go

വരൂ, കരകയറാം

പ്രളയബാധിതമായ പാലക്കാട് സുന്ദരം കോളനിയിലുള്ളവരുടെ പെരുന്നാളാഘോഷത്തിൽ നിന്ന്. ക്യാംപുകളിൽ നിന്ന് ഇന്നലെയാണു പലരും വീടുകളിൽ എത്തിയത്. വീട്ടുസാധനങ്ങൾ വൃത്തിയാക്കുന്ന തിരക്കിനിടെ കോളനി നിവാസികളെല്ലാവരും ഒന്നിച്ചുള്ള ആഘോഷത്തിൽ പങ്കുചേരുകയായിരുന്നു.
പ്രളയബാധിതമായ പാലക്കാട് സുന്ദരം കോളനിയിലുള്ളവരുടെ പെരുന്നാളാഘോഷത്തിൽ നിന്ന്. ക്യാംപുകളിൽ നിന്ന് ഇന്നലെയാണു പലരും വീടുകളിൽ എത്തിയത്. വീട്ടുസാധനങ്ങൾ വൃത്തിയാക്കുന്ന തിരക്കിനിടെ കോളനി നിവാസികളെല്ലാവരും ഒന്നിച്ചുള്ള ആഘോഷത്തിൽ പങ്കുചേരുകയായിരുന്നു.
SHARE

പാലക്കാട്∙ പ്രളയ ജലം ഇറങ്ങിത്തുടങ്ങി. ഇനി വീട്ടിലേക്ക് പോകുകയാണ് നമ്മൾ. പ്രളയത്തെ നേരിട്ട് അതേ ജാഗ്രതയോടെ തന്നെയാവണം ഇനി ഓരോ കാര്യങ്ങളും ചെയ്യാൻ. വീടുകൾ വൃത്തിയാക്കുന്നതും മലിനജലത്തിലൂടെ നടക്കുന്നതുമെല്ലാം ശ്രദ്ധയോടും മുൻകരുതലോടും കൂടിയാകണം.

കിണർവെള്ളം ശുദ്ധീകരിക്കാം

∙ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കിണർ വെള്ളം ശുദ്ധീകരിക്കാം

∙ പാമ്പ് ഉൾപ്പെടെ ഇഴജന്തുക്കൾ കിണറ്റിലകപ്പെട്ടാലും അവയെ എടുത്തു കളഞ്ഞു വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കാം

∙ മഴക്കാലത്തു വെള്ളം പമ്പ് ചെയ്തു കളയാൻ സാധിക്കാത്തതിനാൽ സൂപ്പർ ക്ലോറിനേഷൻ നടത്താവുന്നതാണ്

∙ 1000 ലീറ്റർ ജലത്തിന് 5 ഗ്രാം തോതിൽ ബ്ലീച്ചിങ് പൗഡർ ബക്കറ്റിലെടുത്ത് അൽപം വെള്ളം ചേർത്തു വടി ഉപയോഗിച്ച് ഇളക്കി കുഴമ്പുരൂപത്തിലാക്കുക. 10 മിനിറ്റ് തെളിയൂറാൻ വച്ചശേഷം തെളിവെള്ളം വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഒഴിച്ചു കിണറ്റിലേക്ക് ഇറക്കുക. ബക്കറ്റ് കിണറിലെ വെള്ളത്തിൽ താഴ്ത്തുകയും പൊക്കുകയും ചെയ്തു ക്ലോറിൻ ലായനി നന്നായി വെള്ളത്തിൽ കലർത്തണം. ഒരു മണിക്കൂറിനുശേഷം ജലം ഉപയോഗിച്ചു തുടങ്ങാം.

ജന്തുജന്യ രോഗങ്ങൾ

വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നവരും പ്രളയസമയത്തു രക്ഷാ പ്രവർത്തനത്തിനിറങ്ങിയവരും പ്രളയ ബാധിതരും എലിപ്പനിക്കെതിരെ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നുകഴിക്കണം.

ശുദ്ധീകരണത്തിന് ക്ലോറിൻ ഗുളിക

പാലക്കാട് ∙ പ്രളയബാധിത മേഖലകളിൽ ജലശുദ്ധീകരണത്തിന് ക്ലോറിൻ ഗുളികകളുമായി ആരോഗ്യവകുപ്പ്. പ്രളയത്തിൽ പൂർണമായി മുങ്ങിയതും വൻതോതിൽ ചെളിയടിഞ്ഞതുമായ കിണറുകളുടെ ശുദ്ധീകരണത്തിനായി ഉടൻ ക്ലോറിൻ ഗുളികകൾ ലഭ്യമാക്കും. ഇത്തരം കിണറുകളിൽ നിന്നു മാലിന്യങ്ങൾ മാറ്റിയ ശേഷം ക്ലോറിൻ ഗുളികകൾ ഉപയോഗിച്ചു ജലം പൂർണതോതിൽ ശുദ്ധീകരിക്കും.

സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും ഗുളിക വിതരണം. 20 ലീറ്റർ വെള്ളത്തിന് 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലീറ്ററിന് 12.5 ഗ്രാം, 1000 ലീറ്ററിനു 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് ഉപയോഗിക്കേണ്ടത്. ടാങ്കുകളിലും ഉപയോഗിക്കാം. ഗുളിക നൽകുന്നതോടൊപ്പം ഉപയോഗിക്കേണ്ട വിധവും വിശദീകരിക്കും.

പാമ്പുശല്യം കരുതൽ വേണം

ഒഴുകിയെത്തിയ പാമ്പുകൾ വീട്ടിലും പരിസരത്തും ഉണ്ടാകാൻ സാധ്യതയുണ്ട്. വീടു വൃത്തിയാക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. പാമ്പു കടിയേറ്റാൽ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിനു മുകളിൽ കയറോ, തുണിയോ കെട്ടരുത്. പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുക.

ജലജന്യ രോഗങ്ങൾ ശ്രദ്ധിക്കാം

പ്രളയമുണ്ടായ സ്ഥലങ്ങളിൽ ഏറ്റവും സാധ്യതയുള്ള അപകടമാണ് ജലജന്യരോഗങ്ങൾ. വയറിളക്കം, കോളറ പോലുള്ള രോഗങ്ങൾ പടർന്നേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

∙ ചട്ണി പോലുള്ള ആഹാര സാധനങ്ങൾ പാകം ചെയ്യാനും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണം

∙ കിണർ വെള്ളം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. (പിഎച്ച്സികളിൽ ബ്ലീച്ചിങ് പൗഡർ ലഭ്യമാണ്)

∙ പൂർണമായി മുങ്ങിയതും ആൾമറയില്ലാത്തതുമായ കിണറുകളിലെ ജലം ഉപയോഗിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം

∙ ടാങ്കും ഓവർ ഹെഡ് ടാങ്കും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകണം

∙ മലിനജലത്തിൽ ഇറങ്ങേണ്ടിവന്നാൽ ക്ലോറിനേറ്റു ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകണം

വീട് വൃത്തിയാക്കൽ

∙ ഖര, ജൈവ മാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കുക

∙ ഈച്ചശല്യം ഒഴിവാക്കാൻ കുമ്മായവും ബ്ലീച്ചിങ് പൗഡറും 4:1 അനുപാതത്തിൽ ചേർത്ത് ആവശ്യമുള്ളിടത്തു വിതറുക

∙ 10 ലീറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ് പൗഡറും സാധാരണ സോപ്പുപൊടിയും ചേർത്തു കുഴമ്പു പരുവത്തിലാക്കിയ ശേഷം നന്നായി ഇളക്കുക. തുടർന്നു 10 മിനിറ്റിനുശേഷം മുകളിൽ വരുന്ന തെളിഞ്ഞ ലായനി അണുമുക്തമാക്കാൻ ഉപയോഗിക്കാം.

രോഗങ്ങൾ

∙ ചിക്കൻപോക്സ്, എച്ച് 1 എൻ 1, വൈറൽ പനി സാധ്യത ഏറെ. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. പനി ഏതു രോഗത്തിന്റെയും ലക്ഷണമാകാം

∙ കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം രോഗങ്ങൾക്കും സാധ്യതയേറെ

∙ ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പാക്കണം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama