go

രേഖകളിലില്ല, മലസർക്ക് ഇക്കുറി കണ്ണീരോണം

Palakkad News
ഓണക്കിറ്റ് നിഷേധിക്കപ്പെട്ട സ്രാമ്പി കരടിപ്പാറക്കുന്ന് ജയം കോളനി നിവാസികൾ ചിത്രം: മനോരമ
SHARE

പാലക്കാട് ∙ ആദിവാസികളാണെന്നു തെളിയിക്കാനുള്ള രേഖകളില്ലെന്ന കാരണം പറഞ്ഞ് ആദിവാസികൾക്കു സൗജന്യ ഓണക്കിറ്റ് നിഷേധിച്ചു. കൊഴിഞ്ഞാമ്പാറ സ്രാമ്പി കരടിപ്പാറ കോഴിപ്പതി വില്ലേജിലെ ജയം കോളനിയിലെ ‘മലസർ ’ വിഭാഗത്തിൽപ്പെടുന്ന ഇരുപതോളം കുടുംബങ്ങളാണ് ഇന്നലെ കിറ്റ് വാങ്ങാൻ പോയി കണ്ണീരോടെ മടങ്ങിയത്. ഊരുമൂപ്പൻ സാക്ഷ്യപ്പെടുത്തിയിട്ടും ഇവർ ആദിവാസികളാണെന്ന് അംഗീകരിച്ചില്ല. 

ആദിവാസികളാണെന്നു പട്ടികവർഗ വികസന വകുപ്പ് സാക്ഷ്യപ്പെടുത്തിയാൽ ജാതി സർട്ടിഫിക്കറ്റ്  നൽകാമെന്നു റവന്യു വകുപ്പ് പറയുമ്പോൾ റവന്യു വകുപ്പ് ജാതി സർട്ടിഫിക്കറ്റ് നൽകിയാൽ ആനുകൂല്യം നൽകാമെന്നു പട്ടികവർഗ വികസന വകുപ്പും പറയുന്നു. ഇതിനുള്ള നടപടി എങ്ങുമെത്തിയില്ല.സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്തവരാണു ജയം കോളനിയിലെ മലസർ വിഭാഗക്കാർ. പുറമ്പോക്കു ഭൂമിയിൽ പണിത ഓലപ്പുരയുടെ തറയിൽ കിടന്നാൽ മാനം കാണാം. ശുചിമുറിയില്ല. മഴക്കാലമായതോടെ പണിയില്ലെന്നതിനാൽ പലരും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമാണ്.

ഇവരുടെ ദുരിതത്തെക്കുറിച്ചുള്ള മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ കുറച്ചുപേർക്കു താത്കാലിക റേഷൻ കാർഡ് നൽകിയിരുന്നെങ്കിലും സ്ഥിരം കാർഡ് ലഭിച്ചില്ല. ആധാർ കാർഡും തിരിച്ചറിയൽ കാർഡും ലഭിച്ചതു കുറച്ചുകാലം മുൻപാണെന്നതിനാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണു പ്രായമായവർപോലും ആദ്യമായി വോട്ടു ചെയ്തത്. മലസർ വിഭാഗത്തിന്റെ എല്ലാ ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന തങ്ങൾക്കു നേരത്തെ ആദിവാസികൾക്കുള്ള  ഓണക്കിറ്റും ആനുകൂല്യങ്ങളും  ലഭിച്ചിരുന്നതാണെന്നു കോളനിക്കാർ പറയുന്നു. ഇപ്പോൾ ജാതി സർട്ടിഫിക്കറ്റ് ചോദിക്കുകയാണ്. കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതിയിൽ  വാഹനം എത്തിയിരുന്നെങ്കിലും കുട്ടികൾ ആദിവാസികളാണെന്നു തെളിയിക്കാൻ രേഖകളില്ലാത്തതിനാൽ അതും നിർത്തി.  തമിഴാണു ഭാഷ. മലയാളം എഴുതാനും വായിക്കാനും പോയിട്ട് സംസാരിക്കാൻ പോലും പലർക്കും അറിയില്ല. 

പട്ടികവർഗ വികസന വകുപ്പ് പറയുന്നത്

പ്രദേശത്തെ മലസർ വിഭാഗക്കാരായ 41 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ബാക്കിയുള്ളവർ ആദിവാസി വിഭാഗമാണെന്നു തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കണം. തമിഴ്നാട്ടിൽനിന്നു വന്നു താമസമാക്കിയവരാണ് കോളനിയിലുള്ളത്. വില്ലേജ് ഓഫിസുകൾ വഴി തഹസിൽദാറാണ് ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടത്.

റവന്യു വകുപ്പ് പറയുന്നത്

ഇവർ ആദിവാസികളാണെന്നു തെളിയിക്കുന്ന എന്തെങ്കിലും രേഖ വേണം. രക്ഷിതാക്കളുടെയോ സഹോദരൻമാരുടെയും രേഖകൾ ഹാജരാക്കിയാൽ ജാതി സർട്ടിഫിക്കറ്റ് നൽകാം. ഇവരുടെ ജാതി സാക്ഷ്യപ്പെടുത്താൻ പിന്നാക്ക ക്ഷേമവകുപ്പിനു കീഴിലുള്ള കിർത്താട്സിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്. അവർ പഠിച്ച് അനുകൂല റിപ്പോർട്ട് നൽകിയാൽ സർട്ടിഫിക്കറ്റ് നൽകാം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama