go

മന്ത്രിക്ക് വരാൻ റോഡില്ല, സുരക്ഷയിൽ ആശങ്ക; ഓണാഘോഷം മാറ്റി

palakkad-kadappara-forest
കടപ്പാറ വനത്തിലൂടെ തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് തകർന്ന നിലയിൽ
SHARE

മംഗലംഡാം∙ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എ.കെ.ബാലൻ ആലത്തൂർ താലൂക്കിലെ ആദിവാസി കോളനിയായ തളികക്കല്ലിൽ എത്തില്ലെന്ന് സൂചന. കടപ്പാറ–തളികക്കല്ല് റോഡ് തകർന്ന് യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് പരിപാടി കടപ്പാറ ട്രൈബൽ സ്കൂളിലേക്ക് മാറ്റി.

തളികക്കല്ല്, കടപ്പാറ, കുളികടവ്, പൈതല, പന്നിക്കുളമ്പ് കോളനികളിൽ നിന്നുള്ള ഗോത്രവർഗ വിഭാഗക്കാരെ കടപ്പാറയിലെത്തിച്ച് ഓണാഘോഷം നടത്തും. ഗോത്രവർഗ വിഭാഗക്കാരുടെ തനതായ കലാരൂപങ്ങൾ ആഘോഷത്തിൽ അവതരിപ്പിക്കും. ഗോത്രവർഗ വിഭാഗത്തിന്റെ ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടുത്തിയാണ് ഓണസദ്യ ഒരുക്കുക.

മന്ത്രി എ.കെ.ബാലൻ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അട്ടപ്പാടിയിലും വയനാട്ടിലുമാണ് ഓണദിനം ചെലവിട്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ കോളനികൾ സന്ദർശിക്കാനും തീരുമാനമുള്ളതായി സംഘാടക സമിതി പറഞ്ഞു.

നിർമാണം മുടങ്ങി

കടപ്പാറ വനത്തിലൂടെ തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മുടങ്ങിയത്. മൂന്ന് കോടി 15 ലക്ഷം രൂപയ്ക്ക് റോഡ് നിർമാണം തുടങ്ങി 80 ശതമാനം പൂർത്തിയായിരുന്നു. എന്നാൽ നിർമാണത്തിന് നേതൃത്വം നൽകിയ കിറ്റ്കോ കരാറുകാരന് വെറും 50 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ എന്നാണറിയുന്നത്.

റോഡ് നിർമാണ ഫണ്ട് കരാറുകാരന് കൊടുക്കാത്തത് സംബന്ധിച്ച് യാതൊരു അന്വേഷണവും വണ്ടാഴി പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പോ നടത്തിയിട്ടില്ല.

ബന്ധപ്പെട്ടവർ ഉത്തരവാദിത്തം ഏൽക്കാതെ തടിതപ്പുമ്പോൾ വഴിയിലെ പോത്തൻതോട് ആദിവാസികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വനത്തിൽ മഴ പെയ്താൽ തോട് കരകവിഞ്ഞ് തളികക്കല്ല് ആദിവാസി കോളനിക്കാർക്ക് പുറംലോകവുമായുള്ള ബന്ധം അറ്റുപോകുന്ന സ്ഥിതിയുമുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ആദിവാസി യുവാവ് പോത്തൻ തോട്ടിൽ വീണപ്പോൾ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കളും മറ്റും ചേർന്നാണ് രക്ഷിച്ചത്. പോത്തൻതോട്ടിലെ കുത്തൊഴുക്കിൽ  മുൻപ് തളികക്കല്ലിലെ രണ്ട് ആദിവാസി കുട്ടികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പാലം പണിയുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി.

പാലത്തിന് വേണ്ടി കൊണ്ടുവന്നിട്ട കമ്പികൾ തുരുമ്പെടുത്ത് നശിച്ചു. സിമന്റും മെറ്റലും മണലും നശിച്ചുപോയി. അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തളികക്കല്ലിലെ ആദിവാസികൾ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama