go

വെള്ളിയാങ്കല്ലിനെയും കൂട്ടക്കടവിനെയും ചൊല്ലി ജനപ്രതിനിധികൾ ഉടക്കി, തർക്കപ്രളയം

palakkad-velliyankallu
പട്ടാമ്പി താലൂക്ക് ഓഫിസിൽ ചേർന്ന മഴക്കാല അവലോകന യോഗം ബഹളത്തെ തുടർന്ന് അലങ്കേ‌ാലപ്പെട്ടപ്പോൾ
SHARE

പട്ടാമ്പി ∙ വെള്ളിയാങ്കല്ലിലും കൂട്ടക്കടവിലും ഉടക്കി എംഎൽഎമാരും പഞ്ചായത്ത് അധ്യക്ഷന്മാരും. കാലവർഷക്കെടുതി അവലോകനത്തിനു താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിലാണ് എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും തമ്മിൽ തർക്കിച്ചത്.വി.ടി.ബൽറാം എംഎൽഎ: പട്ടാമ്പിയിലെയും തൃത്താലയിലെയും വെള്ളപ്പൊക്കത്തിനു കാരണം വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ പൂർണമായും തുറക്കാത്തതാണ്. ഇതു വലിയ പരാതിക്കിടയാക്കി. 

ഉദ്യേ‌ാഗസ്ഥരുടെ അനാസ്ഥയാണു കാരണം. പഴി കേൾക്കേണ്ടിവരുന്നതു ജനപ്രതിനിധികളാണ്.വി.ടി. ബൽറാമിനെ പട്ടാമ്പി നഗരസഭ അധ്യക്ഷൻ കെഎസ്ബിഎ തങ്ങൾ പിന്തുണച്ചു. യോഗം വെള്ളിയാങ്കല്ല് ചർച്ചയ്ക്കു മാത്രമല്ല, എല്ലാ പഞ്ചായത്തുകളിലെയും കാര്യങ്ങൾ ചർച്ചചെയ്യണം എന്നായി പഞ്ചായത്ത് പ്രസിഡന്റുമാർ. കമ്മിഷൻ ചെയ്യാൻ പോകുന്ന കൂട്ടക്കടവ് റഗുലേറ്ററിന്റെ കാര്യം തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ ആനക്കര, പട്ടിത്തറ, പരുതൂർ പഞ്ചായത്തുകൾക്കു ദോഷം ചെയ്യുമെന്നായി വി.ടി.ബൽറാം. ഇതോടെ പഞ്ചായത്ത് പ്രസിഡ‍ന്റുമാർ ബഹളം വച്ചു. കൂട്ടക്കടവ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു.അജൻഡ നേരത്തെ തീരുമാനിക്കാത്തതിനാൽ ഏതു വിഷയവും സംസാരിക്കാമെന്നായി ബൽറാം. 

ഇതോടെ, എംഎൽഎമാർ തമ്മിലുള്ള തർക്കം രൂക്ഷമായി. യോഗം ബഹളമയമായി.ഇതിനിടെ ഒരു പത്രത്തിന്റെ ലേഖകൻ വിഷയത്തിൽ ഇടപെട്ടതു വി.ടി. ബൽറാമിന് ഇഷ്ടമായില്ല. നിങ്ങളാരാണു ഞാൻ സംസാരിക്കുന്ന വിഷയത്തെ ചോദ്യം ചെയ്യാനെന്നു ബൽറാം ചോദിച്ചു. തുടർന്ന് എല്ലാവരും ഇടപെട്ടു യോഗം സമാധാനപരമായി തുടരാൻ തീരുമാനമായി. സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാരും പത്ര ലേഖകനും ചേർന്നു തനിക്കെതിരെ തിരിഞ്ഞതാണു പ്രശ്നങ്ങൾക്കു കാരണമെന്നു ബൽറാം പറഞ്ഞു. ‘ സീനിയർ എംഎൽഎ എന്ന നിലയിൽ താനാണു യോഗത്തിൽ അധ്യക്ഷനാകേണ്ടത്. പക്ഷേ അതുണ്ടായില്ല. ആനക്കര, പട്ടിത്തറ, പരുതൂർ പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിലുണ്ടായിട്ടും നാടിനെ സംബന്ധിക്കുന്ന പ്രശ്നത്തിൽ മൗനം പാലിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാരെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചത്’, ബൽറാം കുറ്റപ്പെടുത്തി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama