go

പെരിയാർ, ഭാരതപ്പുഴ, പമ്പ... ഈ നദികൾക്കെല്ലാം ഇപ്പോൾ എന്തുപറ്റി ?

മൂന്നാഴ്‌ച മുൻപുവരെ തീരങ്ങളെ മുഴുവൻ തട്ടിയുണർത്തി, ചുഴിയും മലരിയും ശക്തമായ ഒഴുക്കുകൊണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തിയ പമ്പാനദി ഇന്ന് വറ്റി വരണ്ട് ഒരു വശം ചേർന്ന് ഒഴുകുന്നു. പത്തനംതിട്ട ചെറുകോൽ വാഴക്കുന്നം നീർപ്പാലത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: അരവിന്ദ് വേണുഗോപാൽ
SHARE

പത്തനംതിട്ട∙ ആരും ക്ഷണിക്കാതിരുന്നിട്ടും വീടിനകത്തു വരെ കയറി വന്നു ഭീതി പരത്തി ഒഴുകിയ പമ്പാ നദി ഇപ്പോൾ ഒന്നും അറിയാത്തതു പോലെ ശാന്തമായി പുഴയുടെ ഓരം ചേർന്ന് ഒഴുകുന്നു. വറ്റിവരണ്ടുള്ള പുഴയുടെ ഒഴുക്കു കണ്ടാൽ ഈ പുഴയായിരുന്നോ മൂന്നാഴ്ച മുമ്പ് രൗദ്രഭാവം പൂണ്ട് ആക്രമിക്കാനെത്തിയത് എന്നു തോന്നിപ്പിച്ചു പോകും. ഇത് പമ്പാ നദിയുടെ കാര്യം മാത്രമല്ല, സംസ്ഥാനത്തെ മിക്ക നദികളും ഇതേ അവസ്ഥയിലാണ്. പുഴകളിലെ ജലനിരപ്പു താഴ്ന്നതോടെ കിണറുകളിലും വെള്ളം വറ്റി അങ്ങു താഴെയെത്തി.

മൂന്നാഴ്‌ച മുൻപുവരെ തീരങ്ങളെ മുഴുവൻ തട്ടിയുണർത്തി, ചുഴിയും മലരിയും ശക്തമായ ഒഴുക്കുകൊണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തിയ പമ്പാനദി ഇന്ന് വറ്റി വരണ്ട് ഒരു വശം ചേർന്ന് ഒഴുകുന്നു. പത്തനംതിട്ട ചെറുകോൽ വാഴക്കുന്നം നീർപ്പാലത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: അരവിന്ദ് വേണുഗോപാൽ

പ്രളയകാലത്ത് കരകവിഞ്ഞൊഴ‍ുകിയ ഭാരതപ്പുഴയാണെങ്കിൽ വേനൽക്കാലത്തെ ഓർമിപ്പിച്ചാണ് വറ്റിവരണ്ടൊഴുകുന്നത്. തൃശൂർ ജില്ലയുടെ ഒരുഭാഗം ഒന്നാകെ മുക്കിക്കളഞ്ഞ ചാലക്കുടിപ്പുഴയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞു. എറണാകുളം ജില്ലയുടെ പല മേഖലകളെയും പ്രളയത്തിലാക്കിയ പെരിയാറിൽ ജലനിരപ്പ് തീരെയില്ല. പമ്പാനദി തകർത്തൊഴുകിയ ത്രിവേണിയിൽ ഇപ്പോൾ വെള്ളം രണ്ടടിയോളം മാത്രം. കേരളത്തിലെ എല്ലാ നദികളിലും ഇപ്പോൾ ഇതാണവസ്ഥ. മഴ തോരും വരെ നിറഞ്ഞൊഴുകിയ നദികൾ ഇരുട്ടി വെളുത്തപ്പോൾ മെലിഞ്ഞുപോയി. കേരളത്തിലെ പ്രധാന നദികളുടെ അവസ്ഥ ഇങ്ങനെ:

മൂന്നാഴ്‌ച മുൻപുവരെ തീരങ്ങളെ മുഴുവൻ തട്ടിയുണർത്തി, ചുഴിയും മലരിയും ശക്തമായ ഒഴുക്കുകൊണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തിയ പമ്പാനദി ഇന്ന് വറ്റി വരണ്ട് ഒരു വശം ചേർന്ന് ഒഴുകുന്നു. പത്തനംതിട്ട ചെറുകോൽപുഴയിൽ നിന്നുള്ള കാഴ്ച. ചിത്രം: അരവിന്ദ് വേണുഗോപാൽ

പെരിയാർ 

എറണാകുളം ജില്ലയുടെ പല മേഖലകളെയും പ്രളയത്തിൽ മുക്കിയ പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ സെപ്റ്റംബറിലേക്കാൾ 10 സെന്റീമീറ്ററോളം താഴ്ന്നു. വേലിയിറക്ക സമയത്തു പതിവിലും കൂടുതൽ വെള്ളമാണു കായലിലേക്കൊഴുകുന്നത്. മാലിന്യം അടിഞ്ഞുകൂടിയതിനാൽ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിന്റെ 24 ഷട്ടറുകളിൽ 21 എണ്ണവും അടയ്ക്കാൻ കഴിയാത്തതും ജലനഷ്ടത്തിനു കാരണമാകുന്നു.

മുട്ടൊപ്പം പുഴ: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ആലുവ മണപ്പുറത്തിനു സമീപം പെരിയാറിൽ രൂപപ്പെട്ട മണൽത്തിട്ട. പുഴയിൽ കക്ക പെറുക്കാനിറങ്ങിയ അജ്മൽ, നവാസ് എന്നിവർക്ക് വെള്ളം കുറഞ്ഞതിനെത്തുടർന്ന് പുഴയുടെ മധ്യത്തിലൂടെ നടന്നു പേകാനായി. പ്രളയത്തിനു മുൻപ് ഇവിടെ 20 അടിയോളം ആഴമുണ്ടായിരുന്നു.

ചില ഭാഗങ്ങളിൽ അൽപം നീന്തിയും ശേഷിച്ച ഭാഗം നടന്നും പുഴ കുറുകെ കടക്കാമെന്ന സ്ഥിതിയാണിപ്പോൾ. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലമൊഴുക്കുന്നത് അവസാനിപ്പിച്ചതോടെ വള്ളക്കടവു മുതൽ അയ്യപ്പൻകോവിൽ വരെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചതോടെ ചെറുതോണി മുതൽ ലോവർപെരിയാർ വരെ പെരിയാറിന്റെ ഭാഗം വറ്റി. സാധാരണ നിലയിൽ വേനൽക്കാലത്തിന്റെ ആരംഭം വരെ ഇവിടെ നീരൊഴുക്കുള്ളതാണ്. 

ഭാരതപ്പുഴ 

ഭാരതപ്പുഴയിൽ പലയിടത്തും വേനൽക്കാലത്തിനു സമാനമായി ചാലുപോലെയാണ് നീരൊഴുക്ക്. തടയണ ഇല്ലാത്ത േമഖലകളിലെല്ലാം മണൽ തെളിഞ്ഞു. പൈങ്കുളം വാഴാലിപ്പാടം-മാന്നന്നൂർ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഉരുക്കു തടയണയുടെയും ചെറുതുരുത്തിയിലെ പുതിയ തടയണയുടെയും മണ്ണ് ഒലിച്ചുപോയതുകാരണം ഇവിടങ്ങളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഷൊർണൂർ ഭാഗത്ത് നീരൊഴുക്കുപോലും നിലച്ചു. ഈ ഭാഗങ്ങളിൽ പുഴ കരകവിഞ്ഞ് ഒഴുകിയതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരുന്നു.

ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ ഭാരതപ്പുഴ. മലപ്പുറം തിരുനാവായ ചെമ്പിക്കലിൽനിന്നുള്ള കാഴ്ച.

പമ്പ 

ഡിസംബർ– ജനുവരി മാസത്തെ ജലനിരപ്പ് മാത്രമേ ഇപ്പോൾ പമ്പയിലുള്ളൂ. വേനൽക്കാലത്തുള്ളതു പോലെ നദിയിൽ മണൽപ്പുറം തെളിഞ്ഞു. ത്രിവേണിയിൽ പോലും രണ്ടടിയിൽ താഴെയാണു വെള്ളം. പരന്നൊഴുകിയിരുന്ന പമ്പാനദി ഇപ്പോൾ വശം ചേർന്നാണ് ഒഴുകുന്നത്. ചെങ്ങന്നൂരിലെ ‌മിത്രപ്പുഴക്കടവിലും പാറക്കടവിലും ഒരടിയോളം ജലനിരപ്പ് താഴ്ന്നു.

ചാലക്കുടിപ്പുഴ

തൃശൂർ ജില്ലയിലേറ്റവും പ്രളയക്കെടുതി സൃഷ്ടിച്ച ചാലക്കുടിപ്പുഴയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞു. കരയിലേക്ക് അഞ്ചുകിലോമീറ്ററോളം പരന്നൊഴുക‍ിയ ആറഞ്ഞാലിയിൽ വെള്ളം വറ്റി മൈതാനം പോലെ മണൽത്തിട്ട രൂപപ്പെട്ടു. ഡാമുകളിൽ നിന്നു പുഴയിലേക്കു വെള്ളമെത്തുന്നതു കുറഞ്ഞതും പുഴയ്ക്കു വീതി കൂടിയതും ഗർത്തങ്ങൾ രൂപപ്പെട്ടതും ജലനിരപ്പു താഴാനിടയാക്കി. മണലെടുപ്പിൽ രൂപപ്പെട്ട വലിയ കുഴികളിലൂടെ മാത്രമാണ് ഇപ്പോൾ വെള്ളമൊഴുക്ക്.  

∙ അച്ചൻകോവിലാറ്റിൽ വെള്ളം കുറഞ്ഞു. കര തെളിഞ്ഞു തുടങ്ങി. 

∙ മണിമല, കല്ലട ആറുകളിലെ ജലനിരപ്പ് താഴ്ന്നു. 

∙ മൂന്നാറിൽ കരകവിഞ്ഞൊഴുകിയ കന്നിയാറും നല്ലതണ്ണിയാറും ചേരുന്ന ഭാഗത്ത് ജലനിരപ്പിൽ വലിയ കുറവ്.  

∙ കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നുവിട്ടതോടെ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന കല്ലടയാറിൽ ഇപ്പോൾ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നു. 

∙ ശാസ്താംകോട്ട കായലിൽ ജലനിരപ്പിൽ കുറവ്.

∙ കൊല്ലം ജില്ലയിലെ കല്ലടയാറ്റിൽ സമുദ്ര നിരപ്പിനേക്കാൾ രണ്ടടിയോളം ജലനിരപ്പ് താഴ്ന്നു. 

∙ കോഴിക്കോട് ജില്ലയിൽ ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ, പൂനൂർ പുഴ എന്നിവയിൽ വെള്ളം താഴ്ന്നു.   

∙ കണ്ണൂ‍ർ ജില്ലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതിമാറി ഒഴുകിയ ബാവലി പുഴയിലും ബാരാപ്പുഴയിലും ജലനിരപ്പു വേനൽക്കാലങ്ങളിലെന്നപോലെ താഴ്ന്നു.  

∙ കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് നാലടിയോളം താഴ്ന്നു.  

∙ മലപ്പുറം ജില്ലയിൽ കടലുണ്ടിപ്പുഴയിൽ തിരൂരങ്ങാടി, പരപ്പനങ്ങാടി, ഭാഗങ്ങളിൽ ഏഴടിയോളം വെള്ളം താഴ്ന്നു. 

∙ വേമ്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം സാധാരണ ജലനിരപ്പ് 0.9 മീറ്റർ ആണ്. പ്രളയദിനങ്ങളിൽ 2.11 മീറ്റർ വരെ ഉയർന്നിരുന്നു. ഇന്നലെ ഇത് 0.7 മീറ്റർ ആയി കുറഞ്ഞു. സാധാരണ ജലനിരപ്പിനെക്കാൾ 20 സെന്റീമീറ്റർ കുറവ്. 

∙ പ്രളയത്തിൽ ഏറെ നാശനഷ്ടം സൃഷ്ടിച്ച, തൃശൂർ ജില്ലയിലെ കരുവന്നൂർപ്പുഴയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. 

വരൾച്ചയ്ക്ക് മുന്നറിയിപ്പ് : ഡോ. അനു മേരി ഫിലിപ്, (അസി. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്) 

വരാനിരിക്കുന്ന വരൾച്ചയുടെ മുന്നറിയിപ്പാണിത്. അതിവൃഷ്ടി മൂലം ഉയർന്ന പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും മേൽമണ്ണിന്റെ ഒലിച്ചുപോക്കും നദികളിലാണ് എത്തിയത്. ഈ മണ്ണും ചെളിയും നദികളുടെ അടിയിലും തീരത്തുമുള്ള മണലുമായി ചേർന്ന് കോൺക്രീറ്റ് പോലെ കട്ടിയുള്ളതായിത്തീരുന്നു. മണ്ണിന്റെ ഭൗതിക, രാസ, ജൈവിക സ്വഭാവങ്ങളിൽ ഇതു മാറ്റമുണ്ടാക്കി. ഉൽപാദനക്ഷമത, പോഷകനില, ജലാഗിരണശേഷി എന്നിവയെയൊക്കെ ഇതു ബാധിക്കുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മണ്ണിലെ ജൈവാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷി കുറയുന്നതും ഭൂജലനിരപ്പ് കുറയുന്നതിന് കാരണമായി. പമ്പാനദിയിലും തീരങ്ങളിലും ചിലയിടങ്ങളിൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ഇപ്രകാരം നദിയുടെ അടിത്തട്ട് ഉയർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നദിയിലെയും കിണറുകളിലെയും  ജലനിരപ്പ് അസ്വാഭാവികമാം വിധം താഴുന്നുണ്ട്.   

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama