go

ഭാരതപ്പുഴയിൽ ജലനിരപ്പു താഴ്ന്നു; പലായനം ചെയ്ത ആളുകൾ വീടുകളിലേക്കു മടങ്ങി

palakkad-flood-lost
തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഇരുപത്തിരണ്ടാമത്തെ ഷട്ടർ ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചു പോയ നിലയിൽ.
SHARE

തിരുമിറ്റക്കോട്∙ മഴ തുടരുന്നു. ദുരിതവും. തിരുമിറ്റക്കോട്, നാഗലശ്ശേരി മേഖലകളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നതിനാൽ പല ഗ്രാമീണ റോഡുകളും ഇപ്പോഴും വെള്ളത്തിൽ. തിരുമിറ്റക്കോട്ട് കൊടലൂർക്കാവ്, ചെറുകാട് മേഖലകളിലെ വെള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല. ചെറുകാട് ദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇരിങ്കൂറ്റൂർ എളവള്ളി സ്കൂൾ, രായമംഗലം അങ്കണവാടി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാംപുകളിലെ കുടുംബങ്ങൾ വീടുകളിലേക്കു മടങ്ങി.

സംസ്ഥാനപാതയിൽ തിരുമിറ്റക്കോട് ഒരു കിലോമീറ്റർ ദൂരം നിറഞ്ഞുനിന്നിരുന്ന വെള്ളം ഇന്നലെ ഉച്ചയോടെ ഇറങ്ങി. തിരുമിറ്റക്കോട്–പട്ടാമ്പി റിങ് റോഡിലും ഗതാഗതം പുനഃസ്ഥാപിച്ചു. റവന്യു, പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നാട്ടുകാരും ദുരിതാശ്വാസത്തിനു മുന്നിട്ടിറങ്ങി. വടക്കേ വെള്ളടിക്കുന്ന് ഉൾപ്പെടെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളി‍ൽ വൈദ്യുത ബന്ധം തകരാറിലായി 3 ദിവസം പിന്നിടുമ്പോഴും പരിഹരിക്കാനാകാത്തതു പ്രതിഷേധത്തിനിടയാക്കി.

തൃത്താല ∙ ഭാരതപ്പുഴയിൽ ജലനിരപ്പു താഴ്ന്നതോടെ പലായനം ചെയ്ത ആളുകൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ശനിയാഴ്ച ഉച്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. ഇന്നലെ മഴ കുറവായത് ആശ്വാസമായി. ഭാരതപ്പുഴയിൽ രണ്ടര മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. തൃത്താല, വി.കെ. കടവ്, ഉള്ളനൂർ, ഞാങ്ങാട്ടിരി, പട്ടിത്തറ എന്നിവിടങ്ങളിൽ വെള്ളം കയറിയ ഭൂരിഭാഗം വീടുകളിൽ നിന്നു വെള്ളം ഇറങ്ങി. വീട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നു വീടുകൾ വൃത്തിയാക്കി. തൃത്താല ഗവ.ആശുപത്രി ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാകാത്തതു രോഗികൾക്കു ദുരിതമായി. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് തൃത്താല ഹൈസ്കൂളിനു സമീപമുള്ള വീട്ടുകാർ ജലസേചന ഉദ്യോഗസ്ഥരെ തടഞ്ഞു പ്രതിഷേധിച്ചു.

ജലനിരപ്പ് താഴ്ന്നുതുടങ്ങി

കുമരനല്ലൂർ ∙ മഴ വിട്ടുനിന്നതോടെ ആനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജല നിരപ്പു താഴ്ന്നു തുടങ്ങി. പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ആനക്കര കുമ്പിടി റോഡ് ഉൾപ്പെടെ പല സ്ഥലത്തും റോഡിൽ നിന്നു പൂർണമായി വെള്ളമിറങ്ങിയിട്ടില്ല. ആനക്കര, പട്ടിപ്പാറ ക്യാംപുകളിൽ 78 കുടുംബങ്ങളിലെ 230 പേരാണു നേരത്തേ ഉണ്ടായിരുന്നത്. പലരും ഇന്നലെ വീടുകളിലേക്കു തിരിച്ചു പോയി ശുചീകരണത്തിരക്കിലാണ്. ഇന്നലെ വൈകിട്ട് കൂടല്ലൂർ കൂമാൻ തോട് പാലത്തിനു സമീപം പ്രധാന പാതയുടെ വശം ഇടിഞ്ഞുതാഴ്ന്നതു വാഹനയാത്ര ആശങ്കയിലാക്കുന്നുണ്ട്. ഇവിടെ നാട്ടുകാർ താൽക്കാലിക മുന്നറിയിപ്പ് ഒരുക്കിയിട്ടുണ്ട്. ആനക്കര മേഖലയിലെ ഒട്ടേറെ വീടുകളുടെ ചുറ്റുമതിലും പ്രളയത്തിൽ തകർന്നിട്ടുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama