go

വണ്ടുംതറ ജുമാ മസ്ജിദ് ദറസ്‍ വിദ്യാർഥികൾക്ക് ബാബുവേട്ടന്റെ ഓണസദ്യ

Palakkad News
വണ്ടുംതറ മഹല്ല് ജുമാ മസ്ജിദ് ദറസ്‍ വിദ്യാർഥികൾക്ക് മുളയങ്കാവ് താഴത്തെപുരക്കൽ സുരേഷ് ബാബു ഓണസദ്യ വിളമ്പുന്നു.
SHARE

കൊപ്പം ∙ മനസ്സിണക്കത്തിന്റെ രുചിക്കൂട്ടുകളൊരുക്കി വണ്ടുംതറ ജുമാ മസ്ജിദ് ദറസ്‍ വിദ്യാർഥികൾക്ക് ബാബുവേട്ടന്റെ ഓണസദ്യ. ‘മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാമൊന്നു പോലെ’ എന്നു തുടങ്ങുന്ന വരികൾ പാടി വണ്ടുംതറ മഹല്ല് ജുമാ മസ്ജിദിലെ അൻപതോളം ദറസ് വിദ്യാർഥികൾക്കാണ് ബാബുവേട്ടൻ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പിയത്.  വിവിധ നാടുകളിൽ നിന്നും വണ്ടുംതറ പള്ളിയിൽ താമസിച്ച് മത ഭൗതിക വിദ്യാഭ്യാസം നുകരുന്ന വിദ്യാർഥികളെ ‘മുതഅല്ലിംകൾ’ എന്നാണ് വിളിക്കുക. തന്റെ നാട്ടിലെ മുതഅല്ലിംകൾക്ക് ഓണസദ്യ വിളമ്പുക എന്നത് ബാബുവേട്ടന്റെ മോഹമായിരുന്നു. ഒരുമയുടെ ഓണസദ്യ വിളമ്പിയ സംതൃപ്തിയിലാണ് മുളയങ്കാവ് താഴത്തെ പുരക്കൽ ബാബു. മികച്ച കർഷകനും കാളവേല കലാകാരനുമാണ്.

പള്ളി ദറസിലെ വിദ്യാർഥികളുമായും ഇവരുടെ ഉസ്താദുമായും ബന്ധം പുലർത്തുന്നു. വണ്ടുംതറ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മിക്ക ചടങ്ങുകളിലും ബാബുവിന്റെ സാന്നിധ്യവും ഉണ്ടാകും. മഹല്ലിന്റെ കീഴിലുള്ള പാടത്ത് കഴിഞ്ഞ തവണ ദറസ് വിദ്യാർഥികൾ നെൽകൃഷി ഇറക്കിയിരുന്നു. വിദ്യാർഥികൾക്ക് കാർഷിക പാഠങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷി ശ്രദ്ധേയമായിരുന്നു. മുളയങ്കാവിലെ പ്രശസ്ത കാളകലാകാരനും റിട്ട. അധ്യാപകനുമായ നാഗന്റെ മകനും കുലുക്കല്ലൂർ പഞ്ചായത്തിലെ മികച്ച കർഷകനുമാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama