go

‘കൈ’ ഉയർത്തി പറയുന്നു; തിരിച്ചുപിടിക്കും പാലക്കാട്

palakkad-will-with-congress
പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ എലപ്പുള്ളി പഞ്ചായത്ത് മേഖലയിൽ പര്യടനത്തിനെത്തിയപ്പോൾ. ചിത്രം: ജിന്‍സ് മൈക്കിൾ ∙ മനോരമ
SHARE

വി.കെ. ശ്രീകണ്ഠനു ചുറ്റും എപ്പോഴുമുണ്ട് ആൾക്കൂട്ടം. പാലക്കാട് നഗരത്തിൽ സിവിൽ സ്റ്റേഷനു സമീപമുള്ള വീട്ടിലും കാണാം ആ തിരക്ക്. തലേന്നു 4 പഞ്ചായത്തുകളിലായിരുന്നു പര്യടനം. അവലോകന യോഗവും കഴിഞ്ഞ് വീട്ടിലെത്തിയതു പുലർച്ചെ മൂന്നിന്. എങ്കിലും രാവിലെ 6.30ന് ഉണർന്നു. 

വാതിൽ തുറക്കുന്നതും കാത്ത് പുറത്തു ‘രണ്ടു പേർ’ നിൽപ്പുണ്ടായിരുന്നു. വാതിൽ തുറന്നതും അവർ നേരെ അടുക്കളയിലേക്കു നടന്നു. രണ്ടു പൂച്ചകളാണു കക്ഷികൾ. താമസം പുറത്താണെങ്കിലും ഇരുവർക്കും ഭക്ഷണം അടുക്കളയിലാണ്. ശ്രീകണ്ഠന്റെ ഭാര്യ കെ.എ. തുളസി ഇരുവർക്കും ചോറ് വിളമ്പി. അത് എന്നും പതിവുള്ളതാണ്. 

എട്ടു മണി ആയപ്പോഴേക്കും എലപ്പുള്ളിയിൽ നിന്നു 3 തവണ ഫോൺ വന്നു. ആദ്യ സ്വീകരണം എലപ്പുള്ളി എടുപ്പുകുളം ജംക്‌ഷനിലാണ്. അവിടെ ചടങ്ങ് തുടങ്ങാറായി, പ്രസംഗങ്ങൾ തീരുമ്പോഴേക്ക് സ്ഥാനാർഥി എത്തണം.

തുളസി ടീച്ചർ ഇഡ്ഡലിയും ചട്ണിയുമായി എത്തി. അൽപം ചട്ണി കൂട്ടി 3 ഇഡ്ഡലി കഴിച്ച് സ്ഥാനാർഥി ഇറങ്ങി. പരീക്ഷാ ഡ്യൂട്ടിക്കു പോകാൻ റെഡിയായി തുളസി ടീച്ചറും പുറത്തെത്തി. നെന്മാറ എൻഎസ്എസ് കോളജ് ചരിത്ര വിഭാഗം മേധാവിയും എഐസിസി അംഗവുമാണ് കെ.എ.തുളസി. രാവിലെ പരീക്ഷാ ഡ്യൂട്ടിയുണ്ട്. ഉച്ച കഴിഞ്ഞ് മങ്കര മേഖലയിൽ വോട്ടർമാരെ കാണാൻ പോകണം. 

വണ്ടിയിൽ കയറുമ്പോൾ ടീച്ചർക്ക് ഒന്നേ അറിയേണ്ടതുള്ളൂ, കുടിക്കാനുള്ള വെള്ളം എടുത്തോ എന്ന്. 

കൊടുമ്പ് പഞ്ചായത്ത് മേഖലയിലെ പര്യടനത്തിനിടെ മണ്ഡ‍ലം പ്രസിഡന്റിന്റെ വീട്ടിലെത്തി ടിവിയിൽ കെ.എം. മാണിയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിക്കുന്ന വി.കെ. ശ്രീകണ്ഠൻ.
കൊടുമ്പ് പഞ്ചായത്ത് മേഖലയിലെ പര്യടനത്തിനിടെ മണ്ഡ‍ലം പ്രസിഡന്റിന്റെ വീട്ടിലെത്തി ടിവിയിൽ കെ.എം. മാണിയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിക്കുന്ന വി.കെ. ശ്രീകണ്ഠൻ.

  വെള്ളമുണ്ടോ? കൂലിയുണ്ടോ? 

എടുപ്പുകുളത്ത് സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകൾ കാത്തു നിൽക്കുന്നു. മുൻഭാഗത്ത് സ്ഥാനാർഥിയുടെ ചിത്രവും പുറകിൽ കൈപ്പത്തി ചിഹ്നവുമൊക്കെയുള്ള വെള്ള ടി ഷർട്ട് അണിഞ്ഞ യുവാക്കളുടെ നീണ്ട നിര. 

അവിടെ വോട്ട് ചോദിച്ചാൽ മാത്രം പോരാ, ഐഎൻടിയുസി ഓഫിസ് ഉദ്ഘാടനവുമുണ്ട്. സ്ഥാനാർഥിക്ക് ആദ്യം ചോദിക്കാനുള്ളതു വെള്ളത്തെക്കുറിച്ചും തൊഴിലുറപ്പു കൂലിയെക്കുറിച്ചുമൊക്കെയാണ്. മിക്ക സ്ഥലങ്ങളിലും സങ്കടമാണ് ഇതിനുള്ള മറുപടി. വെള്ളം കിട്ടാത്ത ഈ നാട്ടിൽ ബ്രൂവറിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും അതു ചോദ്യം ചെയ്യാൻ തയാറാകാത്ത എംപിയുടെ നടപടിക്കും മറുപടി നൽകാനുള്ള അവസരമാണു തിരഞ്ഞെടുപ്പെന്നു ശ്രീകണ്ഠൻ പറയുമ്പോൾ ജനം എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു. 

  രാഹുലുണ്ട് അരികിൽ

തേനാരി എത്തിയപ്പോഴേക്ക് പര്യടനത്തിന്റെ രൂപം മാറി. ആളും വാഹനങ്ങളുമൊക്കെ കൂടി. ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർഥിയുടെ രാഷ്ട്രീയ പ്രസംഗം. ബിജെപി ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നു, സിപിഎം രാഷ്ട്രീയ എതിരാളികളെ വെട്ടിമുറിക്കുന്നു. ഈ രണ്ടു കൂട്ടരെയും പാലക്കാട്ടു നിന്നു കെട്ടുകെട്ടിക്കണമെന്നാണ് വോട്ടർമാരോടുള്ള അഭ്യർഥന. 

പ്രസംഗം തീരും മുൻപ് അനൗൺസ്മെന്റ് വാഹനം പുറപ്പെട്ടു കഴിഞ്ഞു. വേനൽ ചൂടിനൊപ്പം അനൗൺസറും കത്തിക്കയറുകയാണ്: ‘‘പാലക്കാട് മണ്ഡലത്തിൽപ്പെട്ട മണ്ണാർക്കാട് അലനല്ലൂർ കഴിഞ്ഞാൽ പിന്നെ വയനാട് ലോക്സഭാ മണ്ഡലമാണ്. രാഹുൽ ഗാന്ധിയാണ് അവിടെ യുഡിഎഫ് സ്ഥാനാർഥി. തോളോടു തോൾ ചേർന്നു നിൽക്കുന്ന രണ്ടു മണ്ഡലങ്ങൾ. നമ്മുടെ സ്ഥാനാർഥി ജയിച്ചാൽ പാർലമെന്റിൽ രാഹുലിനു തൊട്ടപ്പുറത്താണു സീറ്റ്. പ്രധാനമന്ത്രിക്കൊപ്പം നമ്മുടെ എംപിയും ഇരിക്കട്ടെ, എല്ലാവരും ഒരു കൈ സഹായിക്കണേ...’’ 

ഇഡ്ഡലി വീതിച്ചില്ല; എംപി ഫണ്ട് വീതിക്കും

പാലക്കാട് സിവിൽ സ്റ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പുറപ്പെടുന്ന വി.കെ. ശ്രീകണ്ഠൻ. ഭാര്യ കെ.എ. തുളസി സമീപം.
പാലക്കാട് സിവിൽ സ്റ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പുറപ്പെടുന്ന വി.കെ. ശ്രീകണ്ഠൻ. ഭാര്യ കെ.എ. തുളസി സമീപം.

പര്യടനം രാമശ്ശേരി എത്തിയപ്പോൾ ഊണിനു സമയമായെങ്കിലും രാമശേരി ഇഡ്ഡലി നൽകിയാണു നാട്ടുകാർ സ്ഥാനാർഥിയെ വരവേറ്റത്. നൂറു കണക്കിനാളുകൾ ചുറ്റും കൂടി നിൽക്കുന്നു. തനിക്കു കിട്ടിയ 3 ഇഡ്ഡലി അടുത്തുള്ളവർക്കായി വീതിക്കാനൊരുങ്ങിയപ്പോൾ എല്ലാവരും ചേർന്നു നിർബന്ധിച്ചു കഴിപ്പിച്ചു. ഇഡ്ഡലി വീതിക്കാൻ സമ്മതിച്ചില്ലെങ്കിലും എംപിയായാൽ പദ്ധതികൾ എല്ലാ മേഖലയിലേക്കും വീതിച്ചു നൽകാമെന്നു സ്ഥാനാർഥിയുടെ ഉറപ്പ്. 

കൊടുമ്പ് പഞ്ചായത്തിലെ മുല്ലേരിയിൽ  മണ്ഡലം പ്രസിഡന്റ് സുകുമാരന്റെ വീട്ടിലാണ് ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്. 15 കേന്ദ്രങ്ങളിലെ സ്വീകരണം കഴിഞ്ഞ് സ്ഥാനാർഥി എത്തിയപ്പോൾ 3 മണിയായി. താൻ എത്താൻ കാത്തുനിൽക്കേണ്ടെന്നും കൂടെയുള്ള പ്രവർത്തകർക്ക് ഭക്ഷണം നൽകാനും സ്ഥാനാർഥിയുടെ അഭ്യർഥന. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നെങ്കിലും സ്ഥാനാർഥിക്ക് കുറച്ചു ചോറും രണ്ടു ഗ്ലാസ് മോരും വെള്ളവും മതി. 

 പടക്കം തീർക്കല്ലേ...

4.30ന് പര്യടനം പുനരാരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ കാണാനാണ് ആദ്യം പോയത്. ഭരണം ലഭിച്ചാൽ തൊഴിലുറപ്പ് ദിനങ്ങൾ 150 ആക്കുമെന്നും കൂലി 7 ദിവസത്തിനകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകിയ കാര്യം ഓർമിപ്പിച്ചു. മരുത റോഡ്, പുതുശ്ശേരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സമാപന സ്ഥലമായ ചന്ദ്രാപുരത്ത് എത്തുമ്പോൾ രാത്രി വൈകി. 

പടക്കം അടക്കം വൻ സന്നാഹങ്ങളുമായി ജനം കാത്തുനിന്നിരുന്നു. പടക്കം പൊട്ടിക്കുന്നവരോട് സ്ഥാനാർഥിക്കു പറയാനുള്ളത് ഒറ്റക്കാര്യം മാത്രം, മുഴുവൻ പടക്കവും ഇപ്പോൾ തന്നെ തീർക്കരുത്. പാലക്കാട് ഇത്തവണ നമുക്കു തിരിച്ചുപിടിക്കണം, മേയ് 23ന് അതു നടക്കും. അന്നു പൊട്ടിക്കാനുള്ള പടക്കം മാറ്റി വയ്ക്കണം. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama