go

കൂടത്തായിക്കും മുൻപേ കരിമ്പ: മാനിറച്ചിയിൽ ‘തീർത്തത്’ ആറു പേരെ; വെടിവച്ചും കൊലപാതകം

palakkad-karimba-murder
SHARE

പാലക്കാട്∙ കൂടത്തായി കൂട്ടക്കൊലപാതകക്കേസ് കേരളത്തെ പിടിച്ചു കുലുക്കുമ്പോൾ 46 വർഷം മുൻപു പാലക്കാട് കരിമ്പയിൽ നടന്ന മറ്റൊരു കൂട്ടക്കൊലപാതകം പഴയ തലമുറയുടെ ഓർമയിലേക്ക് ഓടിയെത്തുന്നുണ്ടാകും. 1973 ജൂൺ 7നു വൈകിട്ടാണു കരിമ്പ പുല്ലേരി ചെറുപറമ്പിൽ ജോണിന്റെ ഭാര്യ സാറ, മക്കളായ ജോൺ, സാലി, തോമസ്, ബാബു എന്നിവരും വീട്ടുജോലിക്കാരനായ കുഞ്ഞേലനും അടക്കം 6 പേർ വിഷം കലർന്ന മാനിറച്ചി ഉള്ളിൽചെന്നു മരിച്ചത്.

ആദ്യം ഭക്ഷ്യവിഷബാധയെന്ന തരത്തിൽ കാര്യമായി അന്വേഷണം നടക്കാതിരുന്ന കേസ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതോടെയാണു നാടിനെ നടുക്കിയ  കുടിപ്പകയുടെ ചുരുളഴിഞ്ഞത്.ജോണിന്റെ കുടുംബവുമായി അസ്വാരസ്യമുണ്ടായിരുന്നയാൾ ഒരു സ്ത്രീയെ ഉപയോഗിച്ച്, ജോണിന്റെ വീട്ടിൽ പാകം ചെയ്ത മാനിറച്ചിയിൽ വിഷം ചേർത്തെന്നാണു പൊലീസ് കേസ്.

ഇറച്ചിക്കറി കഴിച്ച് അവശരായവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുപേർ  അപ്പോൾ തന്നെ മരിച്ചു. ജോണും മറ്റു കുടുംബാംഗങ്ങളും ആഴ്ചകളോളം ചികിത്സ തേടിയശേഷമാണു ജീവിതത്തിലേക്കു തിരികെയെത്തിയത്. അന്ന് ആറു മാസം മാത്രം പ്രായമുണ്ടായിരുന്ന ഇളയമകൻ വിഷം ചേർന്ന ഭക്ഷണം കഴിച്ച അമ്മയുടെ മുലപ്പാൽ കുടിച്ച് അരയ്ക്കുതാഴെ തളർന്നു ദുരന്തത്തിന്റെ സാക്ഷിയായി ഇന്നും ജീവിക്കുന്നു.പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെങ്കിലും കേസ് കോടതിയിലെത്തിയപ്പോൾ കുറ്റം ആരോപിക്കപ്പെട്ടവരെയെല്ലാം വിട്ടയച്ചു. എന്നാൽ, കേസ് അവിടെ അവസാനിച്ചില്ല.

1981 ലെ ക്രിസ്മസ് രാത്രിയിൽ വീടിനുള്ളിൽ ഭക്ഷണം കഴിക്കുകയായിരുന്ന ജോണിനെ ഒരു സംഘം ആളുകൾ വെടിവച്ചു കൊന്നു. ഒപ്പം വീട്ടിലുണ്ടായിരുന്ന 3 പേർക്കു നേരെ നിറയൊഴിച്ചെങ്കിലും അവർക്കു ജീവഹാനി സംഭവിച്ചില്ല. അന്നു രാത്രി  തന്നെ ജോണിന്റെ വീടിന് അക്രമികൾ തീകൊളുത്തി.മാനിറച്ചിയിൽ വിഷം ചേർത്ത കേസിൽ കോടതി വിട്ടയച്ച കരിമ്പ സ്വദേശി ചാക്കോയും മറ്റു രണ്ടു പേരുമായിരുന്നു ഈ കേസിലെയും പ്രതികൾ. വെടിവയ്പു കേസിൽ പ്രതികളെ സെഷൻസ് കോടതി വിട്ടയച്ചെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ചാക്കോ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി ശരിവച്ചതോടെ കീഴടങ്ങി.2002ൽ ജയിലിൽ വച്ച് അസുഖബാധിതനായായിരുന്നു ചാക്കോയുടെ മരണം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama