പഴവങ്ങാടി ∙ മുകളിൽ നിന്നും എന്നത്തേക്കു കൃഷിഭവൻ താഴേക്കിറങ്ങും? വയോധികരായ കർഷകരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ജീവനക്കാർക്കു കഴിയുന്നില്ല. പ്രളയത്തിൽ മുങ്ങിയ പഴവങ്ങാടി കൃഷിഭവന്റെ സ്ഥിതിയാണിത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ഇരുനില കെട്ടിടത്തിലാണു കൃഷിഭവൻ പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലായിരുന്നു ഓഫിസ്. ഓഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിൽ കൃഷിഭവനിൽ വെള്ളം കയറിയിരുന്നു. രേഖകളും ഫർണീച്ചറുകളുമെല്ലാം നശിച്ചു.
പ്രളയാനന്തരം ഓഫിസിൽ കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. കഴുകി വൃത്തിയാക്കിയെങ്കിലും ഓഫിസിന്റെ പ്രവർത്തനം ഇവിടെ തുടരാൻ പറ്റാത്ത സ്ഥിതി നേരിട്ടു. രണ്ടാം നിലയിൽ ടിൻ ഷീറ്റിട്ടു പണിത മേൽക്കൂരയ്ക്കു കീഴിലായി ഓഫിസിന്റെ പ്രവർത്തനം. പ്രളയം കഴിഞ്ഞു മൂന്നര മാസം പിന്നിട്ടിട്ടും താഴത്തെ നിലയിലേക്ക് ഓഫിസ് മാറ്റിയിട്ടില്ല. നശിച്ച രേഖകളിൽ കുറെയൊക്കെ ഉണക്കിയെടുത്തു.
ഭിത്തികൾക്ക് ഇപ്പോഴും നനവാണെന്നാണ് ഓഫിസ് മാറ്റി സ്ഥാപിക്കാത്തതിനു കാരണമായി പറയുന്നത്. പ്രളയത്തിൽ താലൂക്കിലെ ഒട്ടേറെ ഓഫിസുകളിൽ വെള്ളം കയറിയിരുന്നു. അവയെല്ലാം അതേ സ്ഥാനത്തു പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കൃഷിഭവൻ രണ്ടാം നിലയിലേക്കു മാറ്റിയതിനാൽ പ്രായമായവർക്കു കയറിയിറങ്ങാൻ ബുദ്ധിമുട്ടാണെന്നാണു പരാതി.