go

എങ്ങനെ കുടിക്കും

മലമ്പുഴയിൽ നിന്നു വിതരണം ചെയ്യുന്ന കലക്കവെള്ളം
മലമ്പുഴയിൽ നിന്നു വിതരണം ചെയ്യുന്ന കലക്കവെള്ളം
SHARE

പാലക്കാട് ∙ കനത്ത മഴയിൽ മലമ്പുഴ കലങ്ങിമറിഞ്ഞതോടെ കുടിക്കാനോ, ഭക്ഷണം പാചകം ചെയ്യാനോ ശുദ്ധജലം ലഭിക്കാതെ രണ്ടു ലക്ഷത്തോളം പേർ ദുരിതത്തിൽ. എന്താവശ്യത്തിനും കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. ജല അതോറിറ്റി സൂപ്പർ ക്ലോറിനേഷനിലൂടെയും മറ്റും പരമാവധി ശുദ്ധീകരണം നടത്തുന്നുണ്ടെങ്കിലും വെള്ളം തെളിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഈ ജലം വിതരണം ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന് അതോറിറ്റി പറയുന്നു. ഇല്ലെങ്കിൽ ജല വിതരണം നിർത്തിവയ്ക്കേണ്ടിവരും. ടാങ്കർ ലോറിയിൽ ജലം വിതരണം ചെയ്യൽ പ്രായോഗികമല്ല.

പ്രതിദിനം 42 ദശലക്ഷം ലീറ്റർ

പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, പുതുശ്ശേരി, വടകരപ്പതി പഞ്ചായത്ത് പ്രദേശങ്ങളിലായി പ്രതിദിനം 42 ദശലക്ഷം ലീറ്റർ ജലമാണു മലമ്പുഴ പദ്ധതി വഴി വിതരണം ചെയ്യുന്നത്. ഇതിൽ പാലക്കാട് നഗരപരിധിയിലെ ജനങ്ങൾ പൂർണമായി മലമ്പുഴ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നഗരത്തിൽ കിണർ വെള്ളം പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്നില്ല

ചെളി നാലിരട്ടി

ശുദ്ധജലത്തിൽ 10 യൂണിറ്റിൽ താഴെയാണു ചെളിയുടെ അനുവദനീയ പരിധി. മലമ്പുഴ വെള്ളത്തിൽ നിലവിൽ ചെളിയുടെ അളവ് 48–50 യൂണിറ്റാണ്. മഴ ശക്തമായ ദിവസങ്ങളിൽ ചെളിയുടെ അളവ് 200 യൂണിറ്റ് വരെ എത്തിയിരുന്നു. ചെളിയുടെ തോതു ക്രമാതീതമായി ഉയർന്നതോടെ ജല ശുദ്ധീകരണ സംവിധാനങ്ങളും തകരാറിലാകുന്ന സ്ഥിതിയാണ്.

ഇടയ്ക്കിടെ ശുദ്ധീകരണ പ്രക്രിയ നിർത്തിവച്ച് അടിഞ്ഞ ചെളി മാറ്റിയ ശേഷമാണു വീണ്ടും പമ്പിങ് നടത്തുന്നത്. കുത്തിയൊലിച്ചെത്തിയ ജലത്തിലെ ചെളി അടിയാത്തതാണു പ്രശ്നം. ജലത്തോടൊപ്പം കലർന്നെത്തുന്ന ചെളി അടിയാൻ ദിവസങ്ങളെടുക്കും.ഒഴുക്കുവെള്ളമായതിനാൽ ഭാരതപ്പുഴയിൽ ചെളിയുടെ അംശം ഇത്രത്തോളം ഇല്ല. ഇത് ജല അതോറിറ്റിക്കും ആശ്വാസം പകരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama