙ പത്ത് മാസമായി ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് ആറുവരിപ്പാത നിർമാണ തൊഴിലാളികളും ഡ്രൈവർമാരും നിർമാണ കമ്പനി ജീവനക്കാരും നടത്തുന്ന പണിമുടക്ക് ശക്തമായി. ഇന്നലെ മുതൽ നിർമാണ കമ്പനിയുടെ ചുവട്ടുപാടത്തുള്ള ഓഫിസിലേക്കുള്ള വാഹനങ്ങൾ ജീവനക്കാർ തടഞ്ഞു.

രണ്ട് മാസം മുമ്പ് ആരംഭിച്ച സമരം ഇടയ്ക്ക് ശമ്പളം നൽകാമെന്ന ഉറപ്പിൽ തൊഴിലാളികൾ ഭാഗികമായി നിർത്തിയിരുന്നു. എന്നാൽ ഉറപ്പ് പാലിക്കാതായതോടെയാണ് പട്ടിണിയിലായ അയൽ സംസ്ഥാന തൊഴിലാളികൾ സമരം ശക്തമാക്കിയിരിക്കുന്നത്.

ഉപകരാർ ഏറ്റെടുത്ത കുതിരാൻ തുരങ്കനിർമാണ കമ്പനിക്കും കുടിശികതുക നൽകിയിട്ടില്ല. ഇവിടേയും അ‍ഞ്ച് മാസമായി തൊഴിലാളികൾ സമരത്തിലാണ്. 

ബാങ്കുകളുടെ കൺസോർഷ്യം നടത്തിയ പരിശോധനയിൽ നിർമാണ കമ്പനി വൻ തോതിൽ പണം വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ന്യൂനതകൾ പരിഹരിക്കുന്നതുവരെ ബാങ്ക് വായ്പ നൽകുന്നത് നിർത്തിവച്ചത്. ഇതോടെ 10 മാസമായി നിർത്തിവച്ച ആറുവരിപ്പാത നിർമാണം ഇനി എന്ന് തുടങ്ങുമെന്ന് പോലും നിശ്ചയമില്ല.

സൂപ്പർവൈസർമാരും സമരത്തിൽ

ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎംസി ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾക്കൊപ്പം ചുവട്ടുപാടത്ത് കമ്പനി ഓഫിസിനു മുന്നിൽ സൂപ്പർവൈസർമാരും ഓപ്പറേറ്റേഴ്സും ‍ഡ്രൈവർമാരും ഇലക്ട്രീഷ്യൻ‍മാരും ഹെൽപർമാരും അടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ശമ്പളകുടിശിക കിട്ടിയാലുടൻ ഇവിടം വിടുമെന്ന് അയൽ സംസ്ഥാനക്കാരായ തൊഴിലാളികൾ പറഞ്ഞു.

നിർമാണവുമായി ബന്ധപ്പെട്ട് വാഹനഉടമകൾ, ക്രഷർ യൂണിറ്റ് ഉടമകൾ എന്നിവർക്കും കുടിശിക ഇനത്തിൽ വൻതുക നൽകാനുണ്ട്. 

2018 മാർച്ച് 31 നുള്ളിൽ പണികൾ പൂർത്തീകരിച്ച് പാത കമ്മിഷൻ ചെയ്യണമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. നിർമാണം പൂർത്തിയാകാതായതോടെ കാലാവധി വീണ്ടും നീട്ടി നൽകി ജനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ദേശീയപാത അതോറിറ്റി. ബാങ്ക് വായ്പ കിട്ടാത്തത് സംബന്ധിച്ച കാര്യങ്ങൾ നിർമാണ കമ്പനിക്ക് മാത്രമേ അറിയൂ എന്നും തങ്ങൾക്ക് അറിവൊന്നുമില്ലെന്നുമാണ് ദേശീയപാത അധികൃതർ പറയുന്നത്.

ഒപ്പുശേഖരണം ഊർജിതം

മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയുടെ ശോച്യാവസ്ഥക്കെതിരെ ജനരോഷം ശക്തമാകുന്നു. വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നൽകാൻ ആരംഭിച്ച ഒപ്പുശേഖരണം ഇരുപതിനായിരം കടന്നു. 

ആറുവരിപ്പാത നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും നൽകുക. 

ഇതിന്റെ ഭാഗമായി സ്കൂളുകൾ, കോളജുകൾ, സ്ഥാപനങ്ങൾ, അയൽകൂട്ടങ്ങൾ, വിവിധ സംഘടനകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഒപ്പുശേഖരണം തുടരുകയാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama