go

തുരന്നു തുരന്ന് നാശത്തിലേക്ക്; എന്താണ് സംഭവിക്കുന്നത്? അന്വേഷണം

palakkad-news
നയ്യൂർ താണിക്കുന്നിലെ കല്ലുവെട്ട് ക്വാറി
SHARE

വയനാട്ടിലും മലപ്പുറത്തും വലിയ നാശനഷ്ടത്തിനും ജീവഹാനിക്കും ഇടയാക്കിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലകളുടെ ഖനനം വീണ്ടും ചർച്ചയാക്കി. പാലക്കാട്ട് എന്താണ് സംഭവിക്കുന്നത്? അന്വേഷണം.

അനങ്ങൻമലയിലെ ഉരുൾപൊട്ടൽ ക്വാറികൾക്കു സമീപം

ഒറ്റപ്പാലം∙ അനങ്ങൻമലയിൽ ഉരുൾപൊട്ടിയതു പാറമടകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭാഗത്തും പുതിയ ക്വാറിക്ക് അനുമതി നൽകിയ പ്രദേശത്തും. വരോട് ചീനിക്കപ്പറമ്പ്, നാലാം മൈൽ പ്രദേശങ്ങളിലായിരുന്നു ഉരുൾപാെട്ടൽ. ചീനിക്കപ്പറമ്പ് പ്രദേശത്തു 2 കരിങ്കൽ ക്വാറികളാണു പ്രവർത്തിക്കുന്നത്. നാലാം മൈലിലാണു സർക്കാർ വകുപ്പുകളുടെ അനുമതി ലഭിച്ച പുതിയ ക്വാറി. നഗരസഭയിൽ നിന്നുള്ള അനുമതിപത്രം കൂടി ലഭിച്ചാൽ പ്രവർത്തനം തുടങ്ങും.

palakkad-news
തൃത്താല മുടവന്നൂർ കുന്നിനു മുകളിലെ കല്ലുവെട്ടു മടകളിലൊന്ന്

അനുമതി സംബന്ധിച്ച അജൻഡ കഴിഞ്ഞ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്കു വന്നിരുന്നെങ്കിലും നഗരസഭാംഗം പ്രതിയായ മോഷണക്കേസിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചർച്ചയ്ക്കെടുക്കാനായില്ല.  പ്രദേശത്തെ നാട്ടുകാർ ക്വാറിക്കെതിരെ നിവേദനവുമായി കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നിരാശയാണു ഫലം.

കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിനെത്തുടർന്നു മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ഇപ്പോഴും മലയിൽ നിന്നു വെള്ളവും മണ്ണും ഒലിച്ചിറങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം പ്രളയകാലത്തും സമാനമായ രീതിയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായ പ്രദേശങ്ങളാണിത്.

തൃത്താലയിൽ കല്ലുമട ആശങ്ക

തൃത്താല ∙ തൃത്താല പഞ്ചായത്തിലെ മുടവന്നൂർ, ആനക്കര പഞ്ചായത്തിലെ മലമക്കാവ്, തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം എന്നീ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. തൃത്താല ഗവ. റെസ്റ്റ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി എ.കെ.ബാലൻ ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലുമെടുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.

palakkad-news
മലമൽക്കാവിലെ ചെങ്കൽ ക്വാറികളിലൊന്ന്.

മുടവന്നൂരിൽ കുന്നുകൾ തുരന്നു കല്ലുവെട്ടു കുഴികൾ വ്യാപകമാണ്. ഏക്കർ കണക്കിനു സ്ഥലമാണു പാതാളം പോലെ താഴ്ത്തി കല്ലെടുക്കുന്നത്. ചീനിപ്പാറക്കുന്ന്, മയിലാടുംകുന്ന് എന്നിവിടങ്ങളിലും നിറയെ കല്ലുവെട്ടു മടകളുണ്ട്. മഴവെള്ളം ക്വാറികളിൽ താഴ്ന്ന് കുന്ന് ചിലഭാഗങ്ങളിൽ ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്.

ഭീഷണിയാകുന്ന ചെങ്കൽക്വാറികൾ

കുമരനല്ലൂർ ∙ മലമൽക്കാവിലെ ചെങ്കൽ ക്വാറികൾ താഴ്‌വാരത്തിലെ താമസക്കാർക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലും അധികൃതർ മൗനം പാലിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം ചെങ്കൽ ക്വാറികളുണ്ട്. ഇതിൽ ഭൂരിഭാഗവും ഉപേക്ഷിച്ചവയാണ്. ഇതിൽ വെള്ളം കെട്ടി നിന്നാണു മലയിടിച്ചിൽ ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ തൃത്താലയിൽ നടന്ന യോഗത്തിൽ വി.ടി. ബൽറാം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയം കൂടുതൽ ബാധിച്ച തൃത്താല ആനക്കര പട്ടിത്തറ മേഖല ഏറ്റവും കൂടുതൽ വയൽ നികത്തലും കുന്നിടിക്കലും നടന്ന പ്രദേശമാണ്.

താണിക്കുന്ന് ഭീതിയിൽ

ആനക്കര പഞ്ചായത്തിലെ തന്നെ മറ്റൊരു ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമായി പന്നിയൂർ താണിക്കുന്ന് മാറി. നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് ഇവിടെ കല്ലുവെട്ട്. എംടി കഥകളിലെ നിറ സാന്നിധ്യമായിരുന്നു. പ്രദേശം ഇന്ന് അഞ്ഞൂറിൽപ്പരം വീട്ടുകാർ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. ഇവിടെ ക്വാറി വരുന്നതിനെതിരെ നാട്ടുകാർ സ്റ്റേ വാങ്ങിയിരുന്നെങ്കിലും ഇതു മറികടന്നു വ്യാപകമായ കല്ലു വെട്ട് നടക്കുന്നുണ്ട്. ഇൗ ചെങ്കൽ ക്വറിയിലേക്കുള്ള ലോറികളുടെ യാത്ര പോലും ഭീതിജനകമാണെന്നു പ്രദേശവാസികൾ പറയുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama