go

ഇരുപതിലേറെ സ്ഥലത്ത് ഉരുൾപൊട്ടൽ; ഭീതി ഒഴിയാതെ കല്ലടിക്കോട്

palakkad-kalladikode
കല്ലടിക്കോട് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളിൽ ഒന്ന്
SHARE

കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോര മേഖലയെ ഭീതിയുടെ തുരുത്താക്കി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കൃഷിയിടത്തിലും വനമേഖലയിലുമായി ഇരുപതിലേറെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. പശുക്കളടക്കമുള്ള വളർത്തു മൃഗങ്ങൾ ഒഴുകിപ്പോയി. കരിമല, മൂന്നേക്കർ വന–തോട്ടം പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിന്റെ പാച്ചിൽ അവസാനിച്ചത് മിക്കയിടത്തും ജനവാസ മേഖലകളിലാണ്.

പോത്തനോട 2, മരുതുംകാട് കല്ലംകുന്നിൽ 4, മുണ്ടനാട് 5, കരിമല കരിയട്ടിയിൽ 3, എടപറമ്പ്, ചെറുമല, തുടുക്കോട് 2, അൻപത് ഏക്കർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഒരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്.  കരിമല പാലക്കയം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആനക്കല്ല്-പാലക്കയം മലയോര പാത തകർന്ന് ഒഴുകിപ്പോയി. കരിമ്പ പ്ലാന്റേഷൻ, കല്ലൻകുന്ന്, ചുള്ളിയാംകുളം, കരിമല, പോത്തനോട, തുടിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ നാശം വിതച്ചത്. കല്ലൻകുന്ന് എസ്.ടി. കോളനിയിൽ 7 വീടുകൾ തകർന്നു. നൂറിലേറെ കുടുംബങ്ങൾ ഭീഷണിയിലാണ്.

മലയിൽ നിന്നും തുപ്പനാട് പുഴയിൽനിന്നും ഒരേ സമയം വെള്ളം എത്തിയത് മൂന്നേക്കർ കവലയെ വെള്ളത്തിലാക്കി. തെങ്ങ്, റബ്ബർ, കവുങ്ങ്, തേക്ക്, വാഴ എന്നിങ്ങനെ കോടികളുടെ കൃഷികൾ നശിച്ചു. ഭൂമിയിൽ വിള്ളലുണ്ടായതിനെ തുടർന്ന് വാക്കോട് കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന മരുതുംക്കാട് പഴയ സ്കൂളിന്റെ പരിസരവും ഭീഷണിയിലാണ്. ദേവസ്വം മല ഡോ.സുരേഷ്, അരികണ്ടത്ത് നാരായണൻ, മുണ്ടനാട് സുരാജ്, സുനിൽ തോമസ്, ജോജോ മാത്യു മുണ്ടമറ്റം, കടപ്പിലാക്കൽ വർക്കി, ഡെന്നീസ് കുര്യൻ, അലവിക്കുട്ടി, ഷിബിലി, ജോസ് കുറ്റാരവളപ്പിൽ, മനക്കൽ കിരൺ, തുടിക്കോട് ബാലശേഖരൻ, തച്ചൊടിയിൽ രമേഷ് തുടങ്ങിയവരുടെ ഏക്കർ കണക്കിന് കൃഷിഭൂമി നശിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama