go

വിഷുക്കാലം കണ്ണീരോർമയായി 25 വർഷത്തിനു ശേഷവും നളിനി

Nalini
ആറ്റാശ്ശേരി ചുണ്ടയിൽ രാഘവൻ, ഭാര്യ നളിനി
SHARE

ചെർപ്പുളശ്ശേരി ∙ 25 വർഷമായി വിഷുക്കാലം എന്നത് കണ്ണീർക്കാലമാണ് ഈ അമ്മയ്ക്ക്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ മരണപ്പാച്ചിലെടുത്ത് ഓടിനടന്നിട്ടും ഒന്നും കലങ്ങിത്തെളിയുന്നില്ല ഇന്നും. കരഞ്ഞു കലങ്ങിയ മുഖം ഒരിക്കലും പിന്നെ തെളിഞ്ഞിട്ടുമില്ല. മൃതദേഹം വിട്ടുകിട്ടാത്തതുകൊണ്ടുതന്നെ അന്ത്യകർമങ്ങൾ ചെയ്യാനാവാതെ കാത്തിരിക്കുന്നു ഓരോ ദിനവും. ശ്രീകൃഷ്ണപുരം ആറ്റാശ്ശേരി ചുണ്ടയിൽ വീട്ടിൽ സി.രാഘവൻ സൗദി അറേബ്യയിലെ അൽബഹയിൽ മരിച്ചെന്ന സന്ദേശം വീട്ടിൽ കിട്ടുന്നത് 25 വർഷം മുൻപാണ്.

നാലു പെൺകുട്ടികളെ പോറ്റാൻ വിദേശത്തേക്കു പോയ ഭർത്താവ് കാറപകടത്തിൽ മരിച്ചതറിഞ്ഞു നടുങ്ങിയ നളിനിയുടെ ഹൃദയം ഇപ്പോഴും വിതുമ്പുകയാണ്. ‘ഇപ്പോഴും സംഭവിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. മരിച്ചെന്ന് അറിഞ്ഞതല്ലാതെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളോ പാസ്പോർട്ടോ മറ്റു രേഖകളോ കിട്ടിയിട്ടില്ല. അവിടെത്തന്നെ സംസ്കരിച്ചോ, അതുമറിയില്ല’, നളിനി വിതുമ്പുന്നു. കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും ടാപ്പിങ് തൊഴിലാളിയായ രാഘവൻ ഗൾഫിലേക്കു പോകുമ്പോൾ  ഇളയ മകൾ ശാലിനിക്കു 3 വയസ്സ്. പതിവായി കത്തയയ്ക്കുമായിരുന്നു.

നളിനി പലവട്ടം ചോദിച്ചിട്ടുണ്ട്. എന്താണു ജോലിയെന്ന്. അതു മാത്രം ആരോടും പറഞ്ഞില്ല. ഗൾഫിൽ പോകാൻ വേണ്ടി വാങ്ങിയ കടം പലവട്ടമായി വീട്ടിയിരുന്നു. പോയിക്കഴിഞ്ഞ് ഒരു വർഷം തികയും മുൻപുതന്നെ ആ ദുരന്തവാർത്തയെത്തി. 1994 ഏപ്രിൽ 7നുണ്ടായ കാറപകടത്തിൽ രാഘവൻ മരിച്ചു. തുടർന്നിങ്ങോട്ട് ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഓഫിസുകൾ കയറിയിറങ്ങൽ. ഗൾഫിൽ കൊണ്ടുപോകാൻ സഹായിച്ചവരോടും പരിചയക്കാരോടുമൊക്കെ അന്വേഷിച്ചു. 

എന്താണു ശരിക്കും സംഭവിച്ചതെന്നെങ്കിലും പറയൂവെന്ന് കേണപേക്ഷിച്ചു. ആരും ഒന്നും തെളിച്ചു പറഞ്ഞില്ല. കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടമാണെന്നേ വിവരമുള്ളൂ. മൃതദേഹം കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ അവിടെ സംസ്കരിച്ചോ, സൂക്ഷിച്ചിരിക്കുകയാണോ അതുമറിയില്ല. യാത്രാരേഖകളും പെട്ടിയുമൊക്കെ എവിടെ..? ഒരിക്കലും കൂട്ടിമുട്ടാത്ത രേഖകളുമായി ആ യാത്ര കാൽ നൂറ്റാണ്ടിനിപ്പുറവും നീണ്ടുപോകുന്നു. രാഘവൻ പറന്നകലുമ്പോൾ പറക്കമുറ്റാത്ത രജനി, സജിനി, ഷൈനി, ശാലിനി എന്നീ നാലു പെൺമക്കളെയും കൊണ്ടു പകച്ചു നിൽക്കുകയായിരുന്നു നളിനി. തളർന്നു പോയ ദിനങ്ങൾ. ദുർബലമായ ആ ചുവടുകൾക്കു ബലം പകർന്ന് ഈശ്വരൻ കൂടെ നടക്കുകയായിരുന്നു പിന്നെ.

അല്ലലറിയിക്കാതെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കി നാലു പേരെയും വിവാഹം കഴിച്ചയച്ചു. 8 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ എംബസിയിൽ നിന്നു വന്ന അറിയിപ്പിൽ സ്പോൺസറുടേതായി കുറച്ചു പണം കിട്ടാൻ സാധ്യതയുണ്ടെന്നു സൂചിപ്പിച്ചിരുന്നു. അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ല. ജനപ്രതിനിധികൾ വഴിയും ഇന്ത്യൻ എംബസി വഴിയുമൊക്കെ ഒട്ടേറെ തവണ ശ്രമം നടത്തി. ഫലവത്താകുന്നില്ലെന്നു മാത്രം.  

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama