go

തൂതപ്പുഴയോരം പൈതൃക പാർക്കിനെ പ്രളയജലം വിഴുങ്ങി

palakkad-park
തിരുവേഗപ്പുറ തൂതപ്പുഴയോരം പൈതൃക പാർക്ക് പ്രളയത്തിൽ തകർന്ന നിലയിൽ.
SHARE

കൊപ്പം ∙ തിരുവേഗപ്പുറ തൂതപ്പുഴയോരം പൈതൃക പാർക്ക് ഓർമയായി. സഞ്ചാരികളെ വരവേൽക്കാൻ ഒന്നര കോടി രൂപ ചെലവിൽ ഉടുത്തൊരുങ്ങിയ നാടൻകലാ ഉദ്യാനം പ്രളയജലം കൊണ്ടുപോയി. തൂതപ്പുഴ നിറഞ്ഞൊഴുകി മലവെള്ളം കയറിയാണ് പാർക്ക് നശിച്ചത്. പുഴനിരപ്പിനോടൊപ്പം നിൽക്കുന്ന പാർക്ക് പ്രളയം വരുന്നതിന് മുൻപേ മലവെള്ളത്തിൽ മുങ്ങിയിരുന്നു. ചെളിയും ചേറും നിറഞ്ഞ് പാർക്കും പരിസരവും കേടായി. ഒന്നാം ഘട്ടം നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനു കാത്തുനിൽക്കെയാണ് പാർക്കിന്റെ സൗന്ദര്യം മലവെള്ളം കവർന്നത്. ടൈൽസ് വിരിച്ച മുറ്റം, പ്രവേശന കവാടം, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം മണ്ണും മണലും മലിനജലവും അടിഞ്ഞു കൂടി നശിച്ചു.

ടൈൽസ് പാകിയ മുറ്റത്തും ഓഫിസിനകത്തും പരിസരവും ചെളിയും മാലിന്യവും നിറഞ്ഞിരിക്കയാണ്. പാർക്കിന്റെ ഇരുവശങ്ങളിലും നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ വേരറ്റുപോയി. ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ മലയും നാറാണത്തു ഭ്രാന്തന്റെ സ്മരണകളും കോർത്തിണക്കി തിരുവേഗപ്പുറ പഞ്ചായത്ത് കൊണ്ടു വന്ന സ്വപ്ന പദ്ധതിയാണ് തൂതപ്പുഴയോരം പൈതൃക പാർക്ക്. രണ്ടു വർഷം മുൻപ് തൂതപ്പുഴയോരത്തെ നാലു ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി പൈതൃക പാർക്ക് നിർമിക്കാനായി സർക്കാരിനു വിട്ടുനൽകുകയായിരുന്നു.

ഡിടിപിസിക്കു കൈമാറിയ പുഴയോര പ്രദേശത്ത് അഞ്ചു കോടി രൂപ ചെലവിൽ നാടൻ കലാ ഉദ്യാനം പണിയാനായിരുന്നു പദ്ധതി. നിർമാണ ചെലവും രൂപരേഖയും തയാറാക്കി ആദ്യ ഘട്ടത്തിൽ മുൻ സർക്കാർ ആണ് ഒന്നര ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ അനുവദിച്ചു നിർമാണം തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികൾ പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന ഭരണം മാറിയതിനാൽ ഉദ്ഘാടനം നടന്നില്ല.

ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന തിരുവേഗപ്പുറ പഞ്ചായത്തിന്റെ പരാതിയിൽ പാർക്കിനു സുരക്ഷാ വേലി ഒരുക്കാൻ 30 ലക്ഷത്തോളം രൂപ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ നടപടികളുണ്ടായില്ല. കഴിഞ്ഞ വർഷവും പാർക്കിൽ മലവെള്ളം കയറി മലിനമായിരുന്നുവെങ്കിലും മങ്ങലേറ്റിരുന്നില്ല. ഇത്തവണ പാർക്കിനെയും കൊണ്ടാണ് പ്രളയം ഇറങ്ങിയത്. തിരുവേഗപ്പുറ, ഇരിമ്പിളിയം, എടയൂർ പഞ്ചായത്തുകളിലുള്ളവർ പ്രതീക്ഷയോടെ കാത്തിരുന്ന നാടൻകലാ ഉദ്യാനം പൂർവ സ്ഥിതിയിലാക്കാൻ ഡിടിപിസിക്കും താൽപര്യമില്ല.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama