അലനല്ലൂർ ∙ തട്ടകത്തെ ഉത്സവ ലഹരിയിലാഴ്ത്തി അലനല്ലൂർ നെന്മിനിപ്പുറത്ത് അയ്യപ്പൻകാവ് താലപ്പൊലി ആഘാഷങ്ങൾ വിവിധ പരിപാടികളോടെ സമാപിച്ചു. രാവിലെ എട്ടിന് പട്ടല്ലൂർ മനയിൽ നിന്നു പഞ്ചാരിമേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പും കല്ലുവഴി മുരളി നമ്പീശന്റെ നേതൃത്വത്തിലുള്ള പാഞ്ചാരിമേളവും നടന്നു.
വൈകുന്നേരം മൂന്നിന് തെച്ചിക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് ചെർപ്പുളശ്ശേരി വലിയ അയ്യപ്പനടക്കം ദേശവേലകളിലെ 8 ഗജവീരൻമാർ അണിനിരന്നു കാഴ്ചശീവേലി എഴുന്നള്ളിപ്പുണ്ടായി. വിവിധ വേലകളായ കൂമഞ്ചിറ, നെൻ മിനിശ്ശേരി, കണ്ണംകുണ്ട്, കലങ്ങോട്ടിരി, കാര, തെച്ചിക്കോട് ക്ഷേത്ര കമ്മറ്റി എന്നിവയിൽനിന്നുള്ള പൂതം, തിറ, കാള വേഷങ്ങൾ, ശിങ്കാരിമേളം എന്നിവ കൂടി അണിനിരന്നതോടെ കാണികൾക്കു നിറക്കാഴ്ചയായി. ആശുപത്രിപ്പടി ജംക്ഷനിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം ഉത്സവപ്രേമികളുടെ മനംകവർന്നു.
രാത്രി ഒൻപതിന് പോരൂർ ഉണ്ണിക്കൃഷ്ണനും കല്ലൂർ ഉണ്ണിക്കൃഷ്ണനും ചേർന്നുള്ള ഡബിൾ തായമ്പക, 12നു സുധീർ മാടക്കത്ത് അവതരിപ്പിച്ച മാജിക് സിൽസില എന്നിവ നടന്നു. പുലർച്ചെ അരിയേറ്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയോടെ ഉത്സവാഘോഷങ്ങൾക്കു പരിസമാപ്തിയായി.