go

ഓണത്തല്ല്: ദേശത്തിന്റെ പ്രതികാര സ്മരണ

Palakkad News
അവിട്ടത്തിനു പല്ലശ്ശന വേട്ടയ്ക്കൊരുമൻ ക്ഷേത്രത്തിൽ നടക്കുന്ന നായർ സമുദായത്തിന്റെ ഓണത്തല്ല് (ഫയൽ ചിത്രം)
SHARE

കൊല്ലങ്കോട് ∙ യുദ്ധചരിത്രവും ദേശപ്പെരുമയും; രണ്ടും പറയാനുണ്ട് പല്ലശ്ശനയുടെ ഓണത്തല്ലിന്. നാട്ടുരാജാവിനെ ചതിച്ചു കൊന്നതിനെതിരെ ദേശത്തിന്റെ പ്രതികാര സ്മരണ പുതുക്കുന്ന ഓണത്തല്ല് പുതുതലമുറയും നെഞ്ചോടു ചേർത്തു നിർത്തുന്നു എന്നതു നാടിനെ ആവേശത്തിലാക്കുന്നു. വിവിധ സമുദായങ്ങളുടെ കൂട്ടായ്മയിൽ തല്ലുമന്ദത്തു തിരുവോണം നാളിലും നായർ സമുദായം വേട്ടയ്ക്കരുമൻ ക്ഷേത്ര പരിസരത്ത് അവിട്ടം നാളിലും ആർപ്പുവിളികളോടെയെത്തി തല്ലു നടത്തും. 

ചരിത്രത്തിൽ പറയുന്നത്

Palakkad News
തിരുവോണത്തിനു പല്ലശ്ശന തല്ലുമന്ദത്തു നടക്കുന്ന വിവിധ സമുദായക്കാരുടെ ഓണത്തല്ല് (ഫയൽ ചിത്രം)

സാമൂതിരിയുടെ സാമന്തന്മാരായിരുന്ന കുറൂർ നമ്പിടിയെ യുദ്ധത്തിൽ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിച്ചു കൊന്നതറിഞ്ഞു പ്രതികാരം ചെയ്യാൻ ദേശവാസികൾ തീരുമാനിച്ചു. നാടുകൾ തമ്മിലുള്ള പക  ഒടുവിൽ സാമൂതിരി ഇടപെട്ട് ഒത്തുതീർപ്പാക്കി. നാട്ടുരാജാവിനെ നഷ്ടപ്പെട്ട പല്ലശ്ശന ദേശവാസികൾക്കു രാജാവിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ വേട്ടയ്ക്കൊരുമന്റെ വിഗ്രഹം നൽകി എന്നാണു വിശ്വാസം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികൾ ശത്രുവിനെ പോർ വിളിച്ചതിന്റെ ഓർമയ്ക്കായാണ് ഓണത്തല്ല് നടത്തുന്നത്.

യുദ്ധപുറപ്പാട്

ഓണത്തല്ലിനെത്തുന്ന വീരന്മാർ കുളിച്ചു ഭസ്മം അണിഞ്ഞു ഭക്ഷണം കഴിച്ചു നാലും കൂട്ടി മുറുക്കി വീട്ടിൽനിന്നു യാത്ര പറഞ്ഞിറങ്ങും. പിന്നെ ആർപ്പു വിളികളുമായി തല്ലിന്.  തിരുവോണ നാളിൽ ഏഴുകുടി സമുദായക്കാർ കളരിയിൽനിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽനിന്നും വരി നിരന്നു കച്ചകെട്ടി എഴുന്നള്ളും. ദേശപ്രധാനികൾ പൊന്തിയുമായി മുന്നിലും മറ്റുള്ളവർ പിന്നിലുമായി അണിനിരക്കും.  സമപ്രായക്കാർ വിളിച്ചു ചോദിച്ചാണു തല്ലു നടത്തുക. അവിട്ടത്തിനു കിഴക്കു, പടിഞ്ഞാറു മുറിക്കാർ വേട്ടയ്ക്കൊരുമൻ ക്ഷേത്രത്തിലെത്തും. പുണ്യാഹ വെള്ളം തെളിക്കുന്നതോടെ വിധി പ്രകാരം മൂന്നു തവണ നിരയോട്ടം നടക്കുന്നതോടെ തല്ല് തുടങ്ങും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama