go

ഓലക്കുട ഇപ്പോൾ ഓർമക്കുട

palakkad-cherppulasserry-olakkuda
ഓർമകൾക്ക് കുടചൂടാൻ....! പൂവിളിച്ചും പൂക്കളമൊരുക്കിയുമുള്ള ഓണാഘോഷത്തിന്നു പൂർണത വരണമെങ്കിൽ ഓലക്കുട വേണമായിരുന്നു. മഹാബലിത്തമ്പുരാനെ ഓലക്കുട ചൂടിക്കുന്ന മലയാളി സ്വപ്നം കാണുന്നത് മാവേലി നാടിനെയാണ്. ഒരുനേരമെങ്കിലും ഓണമുണ്ണുന്നതിനു വേണ്ടി പാടുപെടുന്ന പനയൂരിലെ ജാനകി.
SHARE

ചെർപ്പുളശ്ശേരി∙ ഓലക്കുട നിർമാണം നാലു പതിറ്റാണ്ടോളമായി കുലത്തൊഴിലാക്കിയ പനയൂർ പുറയ്ക്കാട്ടുപറമ്പിൽ ജാനകിക്ക് ഇത്തവണത്തെ ഓണത്തിനും നിറങ്ങളില്ല. കഴിഞ്ഞ വർഷം  പ്രളയവും ഇത്തവണ മഴക്കെടുതിയുമായും ഓണവിപണിയിലെ കച്ചവടം ഇല്ലാതാക്കി. രണ്ടു വർഷങ്ങൾക്കു മുൻപു വരെ ഓണക്കാലങ്ങളിൽ 50ലധികം കാൽക്കുട വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ ആകെ വിറ്റത് വെറും 3 കുടകൾ

മാതാപിതാക്കളായ ആറുമുഖൻ, സീത എന്നിവരിൽ നിന്നാണ് ഓലക്കുട മെനഞ്ഞെടുക്കുന്ന വിദ്യ ജാനകി പരിശീലിച്ചത്. ആറുമുഖൻ ഇപ്പോഴില്ല. തൊണ്ണൂറു കഴിഞ്ഞ അമ്മ സീത ജീവിച്ചിരിപ്പുണ്ടെങ്കിലും കുടനിർമാണം നിർത്തിയിട്ട് വർഷങ്ങളായി.

പഴയ കാലത്തെ ഓർമകളാണു തനിക്ക് വലുതെന്നും അതുകൊണ്ടു മാത്രമാണ് ഓലക്കുടയ്ക്ക് തീരെ ‘ഡിമാൻഡ്’ ഇല്ലെങ്കിലും തൊഴിൽ  നിർത്താതെ തുടരുന്നതെന്നും ജാനകി പറഞ്ഞു. 

കഴിഞ്ഞ കാലങ്ങളിൽ കുട്ടനാട്ടിലെ വള്ളംകളിക്കു ചെറിയ തൊപ്പിക്കുടകൾ ആവശ്യമായിരുന്നു. ആലപ്പുഴയിൽ നിന്നു തൊപ്പിക്കുടകൾക്കും കാൽക്കുടകൾക്കും ‘ഓർഡർ’ ലഭിക്കുകയും അത് സമയത്തിനു കൊടുക്കുകയും ചെയ്തു. എന്നാൽ പ്രളയവും മഴക്കെടുതിയും കാരണം കഴിഞ്ഞ വർഷവും ഇത്തവണയും ജാനകിയെ ആരും തിരിഞ്ഞു നോക്കിയില്ല. 

ശീലക്കുടകളേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് മഴക്കോട്ടിന്റെ വരവോടെ ‘കുണ്ടംകുട’ വർഷങ്ങൾക്കു മുൻപുതന്നെ ഓർമച്ചിത്രമായി. കാർഷിക വൃത്തിക്കു പണ്ട് അനിവാര്യമായിരുന്ന ഈ കുട ഇന്നാർക്കും വേണ്ടാതായി. നാടൻപാട്ടുകൾക്കും ചില സിനിമകൾക്കും കച്ചവട പരസ്യങ്ങൾക്കും ആവശ്യക്കാർ വരുന്നതു മാത്രമാണ് ആകെയുള്ള ആശ്വാസം. 

കുടപ്പനയുടെ ഓലയും മുളയും ഈർമ്പനയുടെ ഈരയും ഉപയോഗിച്ചാണു ഓലക്കുട മെനെഞ്ഞെടുക്കുന്നത്. വാണിയംകുളം ചന്തയ്ക്കു ജാനകി സുപരിചിതയാണ്. വർഷങ്ങളായി വ്യാഴാഴ്ചകളിൽ ഇവർ ഓലക്കുട വിൽക്കാൻ ചന്തയിലെത്തിയിരുന്നു. എന്നാലിപ്പോൾ ചന്തയിലെത്തുന്നതു പേരിനു മാത്രമായി. ശീലക്കുടകൾക്കു മുന്നിൽ ശീലമല്ലാതായി മാറിയിരിക്കുകയാണ് ഓലക്കുട. മഹാബലിയെ എഴുന്നള്ളിക്കുന്നതു പോലും ശീലക്കുട പിടിച്ചായിരിക്കുന്നു. മഹാബലി ചക്രവർത്തി കാൽക്കുട പിടിക്കുന്നത് ഇപ്പോൾ പരസ്യ ചിത്രങ്ങളിൽ മാത്രമായി ഒതുങ്ങി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama