go

ദുരിതത്തിനു നടുവിൽ; കണക്കിനു പുറത്ത്

palakkad-francis-family
അട്ടപ്പാടി ഷോളയൂർ സമ്പാർക്കോട് പ്രളയ ദുരിതത്തിൽ അകപ്പെട്ട ഫ്രാൻസിസും കുടുംബവും
SHARE

അഗളി∙ ‘ഒരാഴ്ചയായി സാറെ, ഈ ഊരിലെ ആദിവാസികളുടെ കരുണയിലാ ജീവിതം. ഊരിനു പുറത്തു നിന്നു ഞങ്ങളെ അന്വേഷിച്ച് ആദ്യമെത്തുന്നതു നിങ്ങളാ...’ സമ്പാർകോട് ഊരിലെ കമ്യൂണിറ്റി ഹാളിലിരുന്നു മനോരമ പ്രവർത്തകരോട് ഇത് പറയുമ്പോൾ കോരമംഗലം വീട്ടിൽ ഫ്രാൻസിസിന്റെ തൊണ്ടയിടറി. പുഴയോരത്തെ 5 സെന്റിലെ തകിടും ഷീറ്റും മേഞ്ഞ കൂരയിലേക്കു ശിരുവാണിപ്പുഴ കലിതുള്ളി ഒഴുകിയെത്തിയപ്പോൾ ഹൃദ്രോഗിയായ തന്നെയും കാലൊടിഞ്ഞ് നടക്കാനാവാതെ കട്ടിലിൽ കഴിയുന്ന ഭാര്യ കുഞ്ഞുമോളെയും താങ്ങിയെടുത്ത് ഊരിലെ ചെറുപ്പക്കാർ സുരക്ഷിത സ്ഥാനത്തെത്തിച്ചതും ഫ്രാൻസിസ് വിവരിച്ചു.

രണ്ടാം തവണയാണു ഫ്രാൻസിസിനെയും കുടുംബത്തെയും പ്രളയം വേട്ടയാടുന്നത്. 4 വർഷം മുൻപു കട്ടേക്കാട് ഉരുൾപൊട്ടലിൽ വീടും 30 സെന്റ് പുരയിടവും നശിച്ചു. അധികൃതരുടെ നിർദേശമനുസരിച്ച് അഗളിയിൽ വാടകയ്ക്കു താമസമാക്കി. നഷ്ടപരിഹാരത്തിനും ധനസഹായത്തിനും അപേക്ഷ നൽകിയെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണു സമ്പാർകോട് 5 സെന്റ് സ്ഥലം വാങ്ങിയത്. അതിൽ കുത്തിക്കൂട്ടി ഉണ്ടാക്കിയ ഷെഡാണ് ഇപ്പോൾ പ്രളയജലത്തിൽ മുങ്ങിയത്. മകൻ പ്രിൻസും മകൾ പ്രിൻസിയും മകളുടെ നാലരയും രണ്ടും വയസ്സുള്ള കുട്ടികളുമാണ് കൂടെയുള്ളത്. ഫ്രാൻസിസിന്റെ സഹോദരി ചിന്നമ്മയുമുണ്ട്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഫ്രാൻസിസിന്റെ ജീവിതം. പ്രിൻസിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനമാണ് ഏക ഉപജീവനമാർഗം. പ്രിൻസിന്റെ ഭാര്യയും കൈക്കുഞ്ഞുൾപ്പെടെ രണ്ട് മക്കളും രോഗിയായ അമ്മയും പാലക്കയത്തെ വീട്ടിലാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുള്ള പ്രദേശത്താണ് അവരുടെ വീടും. അവരെ കുറിച്ചുള്ള വിവരം തിരക്കാൻപോലും കഴിഞ്ഞിട്ടില്ലെന്നു പ്രിൻസ് പറ‍ഞ്ഞു. അതേസമയം, സർക്കാരിന്റെ കണക്കുപുസ്തകത്തിൽ ഇവർ ഇല്ല. തലചായ്ക്കാൻ ഒരിടവും മുന്നോട്ടുള്ള ജീവിതത്തിനു വഴിയും, അതാണ് ഇവർക്കാവശ്യം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama