go

നെല്ലിയാമ്പതി ടൂറിസം വികസനം: വനംവകുപ്പ് കനിയണം

palakkad-nellyampathy-manpara
നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന മാൻപാറ.
SHARE

നെല്ലിയാമ്പതി∙ നെല്ലിയാമ്പതിയുടെ മറ്റ് ഏത് പ്രദേശങ്ങൾ കണ്ടാലും വിനോദസഞ്ചാരികളുടെ കൊതി തീരണമെങ്കിൽ മാൻപാറ സന്ദർശിക്കാനാകണം. നെല്ലിയാമ്പതിയിൽ വിനോദസ‍ഞ്ചാര വികസനം സാധ്യമാകാനുള്ള പ്രധാന മാർഗം മാൻപാറയിലേക്കുള്ള പ്രവേശന നിരോധനം നീക്കലാണ്. 10 വർഷം മുൻപ് നിരോധനമില്ലാത്ത കാലത്ത് മാൻപാറയിൽ നിന്നുള്ള ആകാശക്കാഴ്ച കണ്ടവർക്കു മറക്കാനാകാത്ത അനുഭവമാണു പങ്കുവയ്ക്കാനുള്ളത്.

നോക്കെത്താ ദൂരത്തെ മലമ്പുഴയും പറമ്പിക്കുളവും ചുള്ളിയാറും ഉൾപ്പെടെ ജില്ലയിലെ മിക്ക ഡാമുകളും പൊള്ളാച്ചി മേഖലയിലെ ഏതാനും ഡാമുകളും മാൻപാറയിൽ നിന്നു ദൃശ്യമാകും. മറ്റു വ്യൂപോയിന്റുകളിൽ നിന്ന് ഏതെങ്കിലും ഒരുവശത്തെ ദൃശ്യം മാത്രമേ കാണാൻ കഴിയൂ. അതേസമയം മാൻപാറയുടെ മുകളിൽ നിന്നാണെങ്കിൽ നാലു ഭാഗത്തെ കാഴ്ചകളും കാണാം.

മാൻപാറ ഉൾപ്പെട്ട വനപ്രദേശം പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ പരിധിയിലാണെന്നു പറഞ്ഞാണു വിനോദസഞ്ചാരികളെ വനംവകുപ്പ് അകറ്റുന്നത്. പ്രകൃതിടൂറിസം വികസനത്തിനായി മറ്റു ജില്ലകളിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന വനംവകുപ്പ് നെല്ലിയാമ്പതിയെ അവഗണിക്കുന്നതായി പരാതിയുണ്ട്.

നൂറടിയിൽ നിന്ന് 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഹിൽടോപ്പിലെത്താം. 3 കിലോമീറ്റർ വരെ വീതിയുള്ള പാതയും പിന്നീടു കാനന പാതയുമാണ്. ബ്രിട്ടിഷുകാർ പണിതീർത്ത കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുള്ള പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമാണ് ഹിൽടോപ്പ്. നെല്ലിയാമ്പതിയിലെ ഓരോ മുക്കും മൂലയും കാനനപാതകളും ദൃശ്യമാകുന്ന ഹിൽടോപ്പ് ബ്രിട്ടിഷുകാരുടെ പ്രധാന താവളമായിരുന്നു.

ഹിൽടോപ്പ് സന്ദർശനം യാഥാർഥ്യമാക്കാനുള്ള പദ്ധതി നടപ്പാക്കാൻ നാട്ടുകാർ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചെങ്കിലും വനംവകുപ്പ് കനിഞ്ഞില്ല. ഹിൽടോപ്പിലേക്കുള്ള വഴിയിൽ അടിക്കാട്‌ വെട്ടി ചെറിയ പാതയുണ്ടാക്കാനായാൽ ടൂറിസം മേഖലയ്ക്കു വലിയ നേട്ടമാകും. 

നൂറടിയിൽ നിന്നു വിക്ടോറിയ വഴി തൂത്തംപാറ പോകുന്ന വഴിയിൽ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമായിരുന്നു കുരിശുപള്ളി. നൂറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ചതായി പറയുന്ന ഒരു ചെറിയ പ്രാർഥനാമുറിയും ഈ വ്യൂപോയിന്റിലുണ്ട്. ഇവിടേക്കുള്ള പ്രവേശനവും വനംവകുപ്പ് തടസ്സപ്പെടുത്തി. 

കമനീയ കാഴ്ചകളിൽ പ്രസിദ്ധമായ ഗോവിന്ദാമല വ്യൂപോയിന്റും വെള്ളച്ചാട്ടത്തിനു പേരുകേട്ട വാഴക്കുണ്ടുമെല്ലാം നിരോധിത മേഖലകളാക്കി.

വനസംരക്ഷണത്തിന്റെ പേരിൽ നിരോധനം ഏർപ്പെടുത്തിയ നെല്ലിയാമ്പതിയിൽ സീതാർകുണ്ടും കേശവൻപാറയും കാരപ്പാറ വെള്ളച്ചാട്ടവും കാരാശൂരിയുമെല്ലാമാണ് നിലവിൽ കാഴ്ചകളുടെ വിരുന്നൊരുക്കുന്ന കേന്ദ്രങ്ങൾ. ഇതിൽ കാരാശൂരി, മാട്ടുമല, മിന്നാംപാറ തുടങ്ങിയ പ്രദേശത്തേക്ക് ടാക്സി ജീപ്പുകളെയാണു സഞ്ചാരികൾ ആശ്രയിക്കുന്നത്.   ഈ പ്രദേശങ്ങൾ കാണിച്ചു തിരിച്ചെത്തിക്കാൻ 1600 രൂപയാണ് വാടക. കൂടാതെ ഒരാൾക്ക് 50 രൂപയും ജീപ്പിനു 100 രൂപയും പ്രവേശന ഫീസായി വനംവകുപ്പിനു കൊടുക്കണം.

വർഷങ്ങളായി പിരിച്ചെടുത്ത തുക ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നു പരാതിയുമുണ്ട്. വനസംരക്ഷണ സമിതിക്കാർക്ക് വേതനം നൽകാനും പ്രകൃതി സംരക്ഷണത്തിനും മറ്റുമായി ഈ തുക വിനിയോഗിക്കുന്നതായാണു വനംവകുപ്പ് പറയുന്നത്. 

പ്രകൃതിക്കു കോട്ടം വരുത്താതെ നെല്ലിയാമ്പതി വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കേന്ദ്രങ്ങളിലേക്കു പ്രവേശനം അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama