go

വെട്ടിക്കാട് ഗ്രാമത്തിന് ഇന്ന് ആഘോഷമില്ല; ആ കൊന്നപ്പൂക്കൾ കൂടെപ്പിറപ്പുകൾക്ക്

സുരേഷ് മേനോനും  സുരേന്ദ്രനും
സുരേഷ് മേനോനും സുരേന്ദ്രനും
SHARE

കൊപ്പം ∙ വെട്ടിക്കാട് ഗ്രാമ വാസികൾക്ക് ഇന്നു വിഷു ആഘോഷങ്ങളില്ല. വിഷുക്കണിയൊരുക്കാൻ വാങ്ങിവച്ച കൊന്നപ്പൂക്കൾ അവർ കൂടെപ്പിറപ്പുകൾക്കായി അർപ്പിക്കും. കൊപ്പം പഞ്ചായത്തിലെ വെട്ടിക്കാട് ഗ്രാമത്തിലെ അയൽവാസികളായ പ്രിയപ്പെട്ടവരുടെ അപകട മരണം പരിസര വാസികളെയും കണ്ണീരിലാഴ്ത്തി. വെട്ടിക്കാട് കരിമ്പനക്കൽ തറവാട്ടു വീട്ടിലെ കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു ജീവിതങ്ങളുടെ അകാല മരണമാണു നാടിനും കുടുംബങ്ങൾക്കും നൊമ്പരമായി മാറിയത്. കൊച്ചിയിൽ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനായ സുരേഷ് മേനോൻ കഴിഞ്ഞ ദിവസമാണു വിഷു അവധിക്കു നാട്ടിലെത്തിയത്. കർഷകനും കുടുംബത്തിന്റെ അത്താണിയുമാണ് സുരേന്ദ്രൻ എന്ന സുന്ദ. അയൽവാസികളായ സഹോദരന്മാരുടെ അകാല മരണ വാർത്തയറിഞ്ഞ് ഒട്ടേറെ പേർ ഇവരുടെ വസതിയിലെത്തി.

അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ശ്രമം: 2 പേർ കിണറ്റിൽ വീണു മരിച്ചു

കൊപ്പം (പട്ടാമ്പി)∙ കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥനും ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയ അയൽവാസികളായ സഹോദരന്മാരിൽ ഒരാളും ശ്വാസം മുട്ടി മരിച്ചു. മൂന്നാമത്തെയാളെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊപ്പം പഞ്ചായത്തിലെ തൃത്താല–കൊപ്പം വെട്ടിക്കാട് കരിമ്പനക്കൽ പരേതനായ രാമകൃഷ്ണ മേനോന്റെ മകൻ സുരേഷ് മേനോൻ (42), ഇവരുടെ അയൽവാസി മൈലാട്ട്കുന്ന് കുഞ്ഞുകുട്ടന്റെ മകൻ സുരേന്ദ്രൻ (സുന്ദ–36) എന്നിവരാണു മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി (28) ആണു ചികിൽസയിലുള്ളത്. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. 

കരിമ്പനക്കൽ തറവാട്ടു വീട്ടിലെ കിണറ്റിൽ ചാടിയ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങിയതാണു സുരേഷ് മേനോൻ. കിണറ്റിലെ മോട്ടർ തൂക്കിയിട്ട കയറിൽ തൂങ്ങി നിന്ന് അണ്ണാൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ശ്വാസം മുട്ടി ഇയാൾ കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരേന്ദ്രൻ ഇയാളെ രക്ഷിക്കാനിറങ്ങിയെങ്കിലും സുരേന്ദ്രനും ശ്വാസം മുട്ടി കിണറ്റിൽ വീണു. ഒൻപതടി താഴ്ചയുളള കിണറ്റിലകപ്പെട്ട രണ്ടു പേരയും രക്ഷിക്കാനിറങ്ങിയ സുരേന്ദ്രന്റെ സഹോദരൻ  കൃഷ്ണൻകുട്ടിയും ബോധരഹിതനായി കിണറ്റിലകപ്പെട്ടു.

സുരേന്ദ്രന്റെ മറ്റൊരു സഹോദരൻ രാജുവും അയൽവാസിയായ സുഭാഷും ചേർന്നാണു മൂവരെയും കരയ്ക്കെത്തിച്ചത്. കൊപ്പം എസ്ഐ ഫഖ്റുദ്ധീന്റെ നേതൃത്വത്തിൽ പൊലീസും ഷൊർണൂരിൽ നിന്ന് അഗ്നി രക്ഷാ സേനയും എത്തി. പൊലീസ് വാഹനത്തിൽ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മേനോനും സുരേന്ദ്രനും വഴി മധ്യ മരിച്ചു.

ഗുരുതരാവസ്ഥയിൽ തുടരുന്ന കൃഷ്ണൻകുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്.  സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സുരേഷ് മേനോന്റെ സംസ്കാരം ഇന്നു ചെറുതുരുത്തി പുണ്യതീരത്ത്. കൊച്ചിയിൽ സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണു സുരേഷ് മേനോൻ. ഭാര്യ: സൗമ്യ. സുരേന്ദ്രന്റെ ഭാര്യ : സംഗീത. മകൾ: അനയ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama