go

അടൂരിലേത് ഭൂകമ്പമല്ല; പ്രകമ്പനവും ഇരുത്തലും; ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം പഠനം നടത്തും

Pathanamthitta Earthquake
SHARE

പത്തനംതിട്ട ∙ മഹാപ്രളയം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ആശങ്ക ഉണർത്തി ഭൂചലനവും. അടൂരിലും അയൽ ജില്ലകളിലുമാണ് കഴിഞ്ഞ ദിവസം പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ, അടൂരിലെ പ്രകമ്പനത്തിനു ഭൂചലനവുമായി ബന്ധമില്ലെന്നു കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം (എൻസെസ്) വ്യക്‌തമാക്കി. ഇതു സംബന്ധിച്ചു പഠനം നടത്താൻ ഒരുങ്ങുകയാണെന്നും ജിയോളജി വിഭാഗം ഗവേഷകൻ ഡോ. വി. നന്ദകുമാർ പറഞ്ഞു. പ്രളയത്തിനു ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായ ചെറുചലനം മാത്രമായതിനാലാണ് ഇത് രേഖപ്പെടുത്താതെ പോയത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും.

പക്ഷേ, അടൂരിലെ ചലനം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, പമ്പ, പെരിയാർ നദികളുടെ ഭ്രംശമേഖലകളിലും സമാന ചലനങ്ങൾക്കു സാധ്യതയുണ്ടോ എന്ന കാര്യം പഠനവിധേയമാകണമെന്ന് ഭൗമശാസ്‌ത്ര കേന്ദ്രം മുൻ ശാസ്‌ത്രജ്‌ഞനായ ഡോ. കെ. സോമൻ പറഞ്ഞു. സംസ്‌ഥാനത്തെ ഡാമുകളെല്ലാം മഴയിൽ നിറഞ്ഞതോടെ ഭൂഗർഭപാളികളിന്മേലുള്ള സമ്മർദം പെരുകി വിവിധ നദികളുടെ അടിയിലൂടെ പോകുന്ന ഭ്രംശമേഖലകളെ സജീവമാക്കിയിട്ടുണ്ടാകാം. ഇതാവാം പ്രകമ്പനമായി പുറത്തുവന്നത്. ഇത്തരം ചെറുചലനങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തത് ആശങ്ക ഉണർത്തുന്നതായി ഡോ. സോമൻ പറഞ്ഞു.

അടൂർ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമോ തോതോ കണ്ടുപിടിക്കാൻ ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രത്തിനോ ഭൗമശാസ്‌ത്ര കേന്ദ്രത്തിനോ കഴിഞ്ഞിട്ടില്ല. റിക്‌ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ളവ അളക്കാൻ സംസ്‌ഥാനത്ത് സംവിധാനമില്ല. ഭൗമശാസ്‌ത്ര കേന്ദ്രത്തിനും വൈദ്യുതി ബോർഡിനും ഭൂകമ്പമാപിനികളുണ്ട്. ദുരന്തനിവാരണ വകുപ്പാണ് ഇത് ഏകോപിപ്പിക്കുന്നത്. ഡാം നിറയുമ്പോൾ ഭൂഗർഭപാളികളിൽ ഉണ്ടാകുന്ന സമ്മർദഫലമായുണ്ടാകുന്ന ആന്ദോളനമാണ് പലപ്പോഴും പ്രകമ്പന തരംഗമായി പുറത്തുവരുന്നത്. വിടവുകളിലൂടെ വെള്ളം താഴേക്കുപോകാമെന്നതിനാൽ ഭൂഗർഭജല ലഭ്യതയെ വരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

ഡാമുകൾ ഏറെയുള്ള ഇടുക്കിയിൽ മാത്രം 278 മണ്ണിടിച്ചിലുണ്ടായി. ബാക്കി പത്തനംതിട്ടയിലും. പശ്‌ചിമഘട്ടത്തിൽ 412 ഇടത്ത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും അതുവഴി മഹാപ്രളയത്തിനും കാരണമായ അസാധാരണ പ്രതിഭാസങ്ങൾക്കു പിന്നിൽ കാട്ടിനുള്ളിൽ സംഭവിച്ച നേരിയ ഭൂചനലനങ്ങളുടെ കാണാക്കൈകളായിരുന്നോ എന്ന കാര്യവും ശാസ്‌ത്രലോകം ചർച്ച ചെയ്‌തു തുടങ്ങി. ഇതു നിരീക്ഷിക്കാൻ ഭൂകമ്പമാപിനികളുടെ ശൃംഖല സ്‌ഥാപിക്കണമെന്നും ഡോ. സോമൻ നിർദേശിച്ചു.

ഗുജറാത്ത് മുതൽ പാലക്കാട് ചുരം വരെയുള്ള പ്രദേശമാണ് സഹ്യപർവതം. എല്ലാം സഹിക്കാനുള്ള ഉറപ്പ് അതിനുണ്ട്. അതിനു തെക്കോട്ട് സത്യത്തിൽ മലയപർവതമാണ്. മണ്ണിളക്കമുള്ള അത്ര ശക്‌തമല്ലാത്ത ഭൂഘടന. നദികളും അതിനു താഴെക്കൂടി ഭൂവിള്ളലുകളുമുണ്ട്. ഇതിൽ ഡാമുകളുടെ ശൃംഖലതന്നെയുണ്ട്. ഇത് ആനമലയ്‌ക്കും തെന്മലയ്‌ക്കും ഇടയിൽ സമീപകാലത്ത് ചെറുചലനങ്ങൾ വർധിക്കാൻ കാരണമാകുന്നോ എന്ന സംശയമാണ് ചില ഭൗമഗവേഷകർ പങ്കുവയ്‌ക്കുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama