go

നാട് വിറപ്പിച്ച പുള്ളിപ്പുലി കൂട്ടിലായി; ജീവൻ നൽകി ബ്ലാക്കി

1.പുലിയാണു പുള്ളി: പാലക്കാട് മണ്ണാർക്കാട് മൈലാംപാടത്ത് ഒരാഴ്ച മുൻപു വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ പുലർച്ചെ അകപ്പെട്ട പുള്ളിപ്പുലി. 2. പുലിയെ ആകർഷിക്കാൻ കൂട്ടിൽ കെട്ടിയിരുന്ന ‘ബ്ലാക്കി’. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
SHARE

മണ്ണാർക്കാട് ∙ ഒരു മാസത്തോളമായി മൈലാംപാടം നിവാസികളുടെ ഉറക്കംകെടുത്തിയ പുലികളിൽ ഒരെണ്ണം പിടിയിലായി. മൈലാംപാടം ക്വാറിക്കു സമീപം ബേബി ഡാനിയേലിന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ വെള്ളിയാഴ്ച വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലർച്ചെ പുള്ളിപ്പുലി കുടുങ്ങിയത്. രാവിലെ ആറിനാണു പുലി കൂട്ടിലായ വിവരം നാട്ടുകാർ അറിഞ്ഞത്.

ഉടൻ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫിസിൽ വിവരമറിയിച്ചു. അരമണിക്കൂറിനകം സ്ഥലത്തെത്തിയ വനംവകുപ്പ് നാട്ടുകാരുടെ സഹായത്തോടെ കൂട് സഹിതം മിനിലോറിയിൽ പുലിയെ ഡിഎഫ്ഒ ഓഫിസിലെത്തിച്ചു. രാത്രി വൈകി പുലിയെ പറമ്പിക്കുളം വനമേഖലയിലേക്കു കൊണ്ടുപോയി. നേരത്തെ മുക്കാലി സൈലന്റ്‌വാലി പ്രദേശത്ത് തുറന്നുവിടാൻ ആലോചന ഉണ്ടായിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് ഉൾപ്പെടെ സംഘടനകളും ജനപ്രതിനിധികളും പ്രതിഷേധം അറിയിച്ചതോടെ തീരുമാനം മാറ്റി.

പുലിക്ക് ഏകദേശം എട്ടു വയസ്സ് ഉണ്ടാകുമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. ഡിഎഫ്ഒ കെ.കെ. സുനിൽകുമാർ, സൈലന്റ്‌വാലി വൈൽഡ് ലൈഫ് വാർഡൻ സാമുവൽ വി. പച്ചൗ, റേഞ്ച് ഓഫിസർ യു. ആഷിഖ് അലി, ഫോറസ്റ്റർ പി. മോഹനകൃഷ്ണൻ, റാപിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിലാണു പുലിയെ പിടികൂടിയത്.

കുമരംപുത്തൂർ പഞ്ചായത്ത് പരിധിയിലാണ് ഇന്നലെ പുലി കുടുങ്ങിയത്. ഒരാഴ്ച മുൻപു രണ്ടു കിലോമീറ്റർ അകലെ കോട്ടോപ്പാടം പഞ്ചായത്തു പരിധിയിലെ മേക്ലപ്പാടത്ത് ഒരു വീട്ടിലെ 6 ആടുകളെ പുലി കൊന്നിരുന്നു. ഇതേത്തുടർന്ന് അവിടെ 5 ദിവസത്തോളം കൂട് സ്ഥാപിച്ചെങ്കിലും പുലിയെ കുടുക്കാനായില്ല. പിന്നീട് നാട്ടുകാർ ഇടപെട്ടാണു കഴിഞ്ഞ വെള്ളിയാഴ്ച കൂട് മൈലാംപാടത്തേക്കു മാറ്റിയത്.

ജീവൻ നൽകി ബ്ലാക്കി

മണ്ണാർക്കാട് ∙ നാടിനെ വിറപ്പിച്ച പുള്ളിപ്പുലി കൂട്ടിലായതിന്റെ ആശ്വാസത്തിലും ഇന്നലെ മൈലാംപാടം സ്വദേശികൾ ദുഃഖിതരായിരുന്നു. പുലിയെ ആകർഷിക്കാൻ കൂട്ടിൽ കെട്ടിയിരുന്ന ‘ബ്ലാക്കി’യുടെ വിയോഗമാണ് നാടിനു തീരാ വേദനയായത്. മൈലാംപാടം സ്വദേശി കരീം മണ്ണുമ്മൽ ആറു മാസം മുൻപ് കോഴിക്കോട്ടു നിന്നു കൊണ്ടുവന്ന ലാബ്രഡോർ ഇനം നായയാണു പുലിക്ക് ഇരയായത്. നാട്ടിൽ നിന്നു പിടികൂടിയ ഒരു നായയെയാണു കൂട് സ്ഥാപിച്ചപ്പോൾ അതിൽ കെട്ടിയിരുന്നത്. എന്നാൽ പുലി കുടുങ്ങാതിരുന്നതോടെ പുലിയെ ആകർഷിക്കാൻ പാകത്തിലുള്ള മറ്റൊരു നായയ്ക്കു വേണ്ടി അന്വേഷണമായി.

തുടർന്ന് കൂട് സ്ഥാപിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ ബേബി ഡാനിയേലിന്റെ വീട്ടിലെ ജർമൻ ഷെപ്പേഡിനെ നാലു ദിവസത്തോളം കൂട്ടിൽ കെട്ടി. പിന്നീടാണു ബ്ലാക്കിയെ കെട്ടാൻ തീരുമാനിച്ചത്. നായയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നതായും ഇന്നലെ രാവിലെ നായയ്ക്കുള്ള പാലുമായി എത്തിയപ്പോഴാണു പുലി കൂട്ടിൽ കുടുങ്ങിയതായും നായ ചത്തുകിടക്കുന്നതായും കണ്ടതെന്നും കരീം പറയുന്നു. ആറായിരം രൂപ മുടക്കി വാങ്ങിയ നായയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നു കരീം ആവശ്യപ്പെട്ടു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama